un

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ അദ്ധ്യക്ഷൻ അന്റോണിയോ ഗുട്ടറസ്. 'ഇരുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ അക്രമവും മരണങ്ങളും ഞങ്ങളിൽ ആശങ്കയുളവാക്കുന്നു. ഇരുപക്ഷങ്ങളും സംയമനം പാലിക്കണം.പ്രശ്നം പരിഹരിക്കാൻ ഇരു രാജ്യങ്ങളും ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് നല്ല സൂചനയാണ്.'-'യു.എൻ അദ്ധ്യക്ഷന്റെ വക്താവ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയും പ്രതികരിച്ചു. ഇരു രാജ്യങ്ങളും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അമേരിക്കൻ വക്താവ് അറിയിച്ചു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അമേരിക്ക വ്യക്തമാക്കി.

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുള്ള ധാരണകൾ ലംഘിച്ച് ചൈന നടത്തിയ പ്രകോപനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ ചൈനീസ് പക്ഷത്ത് 43 സൈനികർ മരണമടഞ്ഞതായി റിപ്പോർട്ടുണ്ട്.

സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിച്ചതായാണ് ആദ്യ റിപ്പോർട്ട് വന്നത്.എന്നാൽ, പരക്കേറ്റ 17 പേർ കൂടി മരണമടഞ്ഞതായി ഇന്നലെ രാത്രി വൈകി കരസേന സ്ഥിരീകരിക്കുകയായിരുന്നു.