ladakh-clash

ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തിയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. 1962ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. അതിനു ശേഷം ഇപ്പോഴാണ് ഇവിടെ ഈ രീതിയിൽ സംഘർഷമുണ്ടാകുന്നത്. ഗൽവാനു സമീപം ഇന്ത്യ റോഡ് നിർമിച്ചതാണ് ഇവിടെ പ്രശ്നമുണ്ടാക്കാൻ ചൈനയെ പ്രകോപിപ്പിച്ചത്.

ശാരീരികക്ഷമതയിലും മനക്കരുത്തിലും ചൈനയെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ സെെനികർ. യുദ്ധ സാഹചര്യങ്ങളിൽ ഈ അനുഭവസമ്പത്തിനു വലിയ സ്ഥാനമുണ്ടെന്ന് പറയുകയാണ് റിട്ട. കേണല്‍ ഡി പി കെ പിള്ള. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ പ്രതിരോധ വിഭാഗം മുൻ പ്രതിനിധിയായിരുന്നു ഇദ്ദേഹം.

"ഇന്ത്യൻ സൈനികർക്കുള്ള അനുഭവസമ്പത്ത് ചൈനക്കാർക്കില്ല. പാക്കിസ്ഥാനെതിരെ അടക്കം അതിർത്തി മേഖലകളിൽ നിരന്തര സംഘർഷങ്ങളെ നേരിടുന്നവരാണു നമ്മുടെ ഭടന്മാർ. വുഹാനിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ അതിർത്തിയിലേക്കു മണിക്കൂറുകൾ കൊണ്ട് സേനാംഗങ്ങളെ എത്തിക്കുന്നതിന്റെ വീഡിയോ ചൈന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിർത്തിയിലേക്കു ഞൊടിയിടയിൽ സേനാംഗങ്ങളെ എത്തിക്കാൻ കഴിയുമെന്നു കാണിക്കുകയാണു ലക്ഷ്യം.

സമതലപ്രദേശമായ വുഹാനിൽ നിന്ന് 14,000 അടി ഉയരത്തിലേക്ക് സേനാംഗങ്ങളെ ഏതാനും മണിക്കൂറുകൾ കൊണ്ടെത്തിച്ചാൽ അവർ കുഴഞ്ഞു വീഴും. ഇത്തരം ദൗത്യങ്ങളിൽ പല ഉയരങ്ങളിൽ ദിവസങ്ങളോളം തങ്ങി കാലാവസ്ഥയുമായി യോജിച്ച ശേഷമാണു സൈന്യം നീങ്ങുന്നത്. ഇന്ത്യയെ മാനസികമായി സമ്മർദത്തിലാക്കാൻ വേണ്ടിയാണ് അവർ വീഡിയോ പുറത്തുവിട്ടത്-അദ്ദേഹം പറയുന്നു.