അദ്ധ്യാപകൻ, മാദ്ധ്യമപ്രവർത്തകൻ, ഗവേഷകൻ, ബാലസാഹിത്യകാരൻ, സാഹിത്യ നിരൂപകൻ, ജീവചരിത്രകാരൻ, ഉദ്യോഗസ്ഥൻ എന്നിങ്ങനെ വിവിധ നിലകളിൽ കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി സാഹിത്യ സാംസ്കാരിക രംഗത്തും ഔദ്യോഗിക സേവന രംഗത്തും പ്രതിജ്ഞാ ബദ്ധതയോടെ ഊർജസ്വലമായി പ്രവർത്തിച്ചു വരുന്ന ഡോ. എം.വി തോമസിന്റെ എഴുപത്തിയാറാം ജന്മദിനമാണിന്ന്. പബ്ലിക് റിലേഷൻസ് അഥവാ പൊതുജന സമ്പർക്കം എന്ന വാക്ക് തന്റെ ജീവിതം കൊണ്ട് അന്വർത്ഥമാക്കിയ ആളാണ് ഡോ. എം.വി തോമസ്. കേരള സർക്കാരിന്റെ പി.ആർ.ഡി വകുപ്പിലെ ഈ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് ആ ഉദ്യോഗപ്പെരുമ ഒരിക്കലും ഒരു അലങ്കാരമായിരുന്നില്ല. അദ്ധ്യാപനവൃത്തി ഉപേക്ഷിച്ച് പബ്ലിക് റിലേഷൻസ് വകുപ്പിലെ ജോലി സ്വീകരിക്കാമെന്ന തീരുമാനം; പൊതുജനവുമായി അടുത്തിടപെടാൻ കഴിയുന്നതാണ് പ്രസ്തുത ഉദ്യോഗത്തിന്റെ സാദ്ധ്യതകൾ എന്ന് വളരെ നന്നായി അറിയാവുന്നത് കൊണ്ടു കൂടിയായിരുന്നു. ഉള്ളിലെ ആ കാഴ്ചപ്പാട് തന്നെയാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഫുൾ ടൈം റിസർച്ച് ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കാഡിന് എം.വി തോമസിനെ അർഹനാക്കിയത്.
അദ്ധ്യാപകനായ എം.ഒ വർഗീസ്, സി.ടി. റെയ്ച്ചൽ എന്നിവരുടെ മകനായി 1944 ജൂൺ 21 ന് പത്തനംതിട്ടയിലെ മണ്ണാരകുളഞ്ഞിയിലാണ് എം.വി തോമസ് ജനിച്ചത്. സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ തുടർ പഠനം. ബിരുദ വിദ്യാഭ്യാസത്തിനു ശേഷം13 വർഷത്തോളം പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ മലയാളം അദ്ധ്യാപകനുമായി. അദ്ധ്യാപക വൃത്തിയിൽ മികച്ചു നിൽക്കുമ്പോൾ തന്നെ പത്രപ്രവർത്തകൻ ആകണമെന്ന കലശലായ മോഹം തോമസ് സാറിന്റെ മനസിൽ നാമ്പിട്ടിരുന്നു. ആഗ്രഹങ്ങൾക്ക് അതിരുകളില്ലെന്ന പഴമൊഴി പോലെ അദ്ധ്യാപകനായിരിക്കവെ കാര്യവട്ടത്ത് പത്രപ്രവർത്തനം പഠിച്ചു. ആയിടക്കാണ് കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ മലയാളം പരിഭാഷകന്റെ ഒരു ഒഴിവ് വന്നത്. അസി. ഇൻഫർമേഷൻ ഓഫീസറുടെ ഗ്രേഡിലുള്ള തസ്തികയായിരുന്നതിനാൽ അപേക്ഷിക്കുന്നതിന് രണ്ടാമതൊരുവട്ടം ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെ 1980ൽ എം.വി തോമസ് പി.ആർ.ഡിയിലെ ജോലിയിൽ പ്രവേശിച്ചു. 19 വർഷത്തെ ശ്ലാഘനീയമായ ആ ഉദ്യോഗത്തിനിടെ തൊഴിൽ, ലോട്ടറി, ഖാദി ഗ്രാമവികസന വകുപ്പുകളുൾപ്പെടെ വ്യത്യസ്ത തലങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും 12ൽ അധികം പുസ്തകങ്ങൾ രചിക്കാൻ ഡോ.എം.വി തോമസ് സമയം കണ്ടെത്തി. ഇതിൽ ബാലസാഹിത്യ വിഭാഗത്തിലുള്ള ചെമ്പകരാമൻ പിള്ള എന്ന കൃതിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഭാരതീയ പത്രചരിത്രം, മാദ്ധ്യമങ്ങളും മലയാള സാഹിത്യവും എന്നീ രചനകൾക്ക് മാദ്ധ്യമ വിദ്യാർത്ഥികളുടെ ഗവേഷണ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രഥമസ്ഥാനമാണുള്ളത്. മലയാളം ഭരണഭാഷ സംബന്ധിച്ചുള്ള രചനകളും ശ്രദ്ധേയമാണ്.
2008ൽ ഡോ. സുഭാഷിന്റെ മേൽനോട്ടത്തിലാണ് എം.വി തോമസ് തന്റെ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. സ്വാതന്ത്ര്യ സമരത്തിൽ മലയാളം പത്രങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ പിഎച്ച്ഡി നേടുമ്പോൾ അദ്ദേഹത്തിന് പ്രായം 70 ആയിരുന്നു. ഭരണസിരാ കേന്ദ്രങ്ങളടക്കം ഉത്തരവാദിത്തപ്പെട്ട കസേരകളിൽ ഇരിക്കുമ്പോഴും തന്റെയുള്ളിലെ അദ്ധ്യാപകനെ മറക്കാൻ തോമസ് സാറിന് കഴിയുമായിരുന്നില്ല. ജേണലിസം വിദ്യാഭ്യാസ രംഗത്ത് അഖിലേന്ത്യാ തലത്തിൽ തന്നെ പ്രശസ്തി നേടിയിട്ടുള്ള സ്ഥാപനമായ തിരുവനന്തപുരത്ത ഭാരതീയ വിദ്യാഭവനിൽ പ്രാരംഭകാലം മുതൽ 2016 വരെ സാർ ക്ലാസെടുത്തിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരായ നിരവധിപേർ ഇന്ന് കേരളത്തിനകത്തും പുറത്തും ശ്രദ്ധേയരായ മാദ്ധ്യമപ്രവർത്തകരാണ്.
ഇപ്പോഴിതാ പ്രായം 76 ലേക്ക് കടക്കുമ്പോഴും ഇന്ത്യയിലെ മാദ്ധ്യമ നിയമങ്ങളെ കുറിച്ചുള്ള പുതിയൊരു രചനയുടെ പണിപ്പുരയിലാണ് ഡോ. എം.വി തോമസ്. എല്ലാ പിന്തുണയും നൽകുന്ന കുടുംബം തന്നെയാണ് തന്റെ കരുത്തെന്ന് തോമസ് സാർ പറയുന്നു. സൂസമ്മയാണ് ഭാര്യ. മാർ ഇവാനിയോസിൽ ലൈബ്രേറിയനായ മൂത്ത മകൾ ബീനയും രണ്ടു മരുമക്കളും കൂടി ചേരുമ്പോൾ വീട്ടിലെ പി എച്ച് ഡി ക്കാർ നാലാണ്. മാദ്ധ്യമ പ്രവർത്തകനായ സാനു തോമസ്, കേരളബാങ്ക് ഉദ്യോഗസ്ഥയായ റീന എന്നിവരാണ് മറ്റു മക്കൾ.