അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസിന് സിനിമകൾ തിരഞ്ഞെടുക്കുന്നതിൽചില മാനദണ്ഡങ്ങളുണ്ട്..ആന്റണി വർഗീസിനെക്കുറിച്ചു പറയുമ്പോൾ അങ്കമാലി ഡയറീസിലെ പെപ്പയെ മറക്കാനാവില്ല.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആ ചിത്രത്തിൽ നായകനായിരുന്നു ആന്റണി വർഗീസ്.തുടർന്ന് ജല്ലിക്കട്ടിലും തിളങ്ങി. ആനപ്പറമ്പിലെ വേൾഡ്കപ്പും അജഗജാന്തരവുമാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ.
ജല്ലിക്കട്ടിലെ അനുഭവം എങ്ങനെയായിരുന്നു?
ജല്ലിക്കട്ട് ശരിക്കും ഒരു സംവിധായകന്റെ സിനിമയാണ്. ജല്ലിക്കട്ടിന്റെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനായിരിക്കും. കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ സിനിമയുമായി സഹകരിച്ചവരെല്ലാം രാപ്പകലില്ലാതെ അദ്ധ്വാനിച്ചതിന്റെ ഫലമാണ് ആ സിനിമയ്ക്കു കിട്ടിയ അഭിനന്ദനങ്ങൾ.
ജല്ലിക്കട്ടിൽ അഭിനയിക്കാൻ ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ടി വന്നോ ?
പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ല. ലിജോ ചേട്ടൻ ആദ്യമായി എന്നോട് പറഞ്ഞത് നന്നായി ഓടാൻ തയ്യാറായിക്കോ എന്നാണ്. ഓട്ടവും ഇടിയും വേണ്ടുവോളമുള്ള സിനിമയായിരുന്നു.
സിനിമയുടെ ക്ളൈമാക്സ് പലർക്കും മനസിലായിട്ടില്ലെന്ന് പറയുന്നുണ്ടല്ലോ?
ഒരുപാട് മാനങ്ങളുള്ള സിനിമയാണ് ജല്ലിക്കട്ട്. സിനിമ കണ്ട ഓരോ വ്യക്തിയും ഓരോ രീതിയിലാണ് ജല്ലിക്കട്ടിനെ അടയാളപ്പെടുത്തുന്നത്. ഒരു സിനിമയ്ക്ക് ഒന്നിലധികം വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നത് തന്നെ നല്ല കാര്യമല്ലേ. ലോകത്തെ ക്ലാസിക് സിനിമകൾക്കെല്ലാം പല കാഴ്ചകളാണ്. മൃഗത്തിന് വേണ്ടി ഓടുന്ന ഓട്ടത്തിൽ മനുഷ്യൻ മൃഗമായി മാറുന്നതാണ് അന്ത്യത്തിൽ സംഭവിക്കുന്നത്. ചിലർക്ക് അത് മനസിലായില്ല . എന്തായാലും ഭൂരിഭാഗം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെട്ടു.
സംഘട്ടനരംഗങ്ങൾ ശരിക്കും വിസ്മയിപ്പിച്ചല്ലോ ?
ശരീരത്തിൽ തണുപ്പ് കുത്തിയിറങ്ങുന്ന ഡിസംബറിലായിരുന്നു ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ്. കട്ടപ്പനയിലെ ഏലക്കാട്ടിൽ വച്ചായിരുന്നു ചിത്രീകരണം. മൂന്നു രാത്രി കൊണ്ടാണ് ആ സ്റ്റണ്ട് ഷൂട്ട് ചെയ്തത്. ചിത്രീകരണം കഴിഞ്ഞപ്പോൾ ശരീര വേദന കാരണം മൂന്നു നാല് ദിവസത്തെ അവധിയെടുത്തു.
കേരളത്തിൽ ഇത്രയും
വയലന്റായ ജനവിഭാഗം താമസിക്കുന്ന സ്ഥലങ്ങളുണ്ടോ ?
ജലിക്കട്ടിലേത് പൂർണമായും ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. ഇത്രയും അക്രമാസക്തരായ ജനങ്ങൾ താമസിക്കുന്ന ഒരു നാട് ചിലപ്പോൾ കേരളത്തിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. പൂർണമായും ലിജോ ചേട്ടന്റെ ഭാവനയാണ് ആ ഗ്രാമം. ഏതു വിഷയവും ഒരു പരിധി വിടുമ്പോൾ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്താമെന്നതാണ് മറ്റൊരു വസ്തുത. ചില വീടുകളിൽ വഴക്കു ഉണ്ടാകുന്നത് പോലെയാണത്. പറഞ്ഞു തീർക്കേണ്ട വിഷയങ്ങൾ അവസാനം ആ വീട് മുഴുവൻ ബാധിക്കുന്ന വലിയ വഴക്കായി മാറുന്നു. ചിലപ്പോൾ ഏതു നാട്ടിലും അത് സംഭവിക്കാം. ചെറിയ രീതിയിൽ തുടങ്ങുന്ന പല പ്രശ്നങ്ങളും നാട് മുഴുവൻ ആളിക്കത്തിക്കാൻ കഴിയുന്ന വലിയ വിപത്തായി മാറുന്നു എന്ന കാര്യവും നമ്മൾ ഓർക്കണം.
ചെമ്പൻ വിനോദിന്റെ ഒപ്പമുള്ള അഭിനയം ?
ഒരു നടൻ എന്നതിലപ്പുറം സ്വന്തം സഹോദരനെപ്പോലെയാണ് ചെമ്പൻ ചേട്ടൻ. ചെമ്പൻ ചേട്ടൻ തിരക്കഥയെഴുതിയ അങ്കമാലി ഡയറീസിലൂടെയാണല്ലോ ഞാൻ സിനിമയിലേക്ക് വന്നത്. സിനിമയിലെ എന്റെ ഗോഡ് ഫാദർമാരാണ് ചെമ്പൻ ചേട്ടനും ലിജോ ചേട്ടനുമൊക്കെ. അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്ന ഈ അവസ്ഥയിൽ എത്തില്ലായിരുന്നു.
ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനെ വിലയിരുത്തുമ്പോൾ?
സിനിമയിൽ വരും മുൻപേ തന്നെ ഞാൻ ലിജോ ചേട്ടന്റെ കടുത്ത ആരാധകനാണ്. എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കയറാനായിരുന്നു ആഗ്രഹം. എന്നാൽ ദൈവം എങ്ങനെയൊക്കെയോ അദ്ദേഹത്തിന്റെ അടുത്ത് എന്നെ കൊണ്ടെത്തിച്ചു. നമ്മൾ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നടക്കും എന്നാണല്ലോ. അവസാനം അങ്ങനെ തന്നെ സംഭവിച്ചു. ലോക സിനിമയ്ക്ക് മുന്നിൽ മലയാളികൾക്ക് അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ കഴിയുന്ന സംവിധായകനാണ് ലിജോ ചേട്ടൻ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഓരോ സിനിമയെയും അദ്ദേഹം സമീപിക്കുന്നത്. വളരെ ചെറിയ കഥകളിൽ നിന്നൊക്കെയാണ് അദ്ദേഹം സിനിമയെന്ന വിസ്മയം തീർക്കുന്നത്. എസ് . ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജല്ലിക്കട്ട് പിറവികൊള്ളുന്നത്. മാവോയിസ്റ്റും സിനിമയും തമ്മിൽ ഒരുപാട് അന്തരമുണ്ട്. സിനിമയുടെ ദൃശ്യസാദ്ധ്യതയ്ക്ക് അനുസരിച്ചാണ് ചെറുകഥയിൽ നിന്ന് വ്യത്യസ്തമായി ജല്ലിക്കട്ടിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ അനുഭവം ?
അമ്പത് ശതമാനം മലയാളികളും അമ്പത് ശതമാനം വിദേശികളുമായിരുന്നു ചിത്രം കാണാൻ ഉണ്ടായിരുന്നത്. മലയാളികൾ ആസ്വദിക്കാത്ത പല സീനുകളിലും വിദേശികൾ കൈയടിച്ചു ചിരിക്കുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. എങ്ങനെയാണ് ഇത്രയും ആൾക്കൂട്ടത്തെ വച്ച് ഇത് ചിത്രീകരിച്ചതെന്ന് അവർ ചോദിച്ചു.
ആദ്യത്തെ മൂന്നു സിനിമകളും ലിജോ ജോസ് പെല്ലിശേരിയുടെ ക്യാമ്പിൽ നിന്നാണല്ലോ?
അതെ. തീർത്തും അവിചാരിതമായി സംഭവിച്ചതാണ്. പലരും പറയുന്നത് എനിക്ക് ലിജോ ചേട്ടനുമായി കോൺട്രാക്ട് ഉണ്ടെന്നൊക്കെയാണ് . അങ്കമാലി ഡയറീസിന് ശേഷം ഞാൻ നൂറോളം തിരക്കഥകൾ കേട്ടെന്ന് വരെ പലരും പ്രചരിപ്പിച്ചു. കുറച്ചധികം തിരക്കഥകൾ കേട്ടു എന്നത് സത്യമാണ്. ഒരു നടൻ എന്ന നിലയിൽ കൂടുതൽ തിരക്കഥകൾ കേൾക്കുന്നത് വളരെ സന്തോഷമുള്ള കാര്യമല്ലേ. അതിൽ നിന്നല്ലേ മികച്ചത് ലഭിക്കുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളല്ലേ തിരഞ്ഞെടുക്കാൻ കഴിയൂ. എനിക്ക് ഇണങ്ങാത്ത കഥാപാത്രങ്ങൾ ചെയ്ത് എന്തിനാണ് ഒരു സിനിമ നശിപ്പിക്കുന്നത്. അതിന് താത്പര്യമില്ലാത്തതുകൊണ്ടാണ് കൂടുതൽ സിനിമകൾ ചെയ്യാത്തത്. എന്റെ നാലാമത്തെ ചിത്രമായ ആനപ്പറമ്പിലെ വേൾഡ് കപ്പിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് ലോക് ഡൗൺ വന്നത്. മലബാറിന്റെ ഫുട്ബാൾ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.