war

ഇന്നലെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ച സൈനികരുടെ ജീവഹാനി വളരെ ആശങ്കാജനകമാണ്. കാരണം,​ സാധാരണഗതിയിൽ ഒരുവർഷം 400-ൽ പരം ലംഘനങ്ങൾ ഇന്ത്യ-ചൈന അതിർത്തിയിൽ നടക്കാറുണ്ടെങ്കിലും ഇവയിലൊന്നും തന്നെ സൈനികർക്ക് ജീവഹാനി സംഭവിച്ചിട്ടില്ല. 45 വർഷങ്ങൾക്കുമുമ്പ്,​ 1975 ൽ അരുണാചൽ പ്രദേശിൽവച്ച് അസാം റൈഫിൾസിലെ നാലു ജവാന്മാർക്ക് ജീവഹാനി സംഭവിച്ചതാണ് ഇത്തരത്തിലുള്ള അവസാന സംഭവമായി കണക്കാക്കുന്നത്. ഇന്ത്യയുമായി നയതന്ത്രബന്ധം ഇല്ലാതിരുന്ന ഘട്ടത്തിൽ നടന്ന സാഹചര്യങ്ങളിലേക്ക് അതിർത്തിയിലെ നിലവിലെ അവസ്ഥ മാറുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

സാധാരണ അതിർത്തിയിലുണ്ടാകുന്ന സംഘർഷങ്ങൾ ഏതെങ്കിലും പ്രദേശത്ത് ഒതുങ്ങിനിൽക്കുന്നതും പ്രാദേശികതലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതുമായ രീതിയാണുള്ളത്. എന്നാൽ,​ ചിലഘട്ടങ്ങളിൽ വലിയതോതിലുള്ള സംഘർഷങ്ങൾക്കും അതിർത്തി വേദിയായിട്ടുണ്ട്. 2013ൽ വടക്കൻ ലഡാക്കിലെ ദെപ്സാംഗ്,​ 2014ൽ കിഴക്കൻ ലഡാക്കിലെ ചുമാർ,​ 2017ൽ

ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലെ ദോക്‌ലാം,​ പിന്നീട് ഇപ്പോഴത്തെ അതിർത്തിയിലുടനീളം ഉണ്ടായ സംഘർഷം​ തുടങ്ങിയവയിലൊക്കെ ഉയർന്ന തലത്തിലെ രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമായി വന്നിട്ടുണ്ട്.

ഇപ്പോഴത്തെ സംഘർഷത്തിന്റെ വലിയ പ്രത്യേകത,​ 3000 ൽപ്പരം കി. മീ നീളത്തിൽ കിടക്കുന്ന അതിർത്തിയുടെ പല സ്ഥലങ്ങൾ ഒരേസമയം,​ സംഘർഷവേദിയായി എന്നതാണ്. ഈ വ്യാപകസംഘർഷം പ്രാദേശികതലത്തിലെ ഉരസലുകളെക്കാൾ ഉപരിയായി ഉന്നതതല തീരുമാനങ്ങളുടെ ഭാഗമായി സംഭവിച്ചു എന്നാണ് വിലയിരുത്തൽ. മറ്റൊരു പ്രത്യേകത സാധാരണ ചൈനീസ് സൈന്യത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങൾ ശ്രദ്ധയിൽ പെടുത്തുകയോ പ്രതിരോധിക്കുകയോ ചെയ്യുമ്പോൾ പിന്മാറുകയാണ് പതിവ്. എന്നാൽ,​ ഇത്തവണ ഉന്നതതല ചർച്ച നടത്തിയിട്ടുപോലും ഗാൽവാൻ താഴ്വരയിൽ പാംഗോംഗ്സോ തടാകക്കരയിലെ മലനിരകളിൽനിന്ന് പിന്മാറാൻ ഇനിയും ചൈനീസ് സൈന്യം തയ്യാറായിട്ടില്ല. ഏകദേശം 40-60 സ്ക്വയർ കി. മീ ഇന്ത്യൻ പ്രദേശത്തേക്ക് ചൈന കടന്നുകയറിയതായിട്ടാണ് വിദേശമാദ്ധ്യമങ്ങൾ പറയുന്നത്. ഈ പ്രദേശത്തുനിന്ന് ചൈനയെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമമായിരിക്കാം സംഘർഷത്തിലും ഇരുഭാഗത്തെയും സൈനികരുടെ ജീവഹാനിയിലും കലാശിച്ചത്.

പ്രകോപനമായത് നിർമ്മാണപ്രവർത്തനങ്ങളോ

നിലവിലെ സംഘർഷങ്ങൾക്ക് ചില അടിസ്ഥാന കാരണങ്ങളുണ്ട്. ഒന്നാമതായി അതിർത്തിയിലെ സൈനിക സന്നാഹങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും ഇന്ത്യ,​ ചൈനയെക്കാൾ 10 വർഷം പിറകിലാണ്. ഈ പിന്നാക്കാവസ്ഥ മറികടക്കാൻ ഇന്ത്യ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡുകൾ,​ പാലങ്ങൾ,​ ഹെലിപ്പാടുകൾ തുടങ്ങിയവ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും അത് അംഗീകരിക്കാൻ ചൈന തയ്യാറല്ല. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് സംഘർഷത്തിന്റെ പ്രധാന കാരണം. മറ്റൊന്ന്,​ ലഡാക്കിന്റെ ഭാഗമായിട്ടുള്ള അക്സായിചിൻ പീഠഭൂമി പൂർണമായും തങ്ങളുടെ അധീനതയിലാക്കാൻ ചൈന ആഗ്രഹിക്കുന്നു. എന്നാൽ,​ ഈ ശ്രമങ്ങൾക്ക് വലിയൊരു ഭീഷണിയാണ് 2019 ആഗസ്റ്രിൽ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി,​ നേരിട്ടുള്ള ഡൽഹി ഭരണത്തിൻ കീഴിലാക്കിയപ്പോൾ സംഭവിച്ചത്. മാത്രമല്ല,​ അക്സായിചിൻ ഇന്ത്യയുടെ ഭാഗമാണെന്നുള്ള അമിത് ഷായുടെ പാർലമെന്റിലെ പ്രസ്താവനയും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.

വിമർശിച്ചാൽ തിരിച്ചടിക്കും

എന്നാൽ,​ എന്തുകൊണ്ടാണ് ലോകം കൊവിഡിനെതിരെ പൊരുതുന്ന സമയത്ത് ഇത് സംഭവിച്ചത്?​ കൊവിഡിനെ ചൈന കൈകാര്യം ചെയ്ത രീതിയെ അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും ഒപ്പംചേർന്ന് ഇന്ത്യയും വിമർശിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയിലും ഇന്ത്യ,​ ചൈനാവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. വിമർശിക്കുന്നവർക്ക് എതിരെയെല്ലാം അക്രമണോത്സുകമായ നിലപാടാണ് ചൈനയെടുത്തിട്ടുള്ളത്. ഇന്ത്യ- ചൈന അതിർത്തിയിലെ സംഘർഷങ്ങളോടൊപ്പം ഹോങ്കോംഗിലെ പുതിയ സുരക്ഷാ നിയമത്തെയും തെക്കുചൈന കടലിലെ സമുദ്രാതിർത്തി രാജ്യങ്ങളുമായുള്ള പുതിയ സംഘർഷങ്ങളെയും തായ്‌വാനെതിരെ എടുത്ത കടുത്ത നിലപാടുകളെയും ഒക്കെ ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്.

കൈക്കരുത്ത് തന്ത്രം

എന്നാൽ,​ ഇതിനെക്കാൾ ഗൗരവമായി കാണേണ്ടത് അതിർത്തിയിലെ തത്‌സ്ഥിതി നിലനിറുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന അംഗീകരിക്കുന്നില്ല എന്നതാണ്. അതിർത്തിരാജ്യങ്ങളിൽ തങ്ങൾക്കുവേണമെന്ന് തോന്നുന്ന പ്രദേശങ്ങളിൽ കടന്നുകയറി നിലയുറപ്പിച്ചതിനുശേഷം കൈക്കരുത്ത് കാട്ടി ആ പ്രദേശം സ്വന്തമാക്കുക എന്നതാണ് ചൈനീസ് തന്ത്രം. ഇന്ത്യ പരമ്പരാഗതമായി പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഗാൽവാൻ താഴ്വരയിൽ നിന്ന് ചർച്ചകൾക്കുശേഷവും പിന്മാറാൻ തയ്യാറാകാത്തത് ഈ തന്ത്രത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡായി കാണാവുന്നതാണ്. ചൈന ഈ തന്ത്രം സാധാരണ പയറ്റുന്നത് തങ്ങളെക്കാൾ ശക്തി കുറഞ്ഞവരോടാണ്. വൻശക്തിയായിക്കൊണ്ടിരിക്കുന്ന ചൈനയുടെ സൈനികഗുണ്ടായിസമാണ് അതിർത്തിയിലെ സംഘർഷങ്ങളുടെ മൂലകാരണം. ഇത് വകവച്ചുകൊടുക്കാൻ ഇന്ത്യ തയ്യാറാകാത്തതുകൊണ്ടുതന്നെ അതിർത്തി ശാന്തമാകാൻ സമയമെടുക്കും.