ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ഇന്ന് തിരികെ, ആദ്യ മത്സരം ആസ്റ്റൺ വില്ലയും ഷെഫീൽഡും തമ്മിൽ
ലണ്ടൻ : ജർമ്മനിയിലും ഇറ്റലിയിലും സ്പെയിനിലും കളി തുടങ്ങിയതിന് പിന്നാലെ ഇന്ന് മുതൽ വീണ്ടും ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിലും പന്തുരുണ്ടു തുടങ്ങും.
കൊവിഡിനെ തുടർന്ന് മൂന്നുമാസമായി നിറുത്തിവച്ചിരുന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരങ്ങൾ ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് ആസ്റ്റൺ വില്ലയും ഷെഫീൽഡ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെയാണ് പുനരാരംഭിക്കുക. ആസ്റ്റൺ വില്ലയുടെ ഹോംഗ്രൗണ്ടായ വില്ല പാർക്കിൽ കാണികളില്ലാതെയാണ് മത്സരം നടക്കുക.
പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലുള്ള പോരാട്ടവും ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 12.45 നാണ് സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഈ മത്സരം തുടങ്ങുന്നത്. 30 വർഷത്തിന് ശേഷമുള്ള ആദ്യ ഫസ്റ്റ് ഡിവിഷൻ കിരീടത്തിനായി കാത്തിരിക്കുന്ന ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലുള്ള മത്സരം നിർണായകമാണ്. ഈ മത്സരത്തിൽ ആഴ്സനൽ ജയിക്കുകയാണെങ്കിൽ ലിവർപൂളിന് മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ എവർട്ടണെ കീഴടക്കി കിരീടത്തിൽ മുത്തമിടാം. ഞായറാഴ്ചയാണ് ലിവർപൂളും എവർട്ടണും തമ്മിലുള്ള മത്സരം.
ലിവർപൂൾ ഈ സീസണിലെ 29 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് നേടിയാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. രണ്ടാംസ്ഥാനക്കാരായ സിറ്റിക്ക് 28 മത്സരങ്ങളിൽ നിന്ന് 57 പോയിന്റേയുള്ളൂ.
ഇറ്റാലിയൻ കോപ്പയിൽ ഇന്ന് കലാശക്കളി
നേപ്പിൾസ് : ഇറ്റാലിയൻ സെരി എയുടെ രണ്ടാം വരവിന് തിരിതെളിയുന്നതിന് തൊട്ടു മുമ്പ് ഇറ്റാലിയൻ ഫുട്ബാളിൽ ഒരു കലാശക്കളിക്ക് അരങ്ങൊരുങ്ങി. കോപ്പ ഇറ്റാലിയ ടൂർണമെന്റിൽ ഫൈനലാണ് ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതൽ നേപ്പിൾസിലെ ഒളിമ്പിക്കോ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ നടക്കുന്നത് സെരി എയിലെ ചാമ്പ്യൻ ക്ളബ് യുവന്റ്സും മുൻ ചാമ്പ്യൻമാരായ നാപ്പോളിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് കോപ്പ ഇറ്റാലിയയുടെ ആദ്യപാദ സെമി ഫൈനലുകൾ പൂർത്തിയായിരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ടാംപാദ സെമി ഫൈനലുകൾ നടത്തിയത്. സെമി ഫൈനലുകൾ രണ്ടിലും വിജയിക്കാൻ കഴിയാതിരുന്ന യുവന്റ്സ് എ സി മിലാനെ എവേ ഗോളിൽ പിന്തള്ളിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത് . ആദ്യ സെമി ഫൈനലിൽ ഇരുവരും 1-1 ന് സമനിലയിൽ പിരിയുകയായിരുന്നു.