ഇഞ്ചി ശരിക്കുമൊരു ചൈനക്കാരനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയിലും ചില ആഫ്രിക്കൻ നാടുകളിലും കരീബിയൻ നാടുകളിലും നന്നായി കൃഷിചെയ്ത് വരുന്നുണ്ട്. കേരളത്തിൽ വയനാടാണ് ഇഞ്ചികൃഷിക്ക് പേരുകേട്ട സ്ഥലം. ആയുർവേദത്തിലെ മിക്ക ഔഷധത്തിലും ഇഞ്ചിയുടെ ഉപോൽപന്നമായ ചുക്ക് ഉപയോഗിച്ചുവരുന്നു. ഇത്രയും ഔഷധ ഗുണമുള്ള ഇഞ്ചി എന്ത് കൊണ്ട് നമുക്കും കൃഷി ചെയ്ത് കൂടാ. വളരെ എളുപ്പത്തിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്യാമെന്ന് നോക്കാം.
കൂറേക്കാലമായി കൃഷിചെയ്യാതെയിട്ടിരിക്കുന്ന നല്ല ജൈവപുഷ്ടിയുള്ള മണ്ണാണ് ഇഞ്ചി കൃഷിക്ക് ഉത്തമം. നടുന്ന മണ്ണ് നല്ല നീർവയാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ലക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായിരിക്കണം. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിന് ശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം. അങ്ങനെ വളം ചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് കിഴങ്ങുകൾ നടേണ്ടത്.
വിത്തുകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വേനൽ മഴകിട്ടി സാധാരണയായി ഏപ്രിൽ മാസത്തിലെ ആദ്യവാരങ്ങളിലാണ് ഇഞ്ചി നടുന്നത്. വളർച്ചയുടെ ആദ്യകാലങ്ങളിൽ ചാറൽ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുതെങ്കിൽ 30 സെമീ അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.
വിളവെടുക്കുന്ന കിഴങ്ങുകൾ തന്നെയാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കാറ്. നന്നായി മൂപ്പെത്തിയതും എന്നാൽ രോഗകീടബാധതീരെയില്ലാത്തതുമായ ഇഞ്ചി വിത്തായി മാറ്റിവെക്കാം. ഇങ്ങനെ മാറ്റുന്നത് വിളവെടുക്കുതിനുമുമ്പ് ഡിസംബർ,നവംബർ മാസങ്ങളിൽത്തന്നെ അടയാളപ്പെടുത്തിവെക്കണം. ജനുവരി അവസാനത്തോടെ വിളവെടുത്ത് സൂക്ഷിക്കണം. തണുപ്പുള്ള ഷെഡ്ഡിൽ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത്. ഇങ്ങനെ തരം തിരിച്ചെടുക്കുന്ന വിത്തുകൾ കുമിൾ നാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്ത് സൂക്ഷിച്ചാൽ കേടാകാതെയിരിക്കും.
ലായനിയിൽ മുക്കിയെടുത്ത് വെള്ളം വാർത്തതിന് ശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളിൽ ഈർച്ചപ്പൊടിയോ മണലോ നിരത്തി അതിന് മുകളിൽ പരത്തി അതിന് മുകളിൽ പാണലിലകൊണ്ട് മൂടിയിടുന്നത് ഇഞ്ചി ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങൾ ആക്രമിക്കാതിരിക്കാനും നല്ലതാണ്.
ഇഞ്ചി വിത്തുകൾ നടുമ്പോൾ ആദ്യം അതിനെ ഒന്നോ രണ്ടോ മുകുളങ്ങളുള്ള കുറഞ്ഞത് 15 ഗ്രാമെങ്കിലും തൂക്കമുള്ള കഷ്ണങ്ങളായി മുറിച്ചെടുത്ത് സ്യൂഡോമോണസ് ലായനിയാലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. വിത്ത് നടുന്നതിന് മുമ്പ് ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം കുഴികളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, വിരകൾ, ചീയൽരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം.