തായ്‌പെയ്: അമേരിക്കയുമായി വ്യാപാരത്തിന്റെയും കൊവിഡ് രോഗത്തിന്റെയും പേരിൽ വഴക്കിടുകയും ഇന്ത്യയുമായി അതിർത്തിയിൽ പിന്മാറി എന്ന് കള്ളം പറഞ്ഞ് തുടർന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും എല്ലാം ചെയ്ത് വിവാദത്തിൽ മുങ്ങി നിൽക്കുകയാണ് ചൈന. ഇപ്പോഴിതാ മറ്റൊരു ചെറിയ അമളിയും ചൈനയ്ക്ക് പറ്റിയിരിക്കുന്നു. തായ്‌വാന്റെ അതിർത്തി മറികടന്ന് എത്തിയ ചൈനീസ് യുദ്ധവിമാനത്തെ തായ്‌വാന്റെ യുദ്ധവിമാനങ്ങൾ വിരട്ടി തിരികെയയച്ചു.
തായ്‌വാന്റെ തെക്കുകിഴക്കൻ ഭാഗത്താണ് സംഭവം. ചൈനീസ് വിമാനം കടന്നുവരുന്നത് കണ്ട തായ്‌വാൻ അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും അത് വകവയ്ക്കാതെ മുന്നോട്ട് വന്നതോടെയാണ് തുരത്തിയോടിക്കേണ്ടി വന്നത്.
കഴിഞ്ഞ ആഴ്ചയിലും ഒന്നിലേറെ തവണ ചൈനീസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിർത്തി ലംഘിച്ച് തായ്‌വാന്റെ പരിധിയിൽ വന്നിരുന്നു. ഈ സംഭവങ്ങളെ കുറിച്ചൊന്നും ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ പ്രദേശത്തെ മേൽക്കൊയ്മ തായ്‌വാന് കാട്ടിക്കൊടുക്കുക തന്നെയാണ് ചൈനയുടെ ലക്ഷ്യം.
തായ്‌വാൻ സ്വതന്ത്രമാകാതിരിക്കാൻ സൈനിക ബലമാണ് വേണ്ടതെങ്കിൽ അതിനും മടിക്കില്ലെന്ന് ഈയിടെ ചൈനയുടെ ഒരു മുതിർന്ന സൈനികോദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.