വടകര: ആർ.എം.പി സ്ഥാപകനേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അന്തരിച്ച പി.കെ. കുഞ്ഞനന്തനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണു വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
'സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളടെയും ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനാണ് കുഞ്ഞനന്തൻ' എന്ന മുഖ്യമന്ത്രിയുടെ കുറിപ്പ് കൊലക്കേസ് പ്രതിയെ സംരക്ഷിക്കുന്നതിന്റെ തെളിവാണെന്ന്കാണിച്ചുകൊണ്ടാണ് വക്കീൽനോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതിയെ പ്രകീർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവ്യവസ്ഥയുടെ ലംഘനവും കോടതിയെ അവഹേളിക്കുന്നതുമാണ്. മുഖ്യമന്ത്രി പദവിയിൽ ഇരുന്നുകൊണ്ടുള്ള ഈ പ്രവൃത്തി ഭരണഘടനാ ലംഘനമാണ്. വേണു ചൂണ്ടിക്കാട്ടുന്നു.
ഈ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിൻവലിക്കണമെന്ന് പി. കുമാരൻകുട്ടി മുഖേന അയച്ച വക്കീൽ നോട്ടീസിൽ വേണു ആവശ്യപ്പെട്ടു. പ്രസ്താവന തിരുത്താൻ തയാറായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറയുന്നുണ്ട്.