അതിർത്തി തർക്കത്തിന്റെ പേരിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ലോകം കൊവിഡ് ഭീതിയിൽ നിൽക്കുന്ന അവസരത്തിൽ അതിർത്തിയിൽ ഉടലെടുത്ത സംഘർഷത്തിൽ ലൊകമെമ്പാടുമുള്ള സമാധാന പ്രേമികൾ ആശങ്കയിലാണ്. ഇത്തരമൊരു സമയത്ത് ചൈന പ്രകോപനം സൃഷ്ടിക്കുന്നതിന്റെ കാരണം എന്തായിരിക്കും ? ഇന്ത്യയുടെ മുൻ അംബാസിഡറും നയതന്ത്ര വിദഗ്ദ്ധനുമായ ടി.പി.ശ്രീനിവാസന്റെ നിരീക്ഷണം ഇപ്രകാരമാണ്.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയ്ക്കുള്ള ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ (എൽ.എ.സി) എന്ന സാങ്കല്പിക രേഖ രണ്ട് രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. അത് നിർണയിക്കേണ്ടത് ഇപ്പോൾ നടന്നുവരുന്ന ഉന്നതതല പ്രതിനിധി ചർച്ചകളാണ്. പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തികൾ നിർണിയക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ഈ ചർച്ചകൾ നടക്കുന്നതും. അതേസമയം, ചൈനയുടെ ഭാഗത്ത് നിന്ന്, ഇന്ത്യ ഇന്ത്യയുടേതാണെന്ന് ഉറച്ച് വിശ്വസിക്കുന്ന പ്രദേശങ്ങളിലേക്ക് പലതരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഏറ്റവും ഒടുവിൽ ആവർത്തിച്ചത് ദോക്ലാമിലാണ്. അവിടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. എന്നാൽ ഇന്ത്യ പിന്മാറിയിട്ടും ചൈന അവിടെ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഉപഗ്രഹ ചിത്രങ്ങൾ പോലും വ്യക്തമാക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും തമ്മിൽ പുതിയൊരു സ്ഥലത്ത് സംഘർഷം ഉണ്ടായിരിക്കുന്നത്. പുതിയ സ്ഥലമെന്ന് പറയുന്നത് ലഡാക്കിലെ ഗാൽവൻ താഴ്വരയാണ്. അവിടെ ഇന്ത്യ റോഡ് പണിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് ചൈന പറയുന്നത്. എന്നാൽ, ഇന്ത്യയുടെ സ്ഥലമാണെന്ന് ചൈനയും അംഗീകരിച്ചിട്ടുള്ള സ്ഥലത്ത് കൂടിയാണ് നമ്മൾ റോഡ് പണിതിട്ടുള്ളത്. അതാണ് ഇതിന്റെയൊരു വ്യത്യാസം.
45 വർഷത്തിനിടെ ഒരു വെടിയുണ്ട പോലും ഇന്ത്യ ചൈന അതിർത്തിയിൽ പായിക്കപ്പെട്ടിട്ടില്ലെന്ന വസ്തുത നിലനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ സംഭവവികാസം. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. അത് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ എടുത്തിരുന്ന നിലപാട് പ്രശ്നം പ്രയാസമില്ലാതെ പരിഹരിക്കാം എന്നതായിരുന്നു. കമാൻഡർ തലത്തിൽ പ്രശ്നം പരിഹരിക്കാമെന്ന് തന്നെയാണ് സർക്കാർ ഇപ്പോഴും പറയുന്നത്. അതേസമയം, പുറത്ത് നിന്നുള്ള വാർത്തകൾ മറ്റൊന്നാണ്. അതിർത്തിയിൽ മുഷ്ടിയുദ്ധം നടക്കുന്നു, കൂടുതൽ ട്രക്കുകളും ഹെലികോപ്ടറുകളും എത്തുന്നു എന്നതാണ്. എന്നിട്ടും ഇതൊരു വലിയ പ്രതിസന്ധി ആണെന്ന തരത്തിൽ സർക്കാർ പ്രചാരണം നടത്തിയില്ല. പക്ഷേ, സർക്കാർ പറയുന്നതിലും കൂടുതൽ ഗുരുതരമാണ് സ്ഥിതിയെന്ന് പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. ചർച്ചകളുടെ വിവരങ്ങൾ പലപ്പോഴും സർക്കാരുകൾ പുറത്തുവിടാറില്ല. പ്രശ്നം പരിഹരിക്കുകയെന്നതാണ് പ്രധാനം. അല്ലാതെ യുദ്ധം ഉണ്ടാകുമെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
ബന്ധം മോശമാക്കാൻ ചൈന ആഗ്രഹിക്കുന്നോ?
ഇപ്പോൾ വെടിവയ്പ് ഉണ്ടായിട്ടില്ലെങ്കിലും മൂന്ന് സൈനികർ മരിച്ചുവെന്നത് പ്രാധാന്യത്തോടെ കാണണം. നേരത്തെ തന്നെ അറിയാവുന്ന ഒരുകാര്യം ഇതെല്ലാം അസാധാരണങ്ങളായ സംഭവമാണെന്നതാണ്. ഇന്ത്യചൈന ബന്ധത്തെ മോശമായ തലത്തിലേക്ക് കൊണ്ടുപോകാൻ ചൈനീസ് നേതൃത്വം ആഗ്രഹിക്കുന്നു എന്നാണ് ചൈനയെപ്പറ്റി അറിയാവുന്നവർ പറയുന്നത്. അത് ഒരുതരത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ ഇതിനെ ന്യായീകരിക്കുന്നത്, ഇരുസേനകളും പിൻവാങ്ങുന്ന സമയത്തുണ്ടായ അഭിപ്രായഭിന്നതകൾ ഉണ്ടായി അത് സംഘട്ടനമായി മാറിയെന്നതാണ്. തോക്കിന്റെ പാത്തിയും ദണ്ഡു കൊണ്ടുമുള്ള അടിയേറ്റാണ് മരണമെന്നും റിപ്പോർട്ടുകളുണ്ട്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. ചൈനയും ഇക്കാര്യങ്ങളൊന്നും വിശദീകരിച്ചിട്ടില്ല. എന്തുകൊണ്ട് സംഭവിച്ചു, ഇനി എന്തു സംഭവിക്കുമെന്ന് ആർക്കും പറയാനാവാത്ത സ്ഥിതിയാണ്.
സംശയങ്ങൾ ബാക്കി
ചൈനയുടെ നീക്കങ്ങൾക്ക് പിന്നിൽ പ്രധാനമായും മൂന്ന് സംശയങ്ങളാണുള്ളത്. കൊവിഡിന് ശേഷമുള്ള ലോകത്തിന്റെ നേതൃത്വം ആരുടെ കൈയിലാണെന്നതാണ് ഒന്നാമത്തേത്. ഇതുവരെ അമേരിക്കയുടെ കൈയിലായിരുന്നു. എന്നാൽ, കൊവിഡിന് ശേഷം യു.എസ് വളരെ ക്ഷീണിതരാണ്. ലോകം മുഴുവൻ മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുമ്പോൾ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടാക്കി മേൽക്കൈ സൃഷ്ടിക്കുകയാകാം ചൈനയുടെ ലക്ഷ്യം. ലോകത്തിന്റെ നേതൃത്വം കൈയാളാൻ ശക്തി പ്രയോഗിക്കുയോ സമാധാനം പ്രയോഗിക്കുയോ ചെയ്യുന്നുണ്ടോയെന്നത് മറ്റൊരു കാര്യം. ശക്തി കാണിച്ചാൽ തങ്ങൾക്ക് നേതൃത്വം ലഭിക്കുമെന്ന ധാരണയാലായിരിക്കാം ചൈനയുടെ ഇപ്പോഴത്തെ നിലപാടുകളെന്നും കരുതുന്നവരുണ്ട്.
രണ്ടാമത്തേത്, ഈ സമയത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് സഹായങ്ങൾ കിട്ടാൻ കുറവാണെന്നതാണ്. അമേരിക്കയോട് ഇന്ത്യ കൂടുതൽ അടുക്കുന്നതും ഇന്ത്യയെ ജി7 ലേക്ക് ക്ഷണിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതും ചൈനയ്ക്കും ഇഷ്ടമായിട്ടില്ല. ഇതൊക്കെ കൊണ്ടുതന്നെ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന സന്ദേശവും ചൈന നൽകുന്നു. മൂന്നാമത്തേത് പ്രതികാരമാണ്. കൊവിഡിന്റെ കാര്യത്തിൽ ഇന്ത്യ, പ്രത്യേകിച്ചും പ്രധാനമന്ത്രി ചൈനയെ ഇതുവരെ വിമർശിച്ചിട്ടില്ല. എന്നാൽ, കൊവിഡ് സൃഷ്ടിച്ചത് ചൈനയാണെന്ന് ട്രംപ് ഊന്നിപ്പറയുകയും ചെയ്തു. എന്നാൽ, ലോക ഹെൽത്ത് അസംബ്ളിയിൽ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പ്രമേയത്തെ ചൈന എതിർത്തു. അത് അന്വേഷണം മാത്രമായാണ് തുടങ്ങിവച്ചത്. എന്നാൽ പിന്നീട് അതൊരു പുനരവലോകനമായി മാറ്റി. ആരാണ് കൊവിഡിന് കാരണമെന്നും എന്തുകൊണ്ടാണ് ചൈന സത്യം പറയാത്തതെന്നും അറിയേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചൈന അസംബ്ളിയിൽ പരാജയപ്പെട്ടു. ആ പ്രമേയത്തെ പിന്തുണച്ച 128 രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഇത് ശത്രുതാപരമായ പ്രവൃത്തിയായാണ് ചൈന കാണുന്നത്. അതിനാലാണ് പാഠം പഠിപ്പിക്കുകയെന്ന പഴയരീതി ചൈന അവംലബിക്കുന്നതെന്ന് സംശയിക്കണം. ഒരുപക്ഷേ ഇതെല്ലാം സംശയങ്ങൾ മാത്രമാണ്. ഇതിനൊക്കെ വ്യക്തമായ ഉത്തരം നൽകേണ്ടത് കേന്ദ്രസർക്കാരാണ്.
എൽ.എ.സി തിരിക്കാനാകില്ല
ഇരുരാജ്യങ്ങളും തമ്മിൽ എൽ.എ.സി നിർണിയിച്ചിട്ടുണ്ടെങ്കിലും വേലികെട്ടിയോ മറ്റോ ഇത് തിരിച്ചിട്ടില്ല. പട്രോളിംഗ് അവസാനിപ്പിക്കുന്നിടം തങ്ങളുടെ നിയന്ത്രണപരിധിയെന്ന് കണ്ടീഷൻ ചെയ്യപ്പെട്ടു കഴിഞ്ഞു. എൽ.എ.സി തിരിക്കാൻ അന്നും ഇന്നും നമുക്ക് വേറെ മാർഗമൊന്നുമില്ല. ഇപ്പോൾ 60 കിലോമീറ്റർ ദൂരം ചൈന കൈവശപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രദേശമാണെന്ന് ചൈന അംഗീകരിച്ചിട്ടുള്ളപ്പോഴാണിത്. ചൈന ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇന്ത്യ റോഡ് വെട്ടുന്നതിന്റെ ഉദ്ദേശ്യം തങ്ങളെ ആക്രമിക്കാനാണെന്നാണ് ചൈന കരുതുന്നത്. അങ്ങനെയാണെങ്കിൽ ചൈന റോഡ് വെട്ടിയാൽ ഇന്ത്യയ്ക്ക് എതിർക്കാവുന്നതേയുള്ളൂ. ചൈന ഇപ്പോൾ സ്വീകരിക്കുന്നത് സലാമി ടാക്ടിക് ആണ്. രണ്ട് ചുവട് മുന്നോട്ട് വയ്ക്കുമ്പോൾ ചർച്ച നടക്കും. അപ്പോൾ ഒരു ചുവട് പിന്നോട്ട് വയ്ക്കും. ഇതിലൂടെ ഒരു ചുവട് കൈയിലാകും. ഇതാണ് ചൈനയുടെ രീതി.
യുദ്ധമുണ്ടാകില്ല, ഇത് സൂചന മാത്രം
ചൈനയുടെ ഇപ്പോഴത്തെ നടപടി ഒരുതരത്തിലും ഇന്ത്യയുമായുള്ള യുദ്ധത്തിലേക്ക് പോകില്ല. അവർ ഇപ്പോൾ നൽകുന്നത് ഒരു സൂചന മാത്രമാണ്. തങ്ങളോട് നന്നായി പെരുമാറിയില്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്ന സൂചനയാണിത്. ചൈനയിൽ നിന്ന് വിട്ടുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോകുന്നുവെന്നും അവർക്ക് അതിന് ഇളവ് നൽകുമെന്നും ചൈനയെ നമ്മൾ ബഹിഷ്‌കരിക്കുമെന്ന റിപ്പോർട്ടുകളും കൂടിച്ചേർന്നുള്ള പ്രതികാരമാണ് ചൈന ഇപ്പോൾ പ്രകടിപ്പിക്കുന്നത്. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചൈന ഒരു യുദ്ധത്തിലേക്ക് പോയിട്ടില്ല. അമേരിക്ക ക്ഷീണിതരാകുമ്പോൾ മാത്രമാണ് ചൈന ഇന്ത്യയുമായി ഇടയുന്നത്. 1962ൽ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ ചൈന ക്യൂബയുടെ പ്രതിസന്ധി പരിഹരിക്കുകയായിരുന്നു. ഇല്ലെങ്കിൽ യുദ്ധത്തിന് മുമ്പ് തന്നെ യു.എസ് ഇടപെടുമായിരുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ ഒരു ആണവയുദ്ധം നടക്കില്ല. ലോകം അതിന് അനുവദിക്കില്ല. യുദ്ധമുണ്ടായാൽ നഷ്ടം ഇന്ത്യയ്ക്കും ചൈനയ്ക്കും മാത്രമല്ല, ലോകത്തിനും കൂടിയാണ്. അതിനാൽ തന്നെ മുൻകാലങ്ങളിലെപ്പോലെ ഈ പ്രശ്നവും പരിഹരിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും നല്ല സൗഹൃദത്തിലാണ്. സംഘർഷം സൈനികതലത്തിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിൽ ഹോട്ട്‌ലൈൻ ബന്ധമുണ്ടല്ലോ. മോദി തന്നെ മുൻകൈയെടുത്ത് ഷീയെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയും അങ്ങനെ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. എന്നാൽ, ഇന്ത്യ ചൈന ബന്ധം വഷളാകുന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നതാണെന്നതാണ് യാഥാർത്ഥ്യം.