mamta

ന്യൂഡൽഹി: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തുന്ന വെർച്വൽ മീറ്റിംഗിൽ സംസാരിക്കാൻ ഇടം നൽകാത്തതിനാൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തേക്കില്ല. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മീറ്റിംഗ് കൂടുന്നത്.

മഹാരാഷ്ട്ര,പശ്ചിമ ബംഗാൾ, കർണ്ണാടക, ഗുജറാത്ത്,ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായാണ് ഇന്ന് പ്രധാനമന്ത്രി യോഗം കൂടുക. ചൊവ്വാഴ്ചയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. പഞ്ചാബ്, ആസാം, കേരളം,ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, ത്രിപുര, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായായിരുന്നു ചർച്ച. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് മമതയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമതയുടെ യോഗത്തിലെ വിമർശനങ്ങൾ കേന്ദ്രം ഭയക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ദിനേശ് ത്രിവേദി പറഞ്ഞു.

എന്നാൽ മമതയ്ക്കും തൃണമൂൽ കോൺഗ്രസിന്റെ കേന്ദ്ര വിമർശനത്തിനും എതിരായി പശ്ചിമബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പാക്കുന്നതിൽ സർക്കാർ പൂർണ പരാജയമായിരുന്നു. എന്നാണ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടത്. കേന്ദ്രം കൊവിഡിന്റെ പ്രശ്നങ്ങൾ സംസ്ഥാനങ്ങളുടെ തലയിലാക്കാൻ രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ബാനർജി കഴിഞ്ഞ വെർച്വൽ മീറ്റിംഗിൽ കേന്ദ്രത്തിനു നേരെ വിമർശനം ഉന്നയിച്ചിരുന്നു.11,494 പേർക്ക് രോഗം ബാധിച്ച ബംഗാളിൽ 485 പേരാണ് മരണപ്പെട്ടത്.