banana-halwa

രുചികരമായ ഹൽവ കഴിക്കാൻ ഇനി കോഴിക്കോട്ടേക്ക് വച്ചുപിടിക്കേണ്ട.വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ കോഴിക്കോടൻ ഹൽവയെ കടത്തിവെട്ടുന്ന ബനാന ഹൽവ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ :

നന്നായി പഴുത്ത നേന്ത്രപഴം - 1

പഞ്ചസാര- കാൽക്കപ്പ്

നെയ്യ് - 2 ടേബിൾ സ്പൂൺ

ബദാം - 3 ടേബിൾ സ്പൂൺ

ഏലക്കായ പൊടിച്ചത് -കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം : വാഴപ്പഴം നല്ലതു പോലെ ഉടച്ചെടുക്കുക. അതിനു ശേഷം അത് മാറ്റി വെയ്ക്കാം. പിന്നീട് അടിക്കട്ടിയുള്ള നോൺസ്റ്റിക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബദാം ചെറിയ കഷ്ണമാക്കിയത് ഇട്ട് ഗോൾഡൻ നിറമാകുന്നത് വരെ ഇളക്കുക. ബദാം മാറ്റിയതിനു ശേഷം ബാക്കിയുള്ള നെയ് കൂടെ ചേർത്ത് അതിലേക്ക് വാഴപ്പഴം ഇട്ട് ഇളക്കുക. ശേഷം പഞ്ചസാര മിക്‌സ് ചെയ്യാം. ഇത് നല്ല കട്ടിയാവുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്ലെങ്കിൽ അടിയിൽ പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പിന്നീട് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കാം. ഇത് വീണ്ടും ഹൽവ പാകമാകുന്നതു വരെ ഇളക്കുക. ഇതിലേക്ക് അൽപം ഏലയ്ക്കപ്പൊടി ചേർക്കാം. ഹൽവ പരുവം കിട്ടുന്ന പാത്രത്തിലേക്ക് അൽപ്പം നെയ്യ് തേച്ച് ഇത് മാറ്റാം. ശേഷം മുകൾ ഭാഗം മിനുസമാക്കി തണുത്ത ശേഷം കഷ്ണമാക്കുക.രുചികരമായ ഹൽവ തയ്യാർ.