ന്യൂഡൽഹി : കാൽപ്പന്തുകളിയിലെ മലയാളി മാന്ത്രികൻ ഐ.എം വിജയനെ ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്തു. വിജയന്റെ പേര് കായികമന്ത്രാലയത്തിനാണ് സമർപ്പിച്ചത്. 2003-ൽ അർജുന അവാർഡ് ലഭിച്ചിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ വിജയൻ 17-ാം വയസിൽ കേരള പൊലീസിലൂടെയാണ് കരിയർ തുടങ്ങിയത്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫുട്‌ബാൾ മത്സരങ്ങൾക്കിടെ സോഡയും മറ്റും വിറ്റുനടന്നിരുന്ന പയ്യനിൽനിന്ന് ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്‌ബാളറായി മാറിയ വിജയൻ മോഹൻ ബഗാൻ, എഫ്.സി കൊച്ചിൻ, ജെസിടി , ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചു. 1989-ൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 66 മത്സരങ്ങൾ കളിച്ചു. 40 ഗോളുകളും ഇക്കാലയളവിൽ സ്‌കോർ ചെയ്തു. 1999-ൽ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി.
ഇന്ത്യൻ ഫുട്‌ബാളിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12-ാം സെക്കൻഡിലാണ് വിജയൻ വലകുലുക്കിയത്. 1999ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ പാകിസ്ഥാനെതിരേ ഹാട്രിക്ക് നേടി . 2003-ൽ ഇന്ത്യയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകളുമായി ടൂർണമെന്റ് ടോപ് സ്‌കോററായി.
1992, 1997, 2000 വർഷങ്ങളിൽ എ.ഐ.എഫ്.എഫിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വിജയൻ 2006-ലാണ് ബൂട്ടഴിച്ചത്.
2001-ൽ ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം ശാന്തത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തും ചുവടുവെച്ചു. മലയാളത്തിലും തമിഴിലുമായി 20-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പത്മശ്രീ പുരസ്കാരത്തിനായി എ.ഐ.എഫ്.എഫ് എന്നെ ശുപാർശ ചെയ്തതിൽ സന്തോഷവും നന്ദിയും. പുരസ്കാരം കിട്ടുകയാണെങ്കിൽ കൂടുതൽ സന്തോഷം.
- ഐ.എം വിജയൻ
6
ഇന്ത്യൻ ഫുട്ബാൾ താരങ്ങൾക്കാണ് ഇതുവരെ പത്മശ്രീ ലഭിച്ചിട്ടുള്ളത്. ശൈലൻ മന്ന (1971), ചുനി ഗോസ്വാമി (1983), പി.കെ ബാനർജി (1990), ബെയ്ജിംഗ് ബൂട്ടിയ (2008), സുനിൽ ഛെത്രി (2019), ബംബം ദേവി (2020) എന്നിവരാണ് പുരസ്കാര ജേതാക്കൾ.