
1999ൽ പാക് ടീമിന് ചെന്നൈയിൽ കിട്ടിയ അഭിനന്ദനം മറക്കാനാവില്ലെന്ന് മുൻ പാകിസ്ഥാൻ നായകൻ വാസിം അക്രം
ലാഹോർ: 1999ലെ പാകിസ്ഥാന്റെ ഇന്ത്യൻ പര്യടനം ഒരിക്കലും മറക്കാനാവാത്തതാണെന്നും ഏറ്രവും സ്പെഷ്യലാണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വസിം അക്രം. ഓസീസ് താരം ഷേൻ വാട്സണുമായുള്ള ചാറ്റ് ഷോയിലാണ് അന്ന് ചെന്നൈ ടെസ്റ്രിലെ പാകിസ്ഥാന്റെ വിജയവും കാണികൾ നൽകിയ സ്റ്റാൻഡിംഗ് ഓവിയേഷനും തന്റെ ജീവിതത്തിലെ ഏറ്രവും മഹത്തരമായ ഓർമ്മയാണെന്ന് അക്രം വെളിപ്പെടുത്തിയത്. അക്രത്തിന്റെ വാക്കുകളിലൂടെ...
ഓർക്കുമ്പോഴേ രോമാഞ്ചം
ഞാനായിരുന്നു ആ പര്യടനത്തിൽ പാകിസ്ഥാൻ ടീമിനെ നയിച്ചത്. പത്ത് വർഷത്തിന് ശേഷമാണ് പാകിസ്ഥാനും ഇന്ത്യയും ടെസ്റ്റിൽ മുഖാമുഖം വരുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ചെന്നൈയായിരുന്നു ടെസ്റ്ര് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ വേദി. സ്റ്റേഡിയം നിശബ്ദമായാൽ നമ്മൾ നമ്മുടെ ജോലി ഭംഗിയായി ചെയ്തുവെന്നാണ് അർത്ഥം - എന്ന് ഞാൻ എന്റെ ടീമംഗങ്ങളോട് പറഞ്ഞു. മത്സരം ഞങ്ങൾ ജയിച്ചു. മാത്രമല്ല ഇന്ത്യ - പാക് പോരാട്ടങ്ങളുടെ ചരിത്രത്തിലാദ്യമായി ഞങ്ങൾക്ക് ഇന്ത്യൻ കാണികളിൽ നിന്ന് സ്റ്രാൻഡിംഗ് ഓവിയേഷൻ ലഭിച്ചു. മത്സര ശേഷം ചെന്നൈയിലെ പ്രബുദ്ധരായ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ച് ഞങ്ങളെ അഭിനന്ദിക്കുകയായിരുന്നു. ഞങ്ങൾ അവർക്കുള്ള നന്ദിയെന്നോണം ഗ്രൗണ്ടിന് ചുറ്രും വിക്ടറി ലാപ്പ് നടത്തി. ഇപ്പോഴും രോമാഞ്ചത്തോടെയേ ആ സംഭവം ഓർക്കാനാകൂ. അതിനാൽ തന്നെ ആ പര്യടനം എനിക്ക് വളരെ സ്പെഷ്യലാണ്.
ഇന്ത്യക്കെതിരെ ഫോമായാൽ ശ്രദ്ധിക്കപ്പെടും
ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാൽ പാകിസ്ഥാനിൽ നിങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഇന്ത്യൻ താരങ്ങളുടെ അവസ്ഥയും ഇതുപോലെ തന്നെയാണെന്നാണ് എന്റെ ധാരണ. തൊണ്ണൂറുകളിൽ ധാരാളം മത്സരങ്ങളിൽ ഇന്ത്യയെ തോല്പിക്കാൻ പാകിസ്ഥാനായിരുന്നു. എന്നാൽ ഇപ്പോൾ കഥമാറി. കാര്യങ്ങളെ പോസിറ്റീവായി കണ്ട് സമീപിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ആത്മവിശ്വാസവും കൃത്യമായ തയ്യാറെടുപ്പുമുണ്ടെങ്കിൽ ഏത് സമ്മർദ്ദത്തെയും മറികടക്കാം.