trump

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് പുതിയ പുസ്തകം വരുന്നു. ട്രംപിന്റെ മുതിർന്ന സഹോദരനും പരേതനുമായ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകൾ മേരി ട്രംപാണ് പുതിയ പുസ്തകത്തിന്റെ രചയിതാവെന്ന് അമേരിക്കൻ വാർത്താ പ്രസിദ്ധീകരണമായ ഡെയ്ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്തു. റിപ്പബ്ളിക്കൻ പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് ഏതാനും ദിവസം മുമ്പ്,​ ഈ വർഷം ആഗസ്റ്റ് പതിനൊന്നോടെയായിരിക്കും ഈ പുസ്തകം വിപണിയിലെത്തുകയെന്ന് പ്രസാധകരായ സൈമൺ ആന്റ് ഷൂസ്റ്റർ സ്ഥിരീകരിച്ചതായും ഡെയ്ലി ബീസ്റ്റ് വ്യക്തമാക്കി.

'' Too Much and Never Enough : How Our Family Created the Most Dangerous Man in the World ''' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിൽ ട്രംപിനെക്കുറിച്ചുള്ള നിരവധി ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടാവുമെന്നാണറിയുന്നത്. പുസ്തകം ട്രംപ് കുടുംബത്തിന്റെയും രാജ്യത്തിന്റെയും ചരിത്രമാണ്. ഒപ്പം ഇപ്പോഴത്തെ പ്രസിഡന്റ് പ്രതിസന്ധി കാലത്ത് എങ്ങനെ കുടുംബത്തെ കൈവിട്ടു പ്രവർത്തിച്ചു എന്ന നിർണായക വിവരവും ഉണ്ടായിരിക്കും. ഡോണാൾഡ് ട്രംപിന്റെ സഹോദരിയും ഫെഡറൽ ജഡ്ജിയായി വിരമിച്ച മേരിയനാ ട്രംപ് ബാരിയുമായുള്ള സംഭാഷണവും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ന്യൂയോർക്ക് ടൈംസിന് പുലിറ്റ്സർ അവാർഡ് നേടിക്കൊടുത്ത പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നിൽ താനായിരുന്നുവെന്ന് മേരി ട്രംപ് തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ടെന്നും സൂചനയുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും മത്സരിക്കാൻ തയാറായിരിക്കുന്ന ട്രംപിനെ, പുസ്തകം എങ്ങനെയാണ് ബാധിക്കുക എന്ന ആകാംഷയിലാണ് അമേരിക്കയും ലോകവും. അതേസമയം, പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താൻ പ്രസാധകർ തയ്യാറായിട്ടില്ല.