ലാ ലിഗയിൽ ലെഗാനസിനെ 2-0ത്തിന് തോൽപ്പിച്ചു
അൻസു ഫാറ്റിയും മെസിയും ഗോൾ നേടി
മാഡ്രിഡ് : സൂപ്പർ താരം ലയണൽ മെസിയും കൗമാരതാരം അൻസു ഫാറ്റിയും വലകുലുക്കിയ മത്സരത്തിൽ ലെഗാനെസിനെ കീഴടക്കി ബാഴ്സലോണ. കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള രണ്ടാം ലാ ലിഗ മത്സരത്തിലാണ് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ബാഴ്സയുടെ ജയം. എന്നാൽ കഴിഞ്ഞ ദിവസം മയ്യോർക്കയ്ക്കെതിരെ പുറത്തെടുത്തപോലൊരു ആവേശകരമായ പ്രകടനം സ്വന്തം തട്ടകമായ കാംപ് നൗവിൽ ബാഴ്സലോണയിൽ നിന്ന് ഉണ്ടായില്ല.
ആദ്യപകുതിയിൽ അൻസുവും രണ്ടാം പകുതിയിൽ മെസിയുമാണ് സ്കോർ ചെയ്തത്. മെസിയുടെ ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു. 42-ാം മിനിട്ടിൽ ജൂനിയർ ഫിർപ്പോയുടെ പാസിൽ നിന്നാണ് അൻസു സ്കോർ ചെയ്തത്. ബാഴ്സയ്ക്ക് വേണ്ടി അൻസുവിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. പുതിയ നൂറ്റാണ്ടിൽ ബാഴ്സയ്ക്ക് വേണ്ടി അഞ്ചുഗോളുകളെങ്കിലും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് അൻസു.
69-ാം മിനിട്ടിൽ സ്വന്തം ഹാഫിൽ നിന്ന് പന്തുമായി ഒാടിക്കയറിയ മെസിയെ തടുക്കാൻ മൂന്ന് ഡിഫൻഡർമാർ ശ്രമിച്ചെങ്കിലും ബോക്സനുള്ളിൽ വരെയെത്തിയിരുന്നു. അവിടെവച്ച് മെസിയെ ഫൗൾ ചെയ്തിട്ടപ്പോൾ റഫറി വിധിച്ച പെനാൽറ്റി കിക്ക് മെസിതന്നെയെടുത്ത് വലയിലെത്തിക്കുകയായിരുന്നു.
5
ഇൗ വിജയത്തോടെ ബാഴ്സയ്ക്ക് ലാ ലിഗയിൽ അഞ്ചുപോയിന്റ് ലീഡായി.29 മത്സരങ്ങളിൽ നിന്ന് 64 പോയിന്റാണ് ബാഴ്സയ്ക്ക് ഇപ്പോഴുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 28 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണുള്ളത്.റയൽ ഇന്ന് രാത്രി ഇന്ത്യൻ സമയം ഒന്നരയ്ക്ക് വലൻസിയയെ നേരിടാനിറങ്ങും.
699
ഇന്നലത്തെ പെനാൽറ്റിയോടെ മെസി കരിയറിൽ 699 ഗോളുകൾ തികച്ചു.