മാസത്തിൽ ഒരിക്കലെങ്കിലും ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യലിനായി പണം ചെലവാക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമാണ്. മുഖസൗന്ദര്യത്തിന് വളരെ ശ്രദ്ധയും പ്രാധാന്യവും നൽകുന്നവാരാണ് സ്ത്രീകൾ. അതിനാൽ തന്നെ ഫേഷ്യൽ, ബ്ളീച്ചിംഗ് തുടങ്ങി പല പല കാര്യങ്ങൾക്കായി ബ്യൂട്ടിപാർലറിലേക്ക് പോകുന്നു. ബ്യൂട്ടിപാർലറിൽ ചെലവിടുന്ന സമയമുണ്ടെങ്കിൽ പണം നഷ്ടപ്പെടാതെ തന്നെ നമുക്ക് വീട്ടിൽ ഇരുന്ന് തന്നെ ഫേഷ്യൽ ചെയ്യാൻ സാധിക്കും. അതും ചർമ്മത്തിന് ഒട്ടും ദോഷകരമല്ലാത്ത രീതിയിൽ തന്നെ.
വാഴപ്പഴം കൊണ്ട് വളരെ നല്ലൊരു ഫോഷ്യൽ നമുക്ക് ചെയ്യാൻ സാധിക്കും. നല്ലൊരു ഫേയ്സ് മാസ്ക് തയ്യാറാക്കാൻ വാഴപ്പഴത്തിലൂടെ സാധിക്കുന്നു. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്ത് ചർമ്മത്തെ മൃദുവായി സൂക്ഷിക്കാൻ ഈ ഫേഷ്യലിലൂടെ സാധിക്കുന്നു. അതിനായി ഒരു വാഴപ്പഴം എടുത്ത് അതിനെ നല്ലൊരു പേസ്റ്റ് രൂപത്തിലാക്കിയെടുത്ത്, മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 10 - 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. 1/4 കപ്പ് തൈരും 2 ടേബിൾ സ്പൂൺ തേനും 1 വാഴപ്പഴം മിക്സിയിലിട്ട് ഉടച്ചെടുത്ത് മുഖത്ത് പുരട്ടാവുന്നതുമാണ്.
പാലാണ് മറ്റൊരു ഫേഷ്യലായി ഉപയോഗിക്കാവുന്നത്. ചർമ്മത്തിന്റെ പിഗ്മെന്റേഷൻ കുറയ്ക്കാനും ജലാംശം കുറയ്ക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകാനും പാലിനെക്കാളും മറ്റൊന്നിനും സാധിക്കില്ല. പാലും വെള്ളവും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുക അതിന് ശേഷം ഇത് പൂർണ്ണമായും ഉണങ്ങി കഴിഞ്ഞാൽ ചെറു ചൂട് വെള്ളത്തിൽ കഴുകുക.
മറ്റൊരു ഫേഷ്യലാണ് തൈര്. ചർമ്മത്തെ ശുദ്ധീകരിക്കാൻ മുഖത്ത് തൈര് പുരട്ടുന്നത് വളരെ നല്ലതാണ്. തൈര് വെറുതേ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. കൂടാതെ, 1 ടീസ്പൂൺ തൈരും 2-3 ഓറഞ്ച് അല്ലിയും,1 ടീസ്പൂൺ കറ്റാർ വാഴയും ഒരു മിശ്രിതമാക്കിയെടുക്കുക. അതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 5 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.