ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരവും ദേശത്തിന്റെ അഖണ്ഡതയും പ്രതിജ്ഞാബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്ന് പ്രസ്താവന പുറത്തിറക്കി ഇന്ത്യൻ കരസേന. ഇന്ത്യൻ, ചൈനീസ് സേനകൾ ഗാൽവാൻ താഴ്വരയിൽ നിന്നും പിൻവാങ്ങിയിട്ടുണ്ടെന്നും സേന വിശദമാക്കി.
ഇന്നലെ രാത്രിയിൽ ഉണ്ടായ ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 17 സൈനികർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. അവർക്ക് പൂജ്യം ഡിഗ്രിക്ക് താഴേയുള്ള തണുപ്പിൽ കഴിച്ചുകൂട്ടേണ്ടി വരികയും അങ്ങനെ അവർ മരണപ്പെടുകയും ചെയ്തു. കരസേന പറയുന്നു.
ഇങ്ങനെയാണ് ഇന്ത്യൻ സൈനികരുടെ മരണസംഖ്യ 20ലേക്ക് ഉയർന്നതെന്നും കരസേനാ വൃത്തങ്ങൾ പറയുന്നു. സംഘർഷത്തിൽ 43 ചൈനീസ് സൈനികരെ ഇന്ത്യൻ സേനയും വധിച്ചിട്ടുണ്ട്.
അതേസമയം, തങ്ങളുടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ ചൈന പീപ്പിൾസ് ലിബറേഷൻ ആർമി ഹെലികോപ്റ്റർ ഗാൽവാനിലെ നിയന്ത്രണരേഖയിൽ(ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ) എത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
ഇന്നലെ രാത്രിയാണ് ഇന്ത്യാ-ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ വച്ച് സംഘർഷം സേനകൾ തമ്മിൽ കടുത്ത സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഒരു കരസേനാ ഓഫീസറും രണ്ട് സൈനികരും വീരമൃത്യു വരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
കേണൽ റാങ്കിലുള്ള ബി. സന്തോഷ് ബാബുവാണ് മരണപ്പെട്ടവരിൽ ഒരാളെന്നും വാർത്ത വന്നിരുന്നു. സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീർക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അതിർത്തിയിൽ സംഘർഷമുണ്ടായത്.