ലഡാക്ക്: 3488 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയെ ചൊല്ലിയാണ് ഇന്ത്യയും ചൈനയും തമ്മിൽ എന്നും തർക്കമുണ്ടായിട്ടുള്ളത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിർത്തി പങ്കിടുന്നവരാണ് ഇരുരാജ്യങ്ങളും. 1947ൽ ഇന്ത്യ സ്വതന്ത്രയായി രണ്ടു വർഷത്തിനുശേഷം രൂപീകരിക്കപ്പെട്ട പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈനയുമായി നല്ല ബന്ധം എന്നതായിരുന്നു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെയും സർക്കാരിന്റെയും ചൈനീസ് നയം. എന്നാൽ, 1950ൽ ടിബറ്റിൽ ചൈന കടന്നുകയറിയതോടെ ഈ തത്ത്വം പാലിക്കാൻ നിർവാഹമില്ലാതെ വന്നു. എങ്കിലും 1954ൽ പഞ്ചശീല തത്ത്വങ്ങളിലൂടെ 'ഇന്ത്യ-ചൈന ഭായിഭായി' എന്ന നയമാണ് നെഹ്റു സ്വീകരിച്ചത്. ഇന്ത്യയെ അപ്പോഴും സംശയത്തോടെ വീക്ഷിച്ചിരുന്ന ചൈന, ടിബറ്റിലെ വിപ്ലവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു ധരിച്ചു. 1959ൽ പലായനം ചെയ്ത ദലൈ ലാമയ്ക്ക് അഭയം നൽകിയത് ഈ ധാരണയ്ക്ക് ആക്കം കൂട്ടി.
1962ലെ സമ്പൂർണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘർഷങ്ങൾ മാത്രമാണ് അതിർത്തിയിൽ അരങ്ങേറിയിട്ടുള്ളത്. എന്നാൽ, ഇന്ത്യ - ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമാണ്.
♦ 1962 ഒക്ടോബർ 20: ഇന്ത്യയെ ചൈന ആക്രമിച്ചു. യുദ്ധം ഒരുമാസത്തോളം നീണ്ടു.
♦ 1962 നവംബർ 21: ചൈന വെടിനിറുത്തൽ പ്രഖ്യാപിച്ചു.
♦ 1963 : സക്സഗം താഴ്‌വര പാകിസ്ഥാൻ ചൈനയ്ക്ക് കൈമാറുന്നു. ചൈന-പാക് ബന്ധം ദൃഢമാകുന്നു.
♦ 1967 സെപ്തംബറിലും ഒക്ടോബറിലും: ചൈനീസ് പട്ടാളം നാഥുലാ ചുരത്തിലും ഛോലാ ചുരത്തിലും ഇന്ത്യൻ സൈനിക പോസ്റ്റുകളെ ആക്രമിച്ചു.
♦ 1976: ഇന്ത്യ-ചൈന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു.
♦ 1986-87: അതിർത്തി വീണ്ടും അശാന്തമാകുന്നു, യുദ്ധഭീതി പരക്കുന്നു.
♦ 1988: രാജീവ് ഗാന്ധിയുടെ സുപ്രധാന ചൈന സന്ദർശനം.
♦ 2003: വാജ്പേയിയുടെ ചൈന സന്ദർശനം; അതിർത്തി പ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്രതിനിധികളുടെ ചർച്ചാ സംവിധാനം.
♦ 2014: ലഡാക്കിൽ വീണ്ടും അതിർത്തിലംഘനം. പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തിയിട്ടും ചൈനീസ് സൈന്യം നിയന്ത്രണരേഖയ്ക്കുള്ളിൽ തുടരുന്നു.
♦ 2017: ഭൂട്ടാൻ അതിർത്തിയിൽ ദോക് ലാമിൽ ഇന്ത്യ-ചൈന സേനകൾ 72 ദിവസത്തോളം നേർക്കുന്നേർ.
♦ 2018: ചൈനയിലെ വുഹാനിൽ മോദി-ഷി അനൗദ്യോഗിക ഉച്ചകോടി. പിരിമുറുക്കം അയയുന്നു.
♦ 2019 സെപ്തംബർ: കാശ്മീർ പ്രശ്‌നത്തിൽ പാകിസ്ഥാന്, ചൈനയുടെ പൂർണ പിന്തുണ.
♦ 2019 മോദി - ഷി രണ്ടാം അനൗദ്യോഗിക ഉച്ചകോടി മാമല്ലപുരത്ത്. സൗഹൃദത്തിന് തുടക്കമെന്ന് സൂചന.
♦ 2019 ഒക്ടോബർ: ഷി ജിൻപിംഗിന്റെ ഇന്ത്യാസന്ദർശനത്തിന് തൊട്ടുമുമ്പ് ചൈന, കാശ്മീർപ്രശ്‌നത്തിൽ പഴയ നിലപാടിലേക്ക് തിരിച്ചുപോകുന്നു.
♦ 2020 ജൂൺ 16 : ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഏറ്റുമുട്ടൽ. കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു.