തൃശൂർ: ലോക്ക്ഡൗണിൽ സംസ്ഥാനത്താകെ ചാരായ വാറ്റ് സജീവമായിരുന്നു. മദ്യം ലഭ്യമാകാതിരുന്നതോടെ വാറ്റ് ചാരായത്തിന് ആവശ്യക്കാരും കൂടി. പിന്നാലെ സ്വർണ്ണത്തിന് വില കൂടുന്നത് പോലെ ദിനം പ്രതി വാറ്റിനും വില കൂടി. ഇത്തരത്തിൽ കൂടിയ വിലയ്ക്ക് ചാരായം വാറ്റിവിറ്റിരുന്ന ഒരു കേമനാണ് ഇപ്പോൾ എക്സൈസിന്റെ പിടിയിലായത്.
പീച്ചി വില്ലേജ് മഞ്ഞകുന്ന് വീട്ടിൽ പ്ലാപ്പുള്ളി പൈലി മകൻ പത്രോസാണ് (54) തൃശൂർ എക്സൈസിന്റെ പിടിയിലായത്. മനസ്സമ്മതം , വിവാഹനിശ്ചയം , വിവാഹം എന്നിവയ്ക്ക് പ്രത്യേകം ഓർഡർ എടുത്ത് വില്ലന നടത്തലാണ് പത്രോസിന്റെ രീതി. കുറഞ്ഞത് 20 പവന്റെ പണിവേണം കൂടുതൽ എത്രആയാലും എടുക്കും എന്നാലേ പത്രോസിന് മുതലാകു .സ്വർണ്ണ നിറമുള്ള ശർക്കര ,വാഷിന്റെ നിറവും സ്വർണ്ണം അതുകൊണ്ട് പത്രോസിന് ചാരായം സ്വർണ്ണമാണ് . 20 പവൻ വേണമെന്ന ആവശ്യക്കാരായി എക്സൈസ് ഉദ്യോഗസ്ഥർ വേഷം മാറി ചെന്നായിരുന്നു ഇയാളെ പിടികൂടിയത്.
തൃശൂർ അസി. കമ്മീഷണർ വി.എ സലീമിനുകിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ , സജീവ്, സ്തീഷ് , സുനിൽ ടി ആർ , സിവിൽ ഓഫീസർമാരായ ഷാജു, വിനോജ്, ജയരാജ്, സനീഷ് , വിപിൻ ടി സി , ഡ്രൈവർ മനോജ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.