ജനീവ: യു.എസിൽ കാലങ്ങളായി തുടരുന്ന വംശവെറിയും കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് ഭീകരതയും ചർച്ച ചെയ്യാൻ യു.എൻ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ സംഘടനകൾക്കുവേണ്ടി ബുർകിനഫാസോ നൽകിയ അപേക്ഷ പരിഗണിച്ചാണ് 47 അംഗ കൗൺസിൽ ചേരുന്നത്. 600ഓളം സംഘടനകൾക്കു പുറമെ, യു.എസിൽ വംശവെറിക്കിരയായവരുടെ ബന്ധുക്കളും പരാതിയുടെ ഭാഗമാണ്. യു.എൻ മനുഷ്യാവകാശ കമ്മീഷനിൽ അമേരിക്ക അംഗമല്ല. ഇസ്രായേലിനെതിരെ പക്ഷപാതം ആരോപിച്ച് രണ്ടുവർഷം മുമ്പാണ് യു.എസ് സമിതി വിട്ടത്. ജോർജ് ഫ്ലോയിഡിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. മിനിയപൊളിസിൽ മേയ് 25നാണ് കറുത്ത വംശജനായ ഫ്ലോയിഡിന് പൊലീസ് ക്രൂരതയിൽ ജീവൻ നഷ്ടമായത്. പൊലീസുകാരൻ കഴുത്തിൽ മിനിറ്റുകളോളം കാലമർത്തിയതിനെ തുടർന്ന് ശ്വാസം മുട്ടിയായിരുന്നു മരണം. പ്രതിഷേധം ആളിക്കത്തുന്നതിനിടെ അറ്റ്ലാന്റയിൽ വെള്ളക്കാരനായ പൊലീസുകാരന്റെ വെടിയേറ്റ് കഴിഞ്ഞ ദിവസം ഒരാൾ കൂടി കൊല്ലപ്പെട്ടിരുന്നു. റെയ്ഷാർഡ് ബ്രൂക്സാണ് കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.