roberz

ഫുജൈറ: ഉടമസ്ഥർ സ്ഥലത്തില്ലാത്ത നേരത്ത് വീട്ടിലെ ജീവനക്കാരുടെ സഹായത്തോടെ പണവും സ്വർണവും കവർച്ച നടത്തിയ സംഘത്തെ ഒരു മണിക്കൂറിനകം പിടികൂടി ഫുജൈറ പൊലീസ്. വെള‌ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തന്റെ വീട്ടിൽ കവർച്ച നടന്നെന്ന ഫുജൈറ സ്വദേശിയുടെ പരാതി പൊലീസിന് ലഭിച്ചത്. ഫുജൈറ സെൻട്രൽ ഓപ്പറേഷൻസ് റൂമിലേക്ക് വിളിച്ചറിയിച്ച പരാതിയെ തുടർന്ന് പെട്ടെന്ന് തന്നെ അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

അഞ്ച് ലക്ഷം ദിർഹം (ഏകദേശം ഒരുകോടി രൂപയോളം) വിലവരുന്ന സ്വർണവും പണവുമടങ്ങിയ ഇരുമ്പ് പെട്ടിയാണ് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കൂറിനകം കവർച്ചക്കാരെ പിടികൂടി. കവർച്ചാ മുതലുമായി അജ്മാനിലേക്ക് കടന്ന ഇവരെ അജ്മാൻ പൊലീസിന്റെ കൂടെ സഹായത്തോടെയാണ് പിടികൂടാൻ സാധിച്ചത്.മോഷ്ടാക്കൾ എല്ലാം ഏഷ്യൻ വംശജരാണ്. 'നഷ്ടമായ മുഴുവൻ പണവും സ്വർണവും തിരികെയെടുത്തു. പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.' ഡിബ്ബ ഫുജൈറ പൊലീസ് സ്‌റ്റേഷൻ ഡയറക്‌ടർ കേണൽ സെയ്ഫ് റാഷിദ് അൽ സഹ്മി അറിയിച്ചു. വീട്ടിലെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് മോഷണ പദ്ധതിയിട്ടതെന്നും പിടിയിലായവരുടെ കുറ്റസമ്മതത്തിലുണ്ട്.