-bayern

ബയേൺ 30

ജർമ്മൻ ബുണ്ടസ് ലിഗ കിരീടമുറപ്പിച്ച് ബയേൺ മ്യൂണിക്ക്

ബയേണിന്റെ തുടർച്ചയായ എട്ടാം കിരീടം

ബുണ്ടസ് ലിഗ ചാമ്പ്യന്മാരാകുന്നത് 30-ാം തവണ

മ്യൂണിക്ക് : കുറച്ചുകാലം കൊവിഡിന്റെ പേരിൽ കാത്തിരിക്കേണ്ടിവന്നെങ്കിലും ജർമ്മൻ ബുണ്ടസ് ലിഗ കിരീടം ബയേൺ മ്യൂണിക്കിനെവിട്ട് മറ്റെങ്ങും പോയില്ല. ലോക്ക്ഡൗണിന് ശേഷം നടന്ന തങ്ങളുടെ എട്ട് മത്സരങ്ങളിലും ഒന്നൊഴിയാതെ വിജയം നേടിയ ബയേൺ തുടർച്ചയായ എട്ടാം സീസണിലാണ് ബുണ്ടസ് ലിഗ കിരീടത്തിൽ മുത്തമിട്ടത്. ലീഗിന്റെ ചരിത്രത്തിൽ ചുവന്ന കുപ്പായക്കാർ ചെങ്കോലേന്തുന്നത് ഇത് മുപ്പതാം തവണയാണ്.

ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ വെർഡർ ബ്രമനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയതോടെയാണ് ബയേൺ കിരീടം ഉറപ്പിച്ചത്. 43–ാം മിനിറ്റിൽ ജെറോം ബോട്ടെംഗിന്റെ പാസിൽനിന്ന് റോബർട്ട് ലെവാൻഡോവിസ്കിയാണ് വിജയഗോൾ നേടിയത്. 79–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് കൗമാര താരം അൽഫോൻസോ ഡേവിസ് പുറത്തുപോയെങ്കിലും 10 പേരുമായി പൊരുതിയ ബയേൺ വിജയം വിട്ടുകൊടുത്തില്ല.

സീസണിൽ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ബയേണിന്റെ കിരീടധാരണം. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂഷ്യ ഡോർട്മുണ്ടിനേക്കാൾ 10 പോയിന്റ് മുന്നിലാണ് ബയേൺ മ്യൂണിക്ക്. 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണ് ബയേണിനായത്. മൂന്നു മത്സരങ്ങൾ കൂടി ബാക്കിയുള്ള ബൊറൂഷ്യയ്ക്ക് 31 മത്സരങ്ങളിൽ നിന്ന് 66 പോയിന്റും. ഇനിയുളള മത്സരങ്ങൾ തോറ്റാലും ബയേണിനെ മറികടക്കാൻ ബൊറൂഷ്യയ്ക്ക് കഴിയില്ല.

ആരാധകർക്കു നടുവിലായിരുന്നു ഇതിനു മുൻപുള്ള 29 കിരീടധാരണങ്ങളെങ്കിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ബയൺ ഇത്തവണ കിരീടം ഉറപ്പിച്ചത്. മാർച്ചിൽ ലോക്ക്ഡൗൺ മൂലം ബുണ്ടസ് ലിഗ നിറുത്തിവയ്ക്കുമ്പോൾ 25മത്സരങ്ങളിൽ നിന്ന് 55പോയിന്റുമായി മുന്നിൽ നിൽക്കുകയായിരുന്നു ബയേൺ. തുടർന്ന് നടന്ന ഏഴ് ബുണ്ടസ് ലിഗ മത്സരങ്ങളിലും ഒരു ജർമ്മൻ കപ്പ് മത്സരത്തിലുമാണ് വിജയം നേടിയത്.

31

ഒരു സീസണിൽ ജർമൻ ലീഗിൽ കൂടുതൽ ഗോൾ നേടുന്ന വിദേശതാരമെന്ന റെക്കാഡിനൊപ്പമെത്താൻ ലെവാൻഡോവിസ്കിക്കായി. 2016–17 സീസണിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനായി 31 ഗോൾ നേടിയ പിയറി–എമറിക് ഔബമെയാംഗിന്റെ പേരിലുള്ള റെക്കാഡാണ് ലെവാൻഡോവ്സ്കി തകർത്തത്.

1

ബയേണിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ഹാൻസി ഫ്ളിക്കിന്റെ ആദ്യ കിരീടം. 2014ൽ ജർമ്മനി ലോകകപ്പ് നേടിയപ്പോൾ യൊവാക്വിം ലോയ്‌വിന്റെ അസിസ്റ്റന്റായിരുന്നു ഫ്ളിക്ക്. കഴിഞ്ഞ നവംബറിൽ നിക്കോ കൊവാച്ചിനെ പുറത്താക്കിയപ്പോഴാണ് ഫ്ളിക്കിനെ ഹെഡ് കോച്ചാക്കിയത്.

3

ഇൗ സീസണിൽ ബയേണിന് മൂന്ന് കിരീടങ്ങളിൽ മുത്തമിടാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. ജൂലായ് നാലിന് ജർമ്മൻ കപ്പ് ഫൈനലിൽ ബയേർ ലെവർകൂസനെ നേരിടുന്നുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീക്വാർട്ടറിൽ ചെൽസിക്കെതിരെ 3-0ത്തിന് ജയിച്ചുനിൽക്കുകയാണ്.

13

വെർഡർ ബ്രെമനെതിരെ തുടർച്ചയായ പതിമൂന്നാം മത്സരത്തിലാണ് ബയേൺ വിജയം നേടുന്നത്.

9

തോമസ് മുള്ളർ ബയേണിനൊപ്പം നേടുന്ന ബുണ്ടസ് ലിഗ കിരീടങ്ങളുടെ എണ്ണം. ഫ്രാങ്ക് റിബറിയുടെ റെക്കാഡിനാെപ്പം മുള്ളറുമെത്തി.