മെൽബൺ: ക്രിക്കറ്ര് ആസ്ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെവിൻ റോബർട്ട്‌സ് രാജിവച്ചു. കൊവിഡ് വ്യാപനകാലത്തുൾപ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾക്കെതിരെ മറ്രംഗങ്ങൾ കടുത്ത വിമർശനമുയർത്തിയതിനെ തുടർന്നാണ് നടപടി. ക്രിക്കറ്റ് ആസ്ട്രേലിയ ചെയർമാൻ ഏൾ ഹെഡ്ഡിംഗ്സ് മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ വീഡിയോ കോളിൽ രാജി സ്ഥിരീകരിച്ചു. ആസ്ട്രേലിയയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ സി.ഇ.ഒയായ നിക്ക് ഹോക്ക്‌ലെയെ താത്കാലിക ചുമതല ഏല്പിച്ചതായും ഹെഡ്ഡിംഗ് വ്യക്തമാക്കി.
കുറച്ചു നാളായി തുടരുന്ന പ്രതിസന്ധിയെ മറികടക്കാൻ ഒരുമാറ്രം ആവശ്യമായിരുന്നുവെന്നും കെവിനും ഇക്കാര്യം സമ്മിതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഹെഡ് ഓഫീസിലെ 80 ശതമാനം ജീവനക്കാർക്ക് താത്കാലിക അവധി നൽകാനുള്ള തീരുമാനമാണ് റോബർട്ട്‌സിനെ കൂടുതൽ കുഴപ്പത്തിലാക്കിയത്. കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. സ്റ്റേറ്റ് അസോസിയേഷനുകളുടെ ഗ്രാന്റ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും പ്രതിഷേധത്തിന് ഇടയാക്കി.