കൊച്ചി: രാജ്യത്ത് കഴിഞ്ഞമാസം ഏറ്റവുമധികം കാറുകൾ വിറ്റഴിച്ച സംസ്ഥാനങ്ങളിൽ കേരളം രണ്ടാംസ്ഥാനത്ത്. മേയിൽ 3,282 കാറുകളാണ് കേരളത്തിൽ പുതുതായി നിരത്തിലെത്തിയത്. 5,847 കാറുകൾ വിറ്റ കർണാടകയാണ് ഒന്നാമത്. ഉത്തർപ്രദേശ് (2,622), തമിഴ്‌നാട് (2,227), രാജസ്ഥാൻ (2,062) എന്നിവയാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.
ലോക്ക്ഡൗണിനെ തുടർന്ന് ഫാക്‌ടറികളും ഷോറൂമുകളും അടച്ചിട്ടതിനാൽ ഏപ്രിലിൽ ഒരു വണ്ടിപോലും ഇന്ത്യയിൽ വിറ്റഴിഞ്ഞിരുന്നില്ല. ഇളവുകളോടെ, ഫാക്‌ടറികളും ഷോറൂമുകളും പ്രവർത്തനം തുടങ്ങിയ പശ്‌ചാത്തലത്തിലാണ് വിപണിയിലേക്ക് വീണ്ടും ഉപഭോക്താക്കളുടെ ഒഴുക്ക് തുടങ്ങിയത്. എന്നാൽ, 2019 മേയുമായി താരതമ്യം ചെയ്യുമ്പോൾ വിപണിയുടെ സ്ഥിതി മെച്ചമല്ല. 16,569 പുതിയ കാറുകളാണ് കഴിഞ്ഞവർഷം മേയിൽ കേരളത്തിൽ വിറ്റുപോയത്. ഇക്കുറി മേയിൽ നഷ്‌ടം 80.19 ശതമാനം.
രാജ്യത്താകെ കഴിഞ്ഞമാസം വിറ്റഴിഞ്ഞ പുതിയ കാറുകൾ 30,749 എണ്ണമാണ്. ഇടിവ് 86.97 ശതമാനം. 2019 മേയിലെ വില്പന 2.35 ലക്ഷം കാറുകളായിരുന്നു. ലോക്ക്ഡൗണിന് മുമ്പ് പേമെന്റ് നടത്തിയവർ, വാഹനം അത്യാവശ്യമായവർ തുടങ്ങിയവരാണ് ഇപ്പോൾ വിപണിയിലേക്ക് എത്തുന്നവരിൽ മുന്തിയപങ്കും. ഇന്ത്യയിൽ വിറ്റഴിയുന്ന മൊത്തം വാഹന വിപണിയിൽ കൊവിഡിന് മുമ്പ് 5 - 6 ശതമാനമായിരുന്നു കേരളത്തിന്റെ പങ്ക്. മാരുതി സുസുക്കിയുടെ മൊത്തം വില്പനയിൽ 9 - 10 ശതമാനവും കേരളത്തിലാണ്. ഇവിടെയിറങ്ങുന്ന പുത്തൻകാറുകളിൽ പാതിയോളവും മാരുതിയുടേതായിരുന്നു.
കൊവിഡ് ഭീതി വിട്ടൊഴിഞ്ഞ്, ആഗസ്‌റ്ര് - സെപ്‌തംബറോടെ വാഹന വില്പന വീണ്ടും ഉണർവിന്റെ പാതയിൽ എത്തുമെന്നാണ് വിപണിയുടെ വിലയിരുത്തൽ. എങ്കിലും, കേരളത്തിന്റെ വിപണിവിഹിതം കുറഞ്ഞേക്കുമെന്ന ആശങ്കയുമുണ്ട്. പ്രവാസികളുടെ മടങ്ങിവരവാണ് പ്രധാനകാരണം. ഗൾഫിൽ നിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികളിൽ മുന്തിയപങ്കും ജോലി നഷ്‌ടപ്പെട്ടവരാണ്.
''പൊതു ഗതാഗതത്തെ ആശ്രയിക്കാൻ ഇപ്പോൾ ഒട്ടേറെപ്പേർക്ക് ഭയമുണ്ട്. അവർ പുതിയ വാഹനം വാങ്ങാൻ തയ്യാറാകുന്നു. ടൂ വീലറുകൾക്കാണ് പ്രിയം കൂടുതൽ. യൂസ്ഡ് കാറുകൾക്കും ആവശ്യക്കാരുണ്ട്. കൊവിഡിന് മുമ്പത്തെ കാലത്തെ അപേക്ഷിച്ച് 25 ശതമാനം വരെ വാഹനങ്ങളാണ് ഇപ്പോൾ വിറ്രഴിയുന്നത്. ആഗസ്‌റ്ര് - സെപ്‌തംബറോടെ, വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ. ബാങ്കുകൾ വായ്പാ വിതരണം മെച്ചപ്പെടുത്തേണ്ടതും അനിവാര്യമാണ്""
ജോൺ കെ. പോൾ, മാനേജിംഗ് ഡയറക്‌ടർ,
പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ്