lbgtq

വാഷിംഗ്ടൺ : ലൈംഗിക വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി ജീവനക്കാരെ തൊഴിലിടത്തിൽനിന്ന് പുറത്താക്കുന്നത് അമേരിക്കയിലെ പൗരാവകാശ നിയമങ്ങൾക്ക് നിരക്കാത്തതാണെന്ന് അമേരിക്കൻ ഉന്നത കോടതി. ഇത് വിവേചനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിർണായകമാണ് വിധിയാണിത്.

യാഥാസ്ഥിതികമെന്ന് പൊതുവെ വിലയിരുത്തിയിരുന്ന അമേരിക്കൻ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിർണായകമായ ഉത്തരവിനെ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ സ്വാഗതം ചെയ്തു. മൂന്നിനെതിരെ ആറ് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയാണിത്.

ഇതാദ്യമായാണ് അമേരിക്കൻ സുപ്രം കോടതി ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങളെക്കുറിച്ച് പറയുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. തൊഴിലവകാശങ്ങൾ ഇല്ലാതാക്കപ്പെടുമെന്ന ഭീതിയിൽ തങ്ങളുടെ ലൈംഗിക വ്യക്തിത്വം മറച്ചുപിടിച്ചു ജോലി ചെയ്യേണ്ടിവരുന്നവർക്കും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങൾക്കും വലിയ ആത്മവിശ്വാസമാണ് കോടതി വിധി തരുന്നതെന്നാണ് പൗരാവകാശ പ്രവർത്തകർ പറയുന്നത്.സുപ്രീം കോടതിയുടെ മുന്നിൽ മൂന്ന് കേസുകളായിരുന്നു ഉണ്ടായിരുന്നത്. ട്രാൻസ്‌ജെൻഡറായതുകൊണ്ട് തൊഴിലിടത്തിൽനിന്ന് പിരിച്ചുവിടപ്പെട്ടുവെന്ന് കാണിച്ച് നൽകിയ ഹർജികളായിരുന്നു അവ.

1964 ലെ പൗരാവകാശ നിയമം ലൈംഗിക അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് കമ്പനി ഉടമകളായ തൊഴിൽദായകർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഒരാളുടെ ലൈംഗിക വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലിടത്തിൽനിന്ന് പിരിച്ചു വിടപ്പെടുകയാണെങ്കിൽ അത് വിവേചനപരമാണെന്ന നിലപാടാണ് ട്രംപ് നിയമിച്ച നീൽ ഗോർഷ് എന്ന ജഡ്ജി എടുത്തത്. സ്വവർഗ ലൈംഗികക്കാരനോ, ട്രാൻസ് ജെൻഡറോ ആണെന്നതിന്റെ പേരിൽ ഒരാളെ തൊഴിലിടത്തിൽനിന്ന് പുറത്താക്കുകയാണെങ്കിൽ അതിന്റെ അർത്ഥം അതേ സമീപനം ഇതര ലൈംഗിക വ്യക്തിത്വങ്ങളോട് സ്വീകരിക്കില്ലെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.
1964 ലെ സിവിൽ റൈറ്റ്സ് ആക്ടിന്റെ പിരിധിയിൽ ഒരാളുടെ ലൈംഗിക വ്യക്തിത്വവും ലൈംഗികാഭിമുഖ്യവും ഉൾപ്പെടുമെന്നായിരുന്നു ഒബാമ ഭരണകൂടം വ്യക്തമാക്കിയത്. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ലഭിച്ചിരുന്ന ഈ സംരക്ഷണം എടുത്തുകളയാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുളള മേഖലകളിൽനിന്ന് ഈ സംരക്ഷണം എടുത്തുകളയാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. സുപ്രീം കോടതിയുടെ പുതിയ വിധിയോടെ ലൈംഗിക ആഭിമുഖ്യത്തിന്റെ പേരിൽ യാതൊരു തരത്തിലുള്ള വിവേചനവും സാധ്യമാവില്ല. അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ കോടതി വിധിക്കുപുറമെ പൗരാവകാശ നിയമത്തിന്റെ സംരക്ഷണം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് കൂടി നൽകിയിരുന്നു.