കോന്നി : മുൻ ദേശീയ വോളിബോൾ താരവും കേരള ക്യാപ്ടനുമായിരുന്ന ഡാനിക്കുട്ടി ഡേവിഡ് (60) അന്തരിച്ചു. മല്ലശേരി നെടിയവിളയിൽ പരേതനായ മാമൻ ഡേവിഡിന്റെയും അന്നമ്മയുടെയും മകനായ ഡാനിക്കുട്ടി ദേശീയ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അസുഖത്തെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് മരിച്ചത്.
1981 ൽ കേരള യൂണിവേഴ്സിറ്റി ക്യാപ്ടനായി. 11 ദേശീയ ചാമ്പ്യൻഷിപ്പുകളിലും നിരവധി സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 85-86 ൽ ഡൽഹിയിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്ടനായിരുന്നു.സ്വന്തം നാട്ടിൽ നിന്ന് വോളിബോൾ പ്രതിഭകളെ കണ്ടെത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വലുതാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വോളിബോൾ രംഗത്ത് എത്തിയവരും നിവരധിയയാണ്.
തിരുവനന്തപുരം ടൈറ്റാനിയത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഡാനിക്കുട്ടി കഴിഞ്ഞ മാസം 31 നാണ് വിരമിച്ചത്. ഭൗതികശരീരം നാളെ രാവിലെ 7 മുതൽ പത്ത് വരെ കൊന്നപ്പാറയിലെ ഭാര്യാ വസതിയിലും 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പൂങ്കാവ് വൈ.എം.സി.എ ഹാളിലും പൊതുദർശത്തിന് വയ്ക്കും. തുടർന്ന് മല്ലശേരി ബേത്‌ലഹേം മാർത്തോമ്മ പള്ളിയിൽ സംസ്കരിക്കും.
ഭാര്യ : കൊന്നപ്പാറ മോദിയിൽ ആനിയമ്മ. മക്കൾ : ഡെന്നീസ്, ആലീസ്. സഹോദരങ്ങൾ : തോമസ്, ഡേവിഡ്, കുഞ്ഞുമോൾ, മേരിക്കുട്ടി, വത്സമ്മ, പരേതരായ എൻ.ഡി. വർഗീസ്, അന്നമ്മ.