ഏറ്റുമുട്ടൽ ഗാൽവൻ താഴ്‌വരയിൽ
ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം രൂക്ഷമാക്കി ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിൽ സൈനികർ തിങ്കളാഴ്‌ച രാത്രി ഏറ്റുമുട്ടിയതിൽ ഒരു കേണൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ട ഓഫീസർ. 16 ബീഹാർ ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു. അഞ്ച് ചൈനീസ് ഭടന്മാരും മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ചൈന സ്ഥിരീകരിച്ചിട്ടില്ല.
യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് 14ന് സമീപമാണ് ഏറ്റുമുട്ടിയത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുപക്ഷത്തും നിരവധി സൈനികർക്ക് പരിക്കേറ്റു. ഇന്ത്യൻ കേണലിനെ ചൈനീസ് പട്ടാളക്കാർ കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. ഇന്ത്യൻ പട്ടാളക്കാർ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ അർദ്ധരാത്രി വരെ നീണ്ടു. ഇരുപക്ഷവും തോക്ക് ഉപയോഗിച്ചിട്ടില്ല. ചൈനീസ് പക്ഷത്തും ആൾനാശമുണ്ടെന്ന് കമ്യൂണിസ്റ്റ് പാർട്ടി പത്രമായ ഗ്ലോബൽ ടൈംസ് എഡിറ്റർ ഇൻ ചീഫ് ഹു ഷിജിൻ ട്വീറ്റ് ചെയ്‌തു.
ഇന്ത്യയും ചൈനയും വൻ പടയൊരുക്കം നടത്തുന്നു എന്നാണ് സൂചന. കര, വ്യോമ സേനാ താവളങ്ങൾക്കു ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സേനാ മേധാവിമാർ എന്നിവരുമായി ചർച്ച നടത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പങ്കെടുത്തു. തുടർന്ന് രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
1975 ഒക്‌ടോബർ 20ന് അരുണാചൽ പ്രദേശിൽ അസാം റൈഫിൾസ് ഭടന്മാരുടെ പട്രോൾ സംഘത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടശേഷം ചൈനീസ് ആക്രമണത്തിൽ നമ്മുടെ ഭടന്മാർ വീരമൃത്യു വരിക്കുന്നത് ഇപ്പോഴാണ്.
നിലവിലെ സംഘർഷം
#മേയ് 5: പാങ്‌ഗോങ് തടാകത്തിന്റെ വടക്കേ കരയിൽ ഇരുപക്ഷത്തെയും 250ലേറെ സൈനികർ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്ക്
#മേയ് 9: വടക്കൻ സിക്കിമിലെ നാകു ലായിലും 150ഓളം സൈനികർ ഏറ്റുമുട്ടി.
# ലഡാക്ക് മുതൽ ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് വരെ നീളുന്ന 3,500 കിലോമീറ്റർ അതിർത്തിയിൽ ഇരുപക്ഷവും സൈനിക സന്നാഹം ശക്തമാക്കി.
# ഗാൽവൻ താഴ്‌വരയിൽ കമാൻഡർതല ചർച്ചകൾ
# ജൂൺ 6:ചർച്ചയ്ക്ക് മുന്നോടിയായി ഗാൽവൻ താഴ്‌വരയിൽ നിന്ന് ഘട്ടംഘട്ടമായി സൈന്യത്തിന്റെ പിൻവാങ്ങൽ
# പട്രോളിംഗ് പോയിന്റുകളായ 14, 15, 17എ, ഗോഗ്ര എന്നിവിടങ്ങളിലും സേനാപിന്മാറ്റം
ചർച്ചകൾ തുടങ്ങി
ഇരുപക്ഷത്തെയും സീനിയർ മിലിട്ടറി ഓഫീസർമാർ ഇന്നലെ രാവിലെ ചർച്ച ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിലും ചർച്ചകൾ തുടങ്ങി. ബീജിംഗിൽ ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവോ ഷാവോസൂയി ഇന്ത്യൻ അംബാസഡർ വിക്രം മിശ്രിയുമായി കൂടിക്കാഴ്‌ച നടത്തി.
ചൈന അതിക്രമിച്ച്
കയറി: ഇന്ത്യ
ചൈനീസ് സൈനികരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖയിൽ അതിക്രമിച്ച് കയറി തത്‌സ്ഥിതി അട്ടിമറിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്. ഉടമ്പടികൾ ചൈന പാലിച്ചിരുന്നെങ്കിൽ ഇരുഭാഗത്തും ആൾനാശമുണ്ടായ സംഭവം ഒഴിവാക്കാമായിരുന്നു. ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. പരമാധികാരവും അഖണ്ഡതയും നിലനിറുത്താൻ രാജ്യം ബാദ്ധ്യസ്ഥമാണ്.