തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ബിഷപ്പ് വിടുതൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ബിഷപ്പിനെതിരെ രഹസ്യ മൊഴികളും തെളിവുമുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയും കേസിൽ കക്ഷി ചേരുന്നതിന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിശദമായ വാദം കേൾക്കുന്നതിന് ഹൈക്കോടതി കേസ് മാറ്റിവച്ചു.
കോട്ടയത്തെ മഠത്തിലേക്കുള്ള യാത്രമധ്യേ 2014 നും 2016നുമിടയിൽ നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്റ്റംബർ 22 ന് അറസ്റ്ര് ചെയ്തിരുന്നു.പിന്നീട് ജാമ്യത്തിലിറങ്ങിയ ബിഷപ്പ് നൽകിയ വിടുതൽ ഹർജി കോട്ടയം അഡിഷണൽ ജില്ലാ കോടതി തള്ളി. തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനെതിരായാണ് സർക്കാരിന്റെ വാദം.