വെസ്പ 946 മോഡലിന്റെ സ്പെഷ്യൽ എഡിഷൻ സ്കൂട്ടറിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. വെസ്പ 946 ക്രിസ്റ്റ്യൻ ഡിയോർ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ വിലയെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയും ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ഡിയോറും ചേർന്നാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 2021-ഓടെയാകും ഈ മോഡൽ വിൽപ്പനയ്ക്ക് എത്തുക. പുതുമ നിറഞ്ഞ ഗ്രാഫിക്സും കളർ ഓപ്ഷനുകളുമാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.
വെള്ള നിറത്തിലുള്ള ബോഡിയിൽ ഗോൾഡൻ ബോർഡറുകൾ നൽകിയാണ് സ്‌കൂട്ടർ ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയകാല വെസ്പയെ അനുസ്മരിപ്പിക്കുന്ന ടയറുകളും ഇതിനുണ്ട്. കൂടാതെ, ലെതറിൽ പൊതിഞ്ഞ സീറ്റും സ്കൂട്ടറിനെ ആകർഷകമാക്കുന്നു. ബോഡി കളർ, റിയർവ്യൂ മിറർ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വശങ്ങളിലായി നൽകിയിട്ടുള്ള ചെറിയ ഇന്റിക്കേറ്റർ ലൈറ്റുകൾ എന്നിവയും സ്കൂട്ടറിന്റെ ആകർഷക ഘടകകങ്ങളാണ്.
സ്കൂട്ടറിന്റെ മുന്നിൽ ഗോൾഡൻ ഫിനീഷിങ്ങിൽ വെസ്പ എന്നും വശങ്ങളിൽ ക്രിസ്റ്റ്യൻ ഡിയോർ പാരീസെന്നും എഴുതിയിരിക്കുന്നു. 125 സിസി ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോഡലിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിന്‍ 11.4 ബിഎച്ച്പി കരുത്തും 10.3 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. കൃത്യമായ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റഫറൻസിനായി, വെസ്പ ജിയോർജിയോ അർമാനി 2016ൽ അവതരിപ്പിച്ചപ്പോൾ അതിന്റെ വില 12 ലക്ഷം രൂപയായിരുന്നു. തിരഞ്ഞെടുത്ത ക്രിസ്റ്റ്യൻ ഡിയോർ ബോട്ടീക്കുകളിൽ 2021 മാർച്ച് മുതൽ ലഭ്യമാകും. 1946ലാണ് ഈ രണ്ട് ബ്രാൻഡുകളും ഒന്നിച്ചത്. അതേസമയം വെസ്പ 946 ക്രിസ്റ്റ്യൻ ഡിയോർ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.