un
UN

ന്യൂയോർക്ക്: ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ സൈനികർ മരിക്കാനിടയായ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യു.എൻ അദ്ധ്യക്ഷൻ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇന്ത്യയുടെയും ചൈനയുടെയും ഇടയിലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്. ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് നല്ല ലക്ഷണമാണെന്നും യു.എൻ അദ്ധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയും പ്രതികരിച്ചു. ഇരു രാജ്യങ്ങളും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അമേരിക്കൻ വക്താവ് പറഞ്ഞു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും വക്താവ് വ്യക്തമാക്കി. ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ നാൽപ്പതിലേറെ സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.