കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാ‌ർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കേരളത്തിലെയും മാഹിയിലെയും ശാഖകളിൽ ബാങ്ക് ഒഫ് ഇന്ത്യ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും കൃഷി, കൃഷി അനുബന്ധ പ്രവർത്തികൾക്കുമായി പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുന്നു. മുദ്ര മുതൽ 25 കോടി രൂപവരെ എം.എസ്.എം.ഇ വായ്പ എടുത്തിട്ടുള്ളവർക്ക്, വായ്പാ ഔട്ട്‌സ്‌റ്രാൻഡിംഗിന്റെ 20 ശതമാനം വരെ തുക 7.85 ശതമാനം പലിശയ്ക്ക് നൽകുന്ന അധിക വായ്‌പയാണ് ഒന്ന് എന്ന് കേരള സോണൽ മാനേജർ‌ വി. മഹേഷ് കുമാർ പറഞ്ഞു.

ഇതിന് പ്രത്യേക ഈട് നൽകേണ്ട. ഒരുവർഷം മോറട്ടോറിയത്തിന് ശേഷം മൂന്നുവർഷം തിരിച്ചടവുള്ള വായ്പയാണിത്. 100 ശതമാനം സർക്കാർ ഗ്യാരന്റിയുമുണ്ട്. കൃഷി, കൃഷി അനുബന്ധ പദ്ധതികൾക്ക് കിസാൻ ക്രെഡിറ്ര് കാർഡ് വായ്പയാണ് രണ്ടാമത്തെ പദ്ധതി. ആട്, മത്സ്യം, കോഴി, പന്നി തുടങ്ങിയവയുടെ പരിപാലനത്തിനും വായ്പ നേടാം. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്നുലക്ഷം രൂപവരെ വായ്പയ്ക്ക് നാലു ശതമാനം മാത്രമാണ് പലിശ.

ഇവയ്ക്ക് പുറമേ, റീട്ടെയിൽ ഉപഭോക്താക്കൾക്ക് 6.85 ശതമാനം പലിശയ്ക്ക് വ്യക്തിഗത വായ്‌പയും ലഭ്യമാണ്. കെ.സി.സി അക്കൗണ്ടുള്ളവർക്ക് 50,000 രൂപവരെ അധിക ഡിമാൻഡ് ലോൺ, കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്‌തം വായ്‌പ, സ്വയം സഹായ സംഘങ്ങൾക്ക് 5,000 രൂപയുടെ വ്യക്തിഗത വായ്പ തുടങ്ങിയവയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.