പെരിന്തൽമണ്ണ: ഓട്ടോകൾക്ക് സൗജന്യമായി ഇന്ധനം നിറയ്ക്കാം എന്ന വാർത്ത കണ്ട് ഓട്ടോക്കാരെല്ലാം ഓടിയെത്തി. നൂറുകണക്കിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് നഗരത്തിലെ പെട്രോള്‍ പമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതറിഞ്ഞ് തടിച്ചുകൂടിയത്. രാജ്യത്ത് പെട്രോളിനും ഡീസലിനും ദിവസവും വില ഉയരുമ്പോൾ സൗജന്യമായി എണ്ണ അടിച്ച് തരാമെന്ന് പറഞ്ഞ ആ നല്ലമനസിന് ഓട്ടോക്കാർ നന്ദിയും പറഞ്ഞു.
പെരിന്തൽമണ്ണയിലെ യുവാവാണ് ഓട്ടോക്കാർക്ക് സൗജന്യമായി ഇന്ധനം നൽകാൻ ഒരു ലക്ഷം രൂപ പെട്രോൾ പമ്പിൽ ഏൽപ്പിച്ചത്. തിങ്കളാഴ്ച വെെകിട്ടായിരുന്നു സംഭവം. കുറച്ചധികം ഓട്ടോകളിൽ പെട്രോൾ അടിച്ചു കഴിഞ്ഞ ശേഷമാണ് സംഭവത്തിനു പിന്നിലെ കഥയറിയുന്നത്. അപ്പോഴേക്കും പല ദിക്കുകളിൽനിന്നായെത്തിയവർ 37,000 രൂപയുടെ ഇന്ധനം നിറച്ചുകഴിഞ്ഞിരുന്നു.
ഓട്ടോറിക്ഷക്കാർക്ക് സൗജന്യമായി ഇന്ധനം നിറച്ച് നൽകണമെന്നായിരുന്നു യുവാവ് പമ്പ് ഉടമയോട് ആവശ്യപ്പെട്ടത്. യുവാവിന്റെ ഒപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. യുവാവ് പറഞ്ഞത് അനുസരിച്ച് ഒരു ലക്ഷം രൂപ പമ്പുടമ വാങ്ങിവെച്ചു. പിന്നാലെ പെരിന്തൽമണ്ണയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം പായുകയും ഓട്ടോകൾ നിരനിരയായി കുതിച്ചെത്തുകയും ചെയ്തു.
ഇടയ്ക്ക് ചെറിയതോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണ് തുക പെട്രോൾ പമ്പിലേൽപ്പിച്ച യുവാവ്. ജൂബിലിറോഡ് സ്വദേശിയും ഓട്ടോഡ്രൈവറുമാണ്. ഇയാൾ സ്ഥലംവിറ്റ പണം വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിൽനിന്നാണ് ഒരുലക്ഷം രൂപ പമ്പ് ജീവനക്കാരെ ഏൽപ്പിച്ചത്. പമ്പിലെത്തിയ യുവാവ് ഓട്ടോറിക്ഷക്കാർ പാവപ്പെട്ടവരാണെന്നും വരുന്നവർക്കെല്ലാം അഞ്ചുലിറ്റർവീതം ഇന്ധനം നിറച്ചുകൊടുക്കാനും പറഞ്ഞു. ഇതനുസരിച്ച് പമ്പുകാർ ഓട്ടോകൾക്ക് സൗജന്യമായി ഇന്ധനം നൽകാൻ തുടങ്ങി. ഇതിനിടയിലാണ് യുവാവിനൊപ്പമുണ്ടായിരുന്ന മകൻ വീട്ടിലെത്തിയപ്പോൾ വിവരം പറഞ്ഞത്.
ചില ഓട്ടോക്കാരും പറഞ്ഞതോടെ വീട്ടുകാർ ചന്തയിൽ പരിചയമുള്ള കച്ചവടക്കാരനുമായി ബന്ധപ്പെട്ടു. ഇയാൾ പമ്പിലെത്തി വിതരണം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ 105 ഓട്ടോകളിൽ ഇന്ധനം നിറച്ചിരുന്നു. ഇതോടെ ഇന്ധനം നിറയ്ക്കുന്നത് നിർത്തി ബാക്കി പണം തിരിച്ചേൽപ്പിച്ചു. സൗജന്യമായി ഇന്ധനം നിറച്ചവർ സാധിക്കുമെങ്കിൽ പണം തിരികെ നൽകണമെന്നറിയിച്ചുള്ള സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതറിഞ്ഞ ഓട്ടോ ഡ്രൈവർമാരിൽ ചിലർ തിരികെ എത്തി പണം നൽകുന്നതായിട്ടാണ് വിവരം.