dead-body

അഹമ്മബാദ്: കൊവിഡ് ഭീതി മൂലം ഉറ്റവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ ബന്ധുക്കൾ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ അഹമ്മദാബാദ് സിവിക് ആശുപത്രിയിൽ ബന്ധുക്കളെയും കാത്ത് 17 മൃതദേഹങ്ങളാണുള്ളത്. മേയ് ഒന്നു മുതലുള്ള കണക്കാണിത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ 12 എണ്ണം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് മൃതദേഹങ്ങളുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞെങ്കിലും അവരുടെ അനുമതി ലഭിക്കാത്തതിനാൽ സംസ്‌കരിക്കാനായിട്ടില്ല. മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറിയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൊത്തം 47 മൃതദേഹങ്ങളാണ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ 30 പേരുടെ മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയി. അഹമ്മദാബാദ് മിററാണ് ആശുപത്രി അധികൃതകരെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചട്ടപ്രകാരം ഏഴ് ദിവസത്തിന് ശേഷം അവകാശികളെത്തിയില്ലെങ്കിൽ പ്രോട്ടോക്കോൾ പാലിച്ച് അധികൃതർക്ക് സംസ്‌കരിക്കാം. എന്നാൽ, അവകാശികൾ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ടെന്ന കാരണത്താൽ സംസ്‌കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് ഭീതി കാരണമാണ് ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ എത്താതെന്ന് സ്‌പെഷ്യൽ ഓഫിസർ ഡോ. എംഎം പ്രഭാകർ അഹമ്മദാബാദ് മിററിനോട് പറഞ്ഞു. ഇവർ കൊവിഡ് ബാധിച്ചാണോ മരിച്ചത് എന്നതിനും രേഖകളില്ല.

ചിലർ ചികിത്സയിലിരിക്കെ മരിച്ചു. ഇവരുടെ ബന്ധുക്കളെക്കുറിച്ച് വിവരമില്ല. ബന്ധുക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് സർജൻ ഡോ. മനീഷ് ഘെലാനി പറഞ്ഞു. ആശുപത്രിയിൽ മരിച്ച വിരേന്ദ്ര ഷാ എന്നയാളുടെ മൃതദേഹം സംസ്‌കരിക്കാൻ മകൻ അനുമതി നൽകിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം തിരിച്ചറിയാൻ ആശുപത്രിയിലെത്താൻ ബന്ധുക്കൾക്ക് ഭയമാണെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഏറ്റവും കൂടുതൽ ഗുജറാത്തിലാണ്. അഹമ്മദാബാദ് സിവിക് ആശുപത്രിയിലാണ് ഗുജറാത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത്.