modi-and-xi

മുംബയ്: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന വേളയിലും ചൈനീസ് കമ്പനിക്ക് ശരണമായി ഇന്ത്യ. ചൈനീസ് കമ്പനിയായ 'ഗ്രേറ്റ് വാൾ മോട്ടോഴ്‌'സാണ് ഇന്ത്യയിൽ ശതകോടികളുടെ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. ഒരു ബില്ല്യൺ ഡോളറിന്റെ(ഏകദേശം 760 കോടി രൂപ) നിക്ഷേപം നടത്തുന്നതിനായി മഹാരാഷ്ട്ര സർക്കാരുമായുള്ള ധാരണാപത്രത്തിൽ(എം.ഒ.യു) കമ്പനി ഒപ്പിട്ടതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

മഹാരാഷ്ട്രയിലെ തലേഗാവിൽ അതിനൂതനമായ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായാണ് ഗ്രേറ്റ് വാൾ മോട്ടോഴ്‌ സംസ്ഥാന സർക്കാരുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഇന്ത്യയിലെ ചൈനീസ് അംബാസഡർ സുൻ വെദോങ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കമ്പനി പ്രതിനിധികൾ ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഘട്ടം ഘട്ടമായാണ് കാർ നിർമാണ കമ്പനി ഒരു ബില്ല്യൺ ഡോളറിന്റെ നിക്ഷേപം എത്തിക്കുക.

ഇതുവഴി സംസ്ഥാനത്തെ 3000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് മഹാരാഷ്ട്ര സർക്കാർ കണക്കുകൂട്ടുന്നത്. തലേഗാവിൽ ഒരു വാഹന നിർമാണ പ്ലാന്റ് ഇപ്പോൾ നിലവിലുണ്ട്. ഇവിടേക്ക് കൂടുതൽ സൗകര്യം എത്തിക്കാനും സാങ്കേതിക സൗകര്യങ്ങൾ വിപുലീകരിക്കാനുമാണ് ഗ്രേറ്റ് വാൾ മോട്ടോഴ്‌ ലക്ഷ്യമിടുന്നത്. കമ്പനിയിൽ 'റോബോട്ടിക്‌സ്' സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി കാറുകൾ നിർമിക്കാനാണ് ഗ്രേറ്റ് വാൾ മോട്ടോർസ് ലക്ഷ്യമിടുന്നത്.