1. പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം എന്ന് സംസ്ഥാന സര്‍ക്കാര്‍. ട്രൂനെറ്റ് സംവിധാനത്തില്‍ റാപ്പിഡ് പരിശോധന വേണം. എംബസികള്‍ ഇതിനായി സൗകര്യം ഒരുക്കണം. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അതേസമയം, വിദേശത്ത് നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പത്തനംതിട്ട സ്വദേശി റെജി താഴ്മണ്‍ ആണ് ഹര്‍ജിക്കാരന്‍. റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ട് ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി വേണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനായി കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2. പെയ്ഡ് ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കിയത്. 821 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ആണ് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ജൂണ്‍ 18 വരെ 136 വിമാനങ്ങളെത്തും. രണ്ട് ലക്ഷത്തോളം പേര്‍ തിരിച്ചെത്തും എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേരളത്തില്‍ പ്രവാസികള്‍ ധാരളമായി എത്തുന്നത് രോഗവ്യാപന തോത് ഉയര്‍ത്തും എന്നത് സര്‍ക്കാരിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ കാരണം
3. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായ് സംസ്ഥാന സര്‍ക്കാര്‍. രണ്ടു വര്‍ഷത്തേക്കു സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ പാടില്ലെന്ന് ചെലവു ചുരുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ഒപ്പം ലീവ് സറണ്ടര്‍ നിര്‍ത്തലാക്കണം എന്ന നിര്‍ദേശവും സി.ഡി.എസ് ഡയറക്ടര്‍ സുനില്‍ മാണി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എല്ലാ വര്‍ഷവും ലീവ് സറണ്ടര്‍ നല്‍കാതെ അവധികള്‍ കൂട്ടിവച്ച് വിരമിക്കുമ്പോള്‍ പണം നല്‍കണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
4. ശമ്പളമില്ലാത്ത അവധി പരമാവധി അഞ്ചുവര്‍ഷം, ഓഫീസുകളില്‍ ജീവനക്കാരുടെ പുനര്‍ വിന്യാസം, സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസം, ശനിയാഴ്ച വീട്ടിലിരുന്ന് ജോലി, വിദേശ പര്യടനം, മേളകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ ഒഴിവാക്കല്‍, എയ്ഡഡ് മേഖലയിലെ ലീവ് വേക്കന്‍സി അവസാനിപ്പിക്കുക, ഒരേ പ്രവൃത്തി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലയിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇടയില്ല. അതേസമയം, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ വെട്ടിക്കുറയ്ക്കണം എന്ന നിര്‍ദേശം സമിതിയില്‍ ഉയര്‍ന്നെങ്കിലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
5 ലഡാക്കില്‍ ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു മരിച്ച ഇരുപത് കരസേന ജവാന്‍മാര്‍ക്ക് വിട ചൊല്ലി രാജ്യം. ചൈനയും ആയുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു മരിച്ച ത സൈനികന്‍ പഴനിയ്ക്ക് 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. രാജ്യത്തിനു വേണ്ടി പൊരുതിയ സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ പൗരന്‍മാരും പ്രതിരോധസേനകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു അവര്‍ക്കൊപ്പം അണി നിരക്കണമെന്നും സോണിയ പ്രസ്താവനയിലൂടെ പറഞ്ഞു.
6. ഗല്‍വാന്‍ താഴ്വരയിലുണ്ടായ സൈനിക സംഘര്‍ഷത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിക്കുന്നത് ആണെന്നും വീരമൃത്യു മരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവും ഐക്യദാര്‍ണ്ഡ്യവും അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍ണായക ഘട്ടത്തില്‍ പ്രതിരോധ സേനകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. കേണല്‍ സന്തോഷ് ബാബുവിന്റെ മരണത്തില്‍ അഗാധ ദുഖവും ഞെട്ടലും രേഖപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ട്വീറ്റ് ചെയ്തു. സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും. നിലവിലെ സാഹചര്യം മോദി സര്‍ക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. നടന്‍ മോഹന്‍ലാലും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു
7. അഞ്ചല്‍ ഉത്ര വധക്കേസില്‍ മുഖ്യ പ്രതി സൂരജിനേയും സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തും. സൂരജിന്റെ സഹോദരിയെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിലാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങിയത്.