പെൺമക്കളാണ് അച്ഛന്മാരുടെ ഹൃദയത്തിന്റെ തൊട്ടടുത്തുള്ളവർ എന്ന് പറയാറുണ്ട്. അത് സത്യമായാലും അല്ലെങ്കിലും ജന്മനാട്ടിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നപ്പോൾ തന്റെ മകൾക്ക് പുതിയ നാടും നാട്ടുകാരും പ്രിയപ്പെട്ടതാകണമെന്ന് തീരുമാനിച്ച ഒരച്ഛൻ അവൾക്കായി കാത്തുവച്ച അപൂർവസമ്മാനത്തിന്റെ കഥ...
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു മഴക്കാലം. ഇളം നീല പുറംച്ചട്ടയുള്ള ഒരു പുസ്തകവും വാങ്ങിയാണ് ഡോ. സതീഷ് തൃശൂരിൽ നിന്നും വയനാട്ടിലേക്ക് കുടുംബസമേതം ചുരം കയറിയത്. അറുപതു ദിവസം മാത്രം പ്രായമുള്ള ഇളയമകൾ കൃഷ്ണയുടെ ആദ്യവയനാടൻ യാത്ര. അന്ന് തൊട്ട് ഏതാണ്ട് പതിനാലുവർഷത്തോളം നിധി പോലെ കൊണ്ടുനടക്കുകയായിരുന്നു ആ പുസ്തകവും അതിലെ ഓർമ്മ നിറഞ്ഞുതൂവിയ അക്ഷരങ്ങളും.
ഒരച്ഛന് സ്വന്തം കുട്ടികൾക്ക് നൽകാവുന്നതിൽ വച്ചേറ്റവും വിലപിടിച്ച സമ്മാനം എന്താണെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളുണ്ടാകും. മികച്ച വിദ്യാഭ്യാസം നൽകി നല്ലൊരു മനുഷ്യനായി വളർത്തിയെടുക്കുക എന്നതാണ് ആ സമ്മാനങ്ങളിൽ ഏറ്റവും വലുത്. അതുകഴിഞ്ഞാലോ... ? ഈ ചോദ്യത്തിൽ ഒരുപാട് കൗതുകങ്ങൾ ഒളിച്ചിരിപ്പുണ്ട്. ഡോ. സതീഷ് താണിശേരി തന്റെ മകൾക്കായി കരുതി വച്ചിരുന്നത് എന്താണെന്ന് അറിയുമ്പോൾ ആ കൗതുകം ഒരു പടി കൂടി ഉയരും. ആരാരും അറിയാതെ, മകളുടെ ഓരോ വളർച്ചയും വർഷങ്ങൾക്കിപ്പുറം അവൾക്ക് മാത്രം വായിക്കാനായി എഴുതി സൂക്ഷിക്കുകയായിരുന്നു ആ അച്ഛൻ ചെയ്തത്. അവളുടെ കളിയും ചിരിയും കുഞ്ഞിപ്പിണക്കങ്ങളും കുറുമ്പും വാശികളും വികൃതിയും ഒക്കെ അതിലുണ്ട്. ഡോക്ടർക്ക് അത്രമേൽ പ്രിയപ്പെട്ട ഒന്ന്. പക്ഷേ, സതീഷിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വിധി മറ്റൊന്ന് കൂടി ആ പുസ്തകത്തിൽ എഴുതിച്ചേർത്തു. ഏഴു വർഷങ്ങൾക്ക് മുമ്പ് ഹൃദയത്തോട് ചേർത്തു പിടിച്ച ആപുസ്തകം നഷ്ടമായി, ഒന്നുകൂടി വ്യക്തമാക്കിയാൽ മോഷണം പോയി, ഒപ്പം സ്വപ്നം കണ്ട് സ്വന്തമാക്കിയ വാഹനവും. ആ കഥ ഇനി അറിയാം.
മാഞ്ഞുപോയ ഓർമപ്പൊട്ടുകൾ
2013ലായിരുന്നു ഡോ. സതീഷിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച ആ നിമിഷം കടന്നു പോയത്. കാടിനെ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഓഫ് റോഡ് യാത്രകൾക്കുവേണ്ടി ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ബൊലേറോ വാങ്ങി. പിന്നീടുള്ള യാത്രകളൊക്കെയും അതിലായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ കൂർഗിലേക്ക് കുടുംബസമേതം ഒരു യാത്ര നടത്തി. ഇരച്ചുപെയ്യുന്ന മഴയുള്ള ആ ദിവസം സതീഷിന് ഇന്നും ഓർക്കാൻ ഇഷ്ടമല്ല. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം പൂട്ട് തകർത്ത് ആരോ മോഷ്ടിച്ചുകൊണ്ടു പോയി. ജീവനെ പോലെ കരുതിയിരുന്ന വണ്ടിയാണ്. ലോണടച്ചു തീർത്തിട്ടില്ല. സ്വപ്നം കണ്ടിരുന്ന യാത്രകൾ ഏറെയും ബാക്കിയാണ്. വണ്ടിയോടൊപ്പം അതിനേക്കാൾ വിലപ്പെട്ട മറ്റൊന്നു കൂടി അതിലുണ്ടായിരുന്നു. പൊടിക്കുഞ്ഞായിരുന്ന കാലം മുതലുള്ള പ്രിയ ഓർമ്മകൾ മകൾക്കു തന്നെ തിരിച്ചു സമ്മാനിക്കാൻ വേണ്ടി ഏറെ കരുതലോടെ സൂക്ഷിച്ചിരുന്ന ആ പുസ്തകം. അന്ന് പൊലീസിൽ പരാതി കൊടുത്തപ്പോൾ വണ്ടിയും അതിലുണ്ടായിരുന്ന ചില്ലറ സാധനങ്ങളും എന്ന രീതിയിൽ മൊഴി എഴുതിയത് അദ്ദേഹത്തെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. അന്നായിരുന്നു സത്യത്തിൽ ആ പുസ്തകം തന്റെ ജീവിതത്തോടു ചേർന്നിരിക്കുകയാണെന്ന് ഡോക്ടർക്ക് ഒന്നുകൂടെ ബോദ്ധ്യമായത്.
''അവളെ ആദ്യം കണ്ടവർ, വല്യച്ഛൻ കൊണ്ടുവന്ന ആദ്യത്തെ ഉടുപ്പ്, ആ രാത്രിയിൽ അവളെ കാണാൻ വയനാട്ടിൽ നിന്ന് നടത്തിയ രാത്രി യാത്ര തൊട്ട് ആ പുലർച്ചയിൽ ഞാനും മകനും ആശുപത്രിമുറ്റത്തെ തട്ടുകടയിൽ നിന്ന് ഓംലറ്റ് തിന്നതു വരെയുള്ള ഓരോ നിമിഷങ്ങളും അത്രയും വിശദമായ രീതിയിൽ അതിൽ എഴുതിയിരുന്നു. അവൾ ജനിക്കുമ്പോൾ ജീവിച്ചിരുന്ന അവളുടെ ബന്ധുക്കൾ. അവർക്കും മുമ്പുള്ള ഒരു തലമുറയിലെ എനിക്ക് അറിയാവുന്നവർ... അവൾ പറഞ്ഞ 'ബൈലബ" എന്ന ആദ്യത്തെ വാക്ക്, അവളുടെ അബദ്ധങ്ങൾ, ആദ്യത്തെ സ്കൂൾ, കൂട്ടുകാർ, അദ്ധ്യാപകർ, അയൽക്കാർ, ആദ്യത്തെ പാട്ട്, ആദ്യത്തെ നൃത്തം എല്ലാം അതിലുണ്ട്..."" ഡോ. സതീഷ് ഓർമകളിലേക്ക് സഞ്ചരിച്ചു.
കോറിയിട്ടത് ഓർമകളുടെ പൊട്ടുപൊടിയും
മകൻ ജനിച്ച് കുറച്ചധികം വർഷങ്ങൾ കഴിഞ്ഞായിരുന്നു രണ്ടാമത്തെ കുട്ടി പിറക്കുന്നത്. ജനിച്ച് ഏതാണ്ട് രണ്ടു മാസം പിന്നിട്ടതോടെ തൃശൂർ നിന്നും വയനാട്ടിലേക്ക് അവർ വണ്ടി കയറി. അന്ന് മാനന്തവാടി മൃഗാശുപത്രിയിലായിരുന്നു ഡോ. സതീഷ് ജോലി ചെയ്തിരുന്നത്. ഒട്ടും പരിചിതമല്ലാത്ത, സ്വന്തമിടത്തിൽ നിന്നും മാറി, ബന്ധുക്കളെയും നാട്ടുകാരെയും കാണാതെയുള്ള തന്റെ കുഞ്ഞിന്റെ ജീവിതത്തിലെ ഓരോ പടവുകളും അതിലെ പ്രിയ നിമിഷങ്ങളുമെല്ലാം അടയാളപ്പെടുത്തി വയ്ക്കണമെന്ന് അദ്ദേഹം തീരുമാനിക്കുന്നത് അങ്ങനെയാണ്. കൃഷ്ണയുടെ കുഞ്ഞിക്കാൽ വളർച്ചകളും കുസൃതികളുമൊക്കെ മനസിൽ എഴുതി സൂക്ഷിക്കാൻ പ്രിയപ്പെട്ടവരാരും അവിടെയുണ്ടായില്ല. തീർത്തും അപരിചിതമായ ഒരു ജീവിതപരിസരം. തൃശൂരിലെ ആശുപത്രിയിൽ അവൾ ജനിച്ചതു മുതലുള്ള ഏറെ പ്രിയപ്പെട്ട നിമിഷങ്ങൾ അങ്ങനെ കുറിച്ചു വയ്ക്കുകയായിരുന്നു. ഒരു ഡയറി പോലെ സ്ഥിരം എഴുതുന്ന രീതിയായിരുന്നില്ല അത്. എഴുതണമെന്ന് തോന്നുമ്പോൾ മാത്രമായിരുന്നു എഴുത്ത് സംഭവിച്ചത്.
തൃശൂരിൽ നിന്നും ചുരം കയറാൻ ഒരുങ്ങുമ്പോൾ മനസ് ഓർമിപ്പിച്ചതായിരുന്നു ഒരു നോട്ട്ബുക്ക് കൂടെ കൂട്ടണമെന്നത്. ആ യാത്രയിൽ തന്നെ സിറ്റി സെന്ററിലെ സ്റ്റേഷനറി കടയിൽ നിന്നും മുന്നൂറ് പേജിന്റെ എ ഫോർ സൈസിലുള്ള ഒരു വരയിട്ട പുസ്തകം വാങ്ങി. അന്നത്തെ കാലത്ത് അപൂർവമായിരുന്നു അതുപോലൊരു ബുക്ക്. അതിലെ ഓരോ പേജും ഇന്നും സതീഷിന്റെ മനസിൽ നിറഞ്ഞു നിൽപ്പുണ്ട്. തന്റെ മരണശേഷം മകളുടെ കൈയിലെത്തണമെന്ന ആഗ്രഹത്തോടെ ആരാരും കാണാതെ എഴുതി സൂക്ഷിച്ച പൊട്ടും പൊടിയുമെല്ലാം അതിലായിരുന്നു. ഭാര്യ ശൈലജയ്ക്ക് പോലും അറിയാത്ത രഹസ്യം. പെട്ടെന്നൊരു നാൾ നഷ്ടമായപ്പോൾ ഹൃദയം പിളർക്കുന്ന വേദനയായിരുന്നു അതെന്ന് ഡോക്ടർ ഓർക്കുന്നു.
മകളുടെ ജീവിതത്തിന്റെ സത്യപുസ്തകം
ആ ഓർമ്മപ്പുസ്തകത്തിലെ ഓരോ താളും തന്റെ അസാന്നിദ്ധ്യത്തിൽ മകൾ വായിക്കണമെന്നായിരുന്നു സതീഷ് ആഗ്രഹിച്ചിരുന്നത്. ആ അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്ന കാഴ്ച എത്രയോ വട്ടം അദ്ദേഹം മനസിൽ കണ്ടിരിക്കുന്നു. ചിലർക്ക് അത് തമാശായി തോന്നിയേക്കാം. പക്ഷേ ഡോക്ടർക്ക് അത് സ്വന്തം ഹൃദയം തന്നെയായിരുന്നു. കൃഷ്ണയുടെ പതിനാലുവർഷത്തെ ജീവിതമായിരുന്നു അതിൽ അടയാളപ്പെടുത്തിയിരുന്നത്. പുസ്തകം നഷ്ടമാകുന്നതിന് തലേ ദിവസം പോലും പുതിയ എഴുത്തുകൾ കൂട്ടിച്ചേർത്തിരുന്നു. നഷ്ടപ്പെടലിന്റെ വേദന എത്ര കഠിനമാണെന്ന് കൃഷ്ണയുടെ മുഖം പിന്നീട് കണ്ടപ്പോഴാണ് മനസിലായത്. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു പാതിവഴിയിൽ ആരോ കവർന്നുകൊണ്ടു പോയത്. അച്ഛൻ മകൾക്ക് കരുതിയിരുന്ന സമ്പാദ്യത്തെ കുറിച്ചറിഞ്ഞപ്പോഴുള്ള അവളുടെ കണ്ണിലെ കൗതുകം ഇന്നും സതീഷിന് ഞെട്ടലാണ്.
''എനിക്ക് പാതിവഴിയിൽ നഷ്ടമായതും നിങ്ങളിൽ പലർക്കും ഇനി തുടങ്ങാവുന്നതുമായ ഒരു സംഗതി എന്ന നിലയിലാണ് എന്റെ ഈ പറച്ചിലും ആ പുസ്തകവും പ്രസക്തമാവുന്നത്. അത് കൃഷ്ണയുടെ ജാതകമായിരുന്നു, അവളുടെ അച്ഛൻ എഴുതിയ അവളുടെ ജാതകം. നാളും നക്ഷത്രവും ഗ്രഹനിലയുമില്ലാത്ത, ഊഹങ്ങളും പ്രവചനങ്ങളുമില്ലാത്ത അവളുടെ ജീവിതത്തിന്റെ സത്യപുസ്തകം. അതിലെഴുതിയ അക്ഷരങ്ങളെല്ലാം മനസിൽ ഇന്നും അതേ പോലുണ്ട്. പക്ഷേ, ഒരിക്കൽ കൂടി ഇനി എഴുതാനാകില്ല."" സതീഷിന്റെ വാക്കുകൾ.
വയനാട്ടിലെ കാഴ്ചയും അനുഭവങ്ങളും
അക്ഷരങ്ങളെ നെഞ്ചോടു ചേർക്കുന്ന ഡോക്ടർക്ക് ചെറുപ്പം മുതലേ എഴുത്തിനോടായിരുന്നു പ്രണയം. കോളേജ് കാലഘട്ടത്തിൽ ഒരുപാട് എഴുതി. ജോലിത്തിരക്കേറിയതോടെ അക്ഷരങ്ങൾ അകലെയായി. കിട്ടുന്ന സമയത്തിലേറെയും വായനയ്ക്കായി മാറ്റി വച്ചു. ഇന്നിപ്പോൾ എഴുതണമെന്നു തോന്നുമ്പോൾ സോഷ്യൽ മീഡിയയാണ് കൂട്ട്. ഒരുപാട് അഭിനന്ദനങ്ങൾ കിട്ടുന്ന ആ എഴുത്തുകളിലൊന്നും ഒരൽപ്പം പോലും ഭാവന ചേർത്തിട്ടില്ല. ഇരിങ്ങാലക്കുടക്കാരനായ ഡോക്ടർക്ക് വയനാട് സമ്മാനിച്ച അനുഭവങ്ങൾ ഏറെയാണ്. ഏതാണ്ട് മുപ്പത് വർഷത്തെ അടുപ്പമാണ് വയനാടുമായിട്ടുള്ളത്. ലളിതജീവിതം നയിക്കാൻ പഠിച്ചത് വയനാട്ടിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു. ഒരുപാട് ചെറിയ 'വലിയ" മനുഷ്യരെ കണ്ടു, അവരുടെയൊക്കെ ജീവിതം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പ്രകൃതിയോടും പക്ഷിമൃഗാദികളോടുമെല്ലാം അത്ര പ്രിയമാണ്. അമ്പലവയൽ മൃഗാശുപത്രിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
വെറുതെയാണെങ്കിലും കാത്തിരിക്കുന്നു
വയനാട് സുൽത്താൻ ബത്തേരിയിലെ വീടായ 'പാപനാശിനി"യിൽ വെറുതേയിരിക്കുമ്പോഴെല്ലാം അദ്ദേഹം തന്റെ നഷ്ടസ്വപ്നത്തെകുറിച്ചോർക്കും. അങ്ങനെയൊരു ദിവസത്തിലാണ് സോഷ്യൽമീഡിയയിൽ ഇതിനെകുറിച്ച് ഒരു കുറിപ്പെഴുതിയതും. വിചാരിക്കാത്ത നേരത്ത് അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിരവധി പേരാണ് ഡോക്ടർക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. തന്റെ വായനക്കാരിൽ ആർക്കെങ്കിലുമൊക്കെ ഇങ്ങനെയൊരു സമ്പാദ്യം മക്കൾക്ക് വേണ്ടി പകർത്തി വയ്ക്കാൻ ഇഷ്ടമുണ്ടെങ്കിൽ അവർക്കിതൊരു മാതൃക ആക്കാമെന്ന് സതീഷ് പറയുന്നു. ഒരു കുഞ്ഞ് ജനിച്ചത് മുതൽ അവളുടെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും വർഷങ്ങൾക്കിപ്പുറം വായിച്ചറിയാൻ കഴിയുന്നതിലും വലിയൊരു സന്തോഷം മറ്റെന്തുണ്ട്! എത്രയോ നല്ല നല്ല മനുഷ്യർക്കിടയിലൂടെയാണ് അവർ വളർന്നുവലുതായതെന്ന് അറിയുമ്പോൾ അവരുടെ മുഖത്ത് വിടരുന്ന ചിരി എത്ര മനോഹരമായിരിക്കും. ഡോ. സതീഷ് മാതൃകയാകുന്നതും അങ്ങനെയാണ്. പ്ലസ് ടു പഠനം മുതൽ ബാംഗ്ലൂരിലാണ് കൃഷ്ണ. ഇപ്പോൾ സോഷ്യോളജിയിൽ പി ജി ചെയ്യുന്നു. മൂത്തമകൻ മിഥുൻ ദുബായിലാണ് താമസം. മകനെ കുറിച്ച് എന്തുകൊണ്ട് എഴുതിയില്ലയെന്ന് ചോദിച്ചാൽ അതിനും ഉത്തരം ഡോക്ടറുടെ കൈയിലുണ്ട്. ''മകന്റെ ബാല്യം മുഴുവൻ തറവാട്ടിൽ തന്നെയായിരുന്നു, ബന്ധുക്കൾക്ക് നടുവിൽ. അതുകൊണ്ട് തന്നെ അങ്ങനെയൊരു ചിന്ത അന്ന് തോന്നിയിരുന്നില്ല. മകൾക്കായിരുന്നു അതെല്ലാം നഷ്ടപ്പെട്ടത്.""
ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് ഉറപ്പാണെങ്കിലും ഏഴു വർഷങ്ങൾക്കിപ്പുറവും ആ പുസ്തകത്തിനായി ഡോ.സതീഷ് കാത്തിരിക്കുകയാണ്. കൃഷ്ണയ്ക്കായി അവളുടെ അച്ഛൻ സ്നേഹം ചാലിച്ചെഴുതിയ ജീവിതകഥയായിരുന്നു അതെന്ന് മറ്റുള്ളവർക്ക് അറിയില്ലല്ലോ. ആളുകൾ പുസ്തകങ്ങളെ വിലമതിക്കില്ലെന്ന തിരിച്ചറിവുണ്ടെങ്കിലും ആ കാത്തിരിപ്പ് ഒരു പ്രതീക്ഷയാണ്.