photo

കൊല്ലം: ഉണ്ണി നട്ട കോൺക്രീറ്റ് മരത്തിലെ കാവൽമാടം കാഴ്ചക്കാർക്ക് കൗതുകമാണ്. ഇതുവരെ മരം കയറിയിട്ടില്ലാത്ത ഉണ്ണിയുടെ ആഗ്രഹ പൂർത്തീകരണത്തിനും അതൊരു കാരണമായി! അങ്കമാലി കുറുമശേരി കുട്ടമശേരി വീട്ടിൽ കെ.ആർ.ഉണ്ണി(43) ഒരുക്കിയ ഇരുന്നൂറാം ശില്പമാണ് ഈ കോൺക്രീറ്റ് മരത്തിലെ കാവൽമാടം.

ക്ഷേത്രങ്ങളുടെ നിർമ്മാണമാണ് അച്ഛൻ കെ.രാമകൃഷ്ണനും കുടുംബക്കാരും ചെയ്തുവന്നിരുന്നത്. പ്രീഡിഗ്രി പഠനത്തിന് ശേഷം പാരമ്പര്യത്തിന്റെ തുടർ‌ച്ചയ്ക്ക് മുഴക്കോലും തേപ്പ് പലകയും കൈയിലെടുത്ത ഉണ്ണി പതിയെ വേറിട്ട വഴിയിലേക്ക് പായുകയായിരുന്നു. പ്രത്യേക പരിശീലനം ലഭിക്കാതെതന്നെ ഗാർഡൻ, പള്ളികൾക്ക് അൾത്താര, പാർക്ക് എന്നിവയുടെ നിർമ്മാണമാണ് പ്രധാനമായും ചെയ്തുവരുന്നത്.

വിദ്യാലയങ്ങൾക്ക് പാർക്കുകൾ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ ഓരോന്നിനും വ്യത്യസ്തത വേണമെന്ന് നിർബന്ധം കാട്ടി. നാലാൾ പൊക്കമുള്ള ദിനോസറും കെട്ടുവഞ്ചിയും മഴവില്ലും തീവണ്ടിയും ജിറാഫും തുടങ്ങി ഒട്ടേറെ ശില്പങ്ങളൊരുക്കി കുട്ടികളെ രസിപ്പിച്ചു. ഇരിങ്ങാലക്കുട പി.കെ.ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഗവ.സ്കൂളിന് വേണ്ടി ശില്പമൊരുക്കിയപ്പോഴാണ് മരക്കൊമ്പിലെ കാവൽമാടം നിർമ്മിക്കാൻ പദ്ധതിയിട്ടത്. കോൺക്രീറ്റ് മരവും അതിന് മുകളിൽ കാവൽമാടവും പൂർത്തിയാക്കിയപ്പോൾ അതിന് വലിയ സ്വീകാര്യത കൈവന്നു. ഉണ്ണിയ്ക്ക് കുട്ടിക്കാലത്തുപോലും മരം കയറിയിട്ടുള്ളതായി ഓർമ്മയിലില്ല, എന്നാലിപ്പോൾ മരത്തിന് മുകളിൽ കയറിയതിന്റെ സന്തോഷം. കയറേണിയും കോൺക്രീറ്റ് പടവുകളും ഉള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും കാവൽമാടത്തിലേക്ക് കയറിച്ചെല്ലാനും ബുദ്ധിമുട്ടുകളില്ല. കാവൽമാടത്തിൽ വേണ്ടുവോളം ഇരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ചുറ്റും നടന്ന് കാഴ്ചകൾ കാണാനുമാകും. ഇനി സ്കൂൾ തുറക്കുന്നതും കാത്തിരിക്കയാണ് ഇരിങ്ങാലക്കുടയിലെ കുട്ടിക്കൂട്ടം.

photo
കെ.ആർ.ഉണ്ണി മറ്റൊരു ശില്പമൊരുക്കുന്നു