മലകളിൽ നിന്നുത്ഭവിക്കുന്ന പുഴകൾ ഒഴുകിയൊഴുകി സമുദ്രത്തിലലിഞ്ഞു ചേരുമെന്ന് മാഷ് പറഞ്ഞപ്പോഴേ തുടങ്ങിയതാണ് അഖിൽരാജിന്റെ കടൽപ്രേമം. ആ നിമിഷം കടൽ എന്ന സ്വപ്നം അഖിന്റെ ഹൃദയത്തിൽ അലയടിക്കാൻ തുടങ്ങി. വിശാലമായ കടൽത്തീരം സ്വന്തമായുള്ള തിരുവനന്തപുരം ജില്ലക്കാരനാണെങ്കിലും ഒരിക്കൽ പോലും കടൽ കണ്ടിട്ടില്ലാത്ത മലയോരക്കാരനായിരുന്നു അവൻ. അന്നുമുതൽ വെള്ളറടയ്ക്കടുത്ത് തുടലി എന്ന മലയോരഗ്രാമത്തിലിരുന്ന് അവൻ കടലെന്ന വിസ്മയത്തെ കുറിച്ച് വീണ്ടും വീണ്ടും ഓർത്തു. പൊഴിയൂരെന്ന തീരദേശഗ്രാമങ്ങളിൽ ജനിച്ചുവളർന്ന അമ്മ ക്രിസ്റ്റൽ ബീന പറഞ്ഞുകൊടുത്ത കഥകളിലൂടെ അവൻ കടലമ്മയെയും മത്സ്യകന്യകമാരെയും സ്വപ്നം കണ്ടു. വെറുതേ കണ്ടു മറക്കാനുള്ളതായിരുന്നില്ല ആ കിനാക്കളൊക്കെയും. അന്നുമുതൽ വളർന്നു പന്തലിട്ട കടൽസ്നേഹമാണ് വലിയതുറ റീജണൽ ഫിഷറീസ് സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥിയായി അഖിൽ രാജിനെ എത്തിച്ചത്.
പത്താം ക്ളാസ് പാസായി നിൽക്കുമ്പോൾ പ്ളസ്ടുവിന് ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ അഖിലിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. മറൈൻ ഫിഷറീസ് ആൻറ് സീഫുഡ് പ്രോസസിംഗ് എടുത്തു. വലിയതുറ സ്കൂളിൽ പ്രവേശനം കിട്ടി. തുടലിയിലെ വീട്ടിൽ നിന്ന് മൂന്നുമണിക്കൂറിനടുത്ത് യാത്രയുണ്ട് വലിയതുറയിലേക്ക്. വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ സ്കൂളിൽ ഹോസ്റ്റലുണ്ടാകുമെന്നും താമസം അവിടെയാകാമെന്നുമായിരുന്നു കരുതിയത്. അവിടെയെത്തിയപ്പോഴാണ് ഹോസ്റ്റൽ സംവിധാനം ഇല്ലെന്ന് മനസിലായത്. സഹപാഠികളെല്ലാവരും കടലിന്റെ മക്കൾ. തൊട്ടടുത്തുള്ള തുറകളിൽ നിന്നുള്ളവർ. അങ്ങനെയല്ലാത്ത ഒരേ ഒരാൾ അഖിൽരാജ് മാത്രം. ഉള്ളിൽ എന്തുചെയ്യണമെന്ന് ആശങ്കയുടെ തിരയടിച്ചുയർന്നെങ്കിലും അതൊന്നും ആഗ്രഹത്തെ അടക്കി നിറുത്തിയില്ല. ആദ്യദിനങ്ങളിൽ അമ്മ ക്രിസ്റ്റൽ ബീനയും അഖിൽരാജിനൊപ്പം സ്കൂളിൽ പോയി. ക്ളാസ് കഴിയുന്നതുവരെ സ്കൂൾ വരാന്തയിൽ അമ്മ കാത്തിരുന്നു. രണ്ടാഴ്ചയെടുത്തപ്പോഴാണ് ഒറ്റയ്ക്ക് മകനെ അയയ്ക്കാനുള്ള ധൈര്യമുണ്ടായതെന്ന് ക്രിസ്റ്റൽ ബീന പറയുന്നു. പൊഴിയൂരുകാരിയാണെങ്കിലും തന്റെ പാവം അമ്മയ്ക്ക് കടലിനെ പേടിയായിരുന്നെന്ന് അഖിൽരാജ്. പുലർച്ചെ നാലരയ്ക്ക് എഴുന്നേറ്റ് റെഡിയാകണം. അഞ്ചരയ്ക്കാണ് തിരുവനന്തപുരത്തേയ്ക്ക് ബസ്. ഏഴരയാകുമ്പോൾ കിഴക്കേക്കോട്ടയിലെത്തും. അവിടെ നിന്ന് നേരെ വലിയതുറയിലേക്ക്.
ഒമ്പതുമണിക്ക് അദ്ധ്യയനം ആരംഭിക്കും. ആദ്യദിനങ്ങളിലുണ്ടായിരുന്ന പേടി പിന്നെപ്പിന്നെ കൗതുകത്തിന് വഴിമാറിയെന്ന് അഖിൽ പറഞ്ഞു. നീണ്ടുനീണ്ടു പോകുന്ന സ്കൂളിലേക്കുള്ള യാത്രയൊന്നും കടൽ സ്നേഹത്തിൽ ഒരു തുള്ളി പോലും കുറഞ്ഞില്ല. സ്കൂളിലെത്തി ഒരാഴ്ച കഴിഞ്ഞാണ് മഹാസംഭവമുണ്ടായത്. ആദ്യമായി കടൽ കണ്ടു, കൂട്ടുകാരോടൊപ്പം. നീണ്ടു പരന്നു കിടക്കുന്ന അപൂർവമായ വിശാലലോകം. കാൽ തൊടാൻ കൊതിയോടെ ആർത്തിരമ്പിയെത്തുന്ന തിരമാലകൾ ഒറ്റനോട്ടത്തിൽ അമ്പരപ്പിച്ചു. കണ്ടുകൊണ്ടിരിക്കെ കടൽ തന്നെ നോക്കി സന്തോഷത്തോടെ പൊട്ടിച്ചിരിച്ചതു പോലെയുള്ള അനുഭവമായിരുന്നു അഖിലിന്. അതോടെ പഠനത്തിലുള്ള ആവേശം ഇരട്ടിച്ചു. വിവിധതരം മീനുകൾ, വലകൾ, മത്സ്യസംസ്കരണം. അങ്ങനെയങ്ങനെ ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ. പഠനം അത്യാഹ്ളാദം പകർന്നപ്പോൾ വീട്ടിലെ സാമ്പത്തികപ്രശ്നങ്ങൾ ഇടയ്ക്ക് ആ സന്തോഷത്തിന്റെ നിറം കെടുത്താനെത്തി. അഖിലിന്റെ യാത്രാച്ചെലവിന് തന്നെ ഒരു തുക വേണം, നീണ്ട യാത്രയാണ് അങ്ങോട്ടും ഇങ്ങോട്ടും. പുസ്തകങ്ങൾക്കും മറ്റു പഠനച്ചെലവുകൾക്കും വേറെ. റബർ ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ സാധുരാജിന് കൂട്ടിയാൽ കൂടുന്നതൊന്നുമായിരുന്നില്ല ഈ ചെലവുകൾ.
വർദ്ധിച്ചു വരുന്ന സ്കൂൾ ചെലവുകൾ അഖിൽരാജിനെ ഒരു തീരുമാനത്തിലെത്തിച്ചു. എങ്ങനെയും പഠനച്ചെലവുകൾക്കാവശ്യമായ പണം കണ്ടെത്തുക തന്നെ വേണം. അതിനായി പിന്നീടുള്ള ശ്രമം. അപ്പോൾചില സാധനങ്ങൾ കാട്ടാക്കടയിൽ നിന്ന് വാങ്ങി സമീപവീടുകളിലൊക്കെ വിൽക്കുന്ന ജോലി അമ്മ തുടങ്ങി. ഊട്ടിയിൽ നിന്ന് കൊണ്ടുവരുന്ന തേയിലയും സ്വയംസഹായ യൂണിറ്റുകൾ നിർമ്മിക്കുന്ന സോപ്പുമൊക്കെയായിരുന്നു വിൽപ്പന. അതുകണ്ടപ്പോഴാണ് അഖിൽരാജിന് ആ ഐഡിയ തോന്നിയത്. സോപ്പ് സ്വയം നിർമിച്ചാലെന്താ. അതിനുവേണ്ട സാധനങ്ങൾ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് സോപ്പുണ്ടാക്കിത്തുടങ്ങി. പത്താം ക്ലാസ് വിദ്യാർഥിയായ അനുജൻ ആഷിഷ് രാജും സഹായിക്കും.
''ചേട്ടന്റെ സോപ്പിന് ഇപ്പോൾ പേരില്ല. പക്ഷേ നാളെ പേരുണ്ടാവും. അഖിൽസോപ്പ് പ്രശസ്തമാകും."" അനുജൻ ആഷിഷ് രാജിന്റെ ചൂണ്ടിൽ ചിരി വിരിയുന്നു. അത്ര ആത്മവിശ്വാസമുണ്ട് ആ വാക്കുകളിൽ. ജീവിക്കാനാണ് സ്കൂൾ സഞ്ചിയിൽ തേയിലയും സോപ്പും അഖിലും കരുതി വയ്ക്കാൻ തുടങ്ങിയത്. രാവിലെ ഏഴരയ്ക്ക് കിഴക്കേക്കോട്ടയിലെത്തിയാൽ അരമുക്കാൽ മണിക്കൂർ സമയം കിട്ടും. ആ സമയത്ത് തെരുവിൽ നിന്ന് ഈ സാധനങ്ങൾ വിൽക്കും. ഏറെപ്പേരും നിരസിക്കുമെങ്കിലും ചിലരൊക്കെ വാങ്ങും. വൈകുന്നേരം തമ്പാനൂർ ബസ് സ്റ്റാൻഡിലും ഇത് തുടർന്നു. ചില ദിവസങ്ങളിൽ ശംഖുംമുഖത്തും.അത്യാവശ്യം ചെലവിനുള്ള തുക ലഭിക്കുമെന്ന അവസ്ഥയായി. അഖിൽരാജിെൻറ ജീവിതം മനസിലാക്കിയ അദ്ധ്യാപകരും പ്രോത്സാഹിപ്പിച്ചു. ഇനി ഒരു മോഹമാണ് മനസിലുള്ളത്.
പനങ്ങാട് ഫിഷറീസ് കോളേജിൽ ഡിഗ്രിക്ക് ചേരണം. എൻട്രൻസ് എഴുതണം പ്രവേശനം കിട്ടാൻ അതിനുള്ള പരിശ്രമത്തിലാണ്. ഇതിനിടയ്ക്ക് ട്യൂഷനും ചേർന്നു. ട്യൂഷൻ ഫീസ് അഖിൽ രാജ് തന്നെ കണ്ടെത്തുന്നു. കടൽ ആവേശമാണെങ്കിലും നീന്താനറിയില്ല എന്ന വിഷമമുണ്ട്. സഹപാഠികളോടൊപ്പം ഒരു ദിവസം മീൻ പിടിക്കാൻ പോകണമെന്ന് ആഗ്രഹമുണ്ട്. സ്കൂബാ ഡൈവിംഗും പരിശീലിക്കണം. കടലിന്റെ അടിത്തട്ടിനെ അടുത്തറിയണം. പഠനം പൂർത്തിയാക്കിയശേഷം മത്സ്യത്തൊഴിലാളികളോടൊപ്പം ചേർന്ന് അവർക്കാവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതും മനസിലുണ്ട്. തെൻറ നാട്ടിലുള്ളവരോടടക്കം പൊതുസമൂഹത്തോട് അഖിലിന് ഒരൊറ്റക്കാര്യമേ പറയാനുള്ളൂ, പ്ളാസ്റ്റിക്കുൾപ്പെടെ മാലിന്യം ഒരിക്കലും പുഴയിലും അരുവിയിലും നിക്ഷേപിക്കരുത്. കടൽ പ്രകൃതിയാണ്. കടലിനെ നോവിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരിക്കലും കടൽ കാണാതെ, കടലിനെ ആഴത്തിലറിയണമെന്ന് ആഗ്രഹിച്ച അഖിലിെൻറ മനസിലെപ്പോഴും കടൽ എന്ന മൂന്നക്ഷരം മാത്രമാണ്.