ഇന്ന് കുട്ടികൾക്കാണ് മുതിന്നവരെക്കാളും നന്നായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാവുന്നത്. പണ്ടുകാലങ്ങളിൽ കുട്ടികൾ അവരുടെ സംശയം മാതാപിതാക്കളിൽ നിന്നാണ് ചോദിച്ച് മനസ്സിലാക്കിയിരുന്നത്. എന്നാൽ ഇന്ന് കുട്ടികളിൽ നിന്നുമാണ് സ്മാർട്ട്ഫോണുകളെക്കുറിച്ചുള്ള സംശയം മാതാപിതാക്കൾ ചോദിച്ച് മനസ്സിലാക്കുന്നത്. അതിൽ പെരുമപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുമുണ്ട്.എന്നാൽ ഇത് അത്രയ്ക്ക് അഭിമാനിക്കേണ്ട കാര്യമല്ല.
സ്മാർട്ട്ഫോണുകൾ കുട്ടികളെ സ്മാർട്ടാക്കാറുണ്ടോ എന്നൊന്ന് ചിന്തിച്ച് നോക്കിയാൽ മനസ്സിലാകും സ്മാർട്ട്ഫോണുകൾ കുട്ടികൾക്ക് ഒരിക്കലും ഗുണകരമല്ലയെന്നുള്ളത്. കുട്ടികളെ അടക്കിയിരുത്താനായി പല മാതാപിതാക്കളും കണ്ടെത്തുന്ന മാർഗ്ഗമാണ് സ്മാർട്ട്ഫോണുകൾ. മാത്രമല്ല, ആഹാരം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്കായി മാതാപിതാക്കൾ കൂട്ട് പിടിക്കുന്നതും സ്മാർട്ട്ഫോണുകളെയാണ്. ജനിച്ചാലുടൻ തന്നെ കുട്ടികളുടെ കൈയിൽ കളിപ്പാട്ടങ്ങളെക്കാൾ കൂടുതലായി ഇന്ന് കാണാൻ സാധിക്കുന്നതും ഈ പറയുന്ന സ്മാർട്ട്ഫോണുകളെയാണ്. എന്നാൽ കുട്ടികൾക്ക് സ്മാർട്ട്ഫോണിനെ ഒരു കൂട്ടുക്കാരനായി നൽകുന്നതിന് മുമ്പ്, അതിൽ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ നല്ലതാണ്.
സ്മാർട്ട്ഫോണുകളിൽ നിന്നും പുറത്ത് വരുന്നത് ഉയർന്ന റേഡിയേഷനാണ്. ഇത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വളരെ ദോഷകരമായി മാറുന്നു. കുട്ടികളുടെ സ്മാർട്ട്ഫോണുകളിലെ ദീർഘനേരമുള്ള ഉപയോഗം അവരുടെ തലച്ചോറിലെയും ചെവിയേയും സാരമായി തന്നെ ബാധിക്കുന്നു. കുട്ടികളിലെ എല്ലുകളും ടിഷ്യുകളും തലച്ചോറ് പോലുള്ള അവയവങ്ങൾക്കുള്ള സംരക്ഷണ ലൈനിംഗും വളരെ നേർത്തതാണ്.അതിനാൽ തന്നെ ഇത് കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമായി മാറുന്നു.
സ്മാർട്ട്ഫോണിലെ കളികൾ കാരണം കുട്ടികളിലെ ചിന്താശേഷിയും സർഗ്ഗാമകതയും നഷ്ടമാകുന്നു. ഇത് അവരുടെ ബുദ്ധി വികാസത്തെയും ബാധിക്കുന്നു.കുട്ടികൾക്ക് സ്മാർട്ട്ഫോൺ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് എത്തുന്നു. രാത്രിയിൽ ഉറങ്ങാൻ കിടന്നാലും അവർക്ക് സ്മാർട്ട്ഫോൺ കൂടിയെ തീരൂ എന്ന സ്ഥിതിയാണ്. ഇത് കുട്ടികളിലെ ഉറക്കം ഇല്ലാതാക്കുന്നു. കുട്ടികൾക്ക് ഉറക്കം വളരെ അത്യാവശ്യമാണ്. അവർ ആവശ്യത്തിന് ഉറങ്ങിയാൽ മാത്രമേ അവരുടെ തലച്ചോറിന് മതിയായ രീതിയിൽ വിശ്രമം ലഭിക്കുകയുള്ളു.
ഇതിൽ പ്രധാനപ്പെട്ട പ്രശനം എന്തെന്നാൽ, കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറയുന്നു എന്നതാണ്. കൂടാതെ മാതാപിതാക്കളുമായുള്ള കുട്ടികളുടെ ബന്ധം കുറയുന്നു. കുട്ടികൾ അവർ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ചോ അതിന്റെ ഫലത്തെക്കുറിച്ചോ ചിന്തിക്കുന്നില്ല.കുട്ടികളിലെ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിധി വരെയും മാതാപിതാക്കളാണ് കാരണം.