വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപിനെ വിടാതെ പുസ്തക വിവാദങ്ങൾ. അമേരിക്കയുടെ മുൻ ദേശീയ സുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
പ്രസിദ്ധീകരണ നടപടികളുമായി മുന്നോട്ടു പോയാൽ ജോൺ നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഔദ്യോഗിക രഹസ്യങ്ങൾ ഉൾപ്പെടെയുള്ളവ പുസ്തകത്തിലുണ്ടോ എന്ന പരിശോധന പൂർത്തിയാക്കാതെയാണ് പുസ്തക പ്രസിദ്ധീകരണത്തിനൊരുങ്ങുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച് കേസ് ചാർജ് ചെയ്യേണ്ടതുണ്ടോ എന്നകാര്യം അറ്റോണി ജനറൽ വില്യം ബർ പരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു. അതേസമയം, ദേശീയ സുരക്ഷ കൗൺസിലിലെ രഹസ്യവിവരം സംബന്ധിച്ച വിദഗ്ദ്ധനുമായി മാസങ്ങൾ ചേർന്ന് പ്രവർത്തിച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് ബോൾട്ടന്റെ അഭിഭാഷകൻ വ്യക്തമാക്കി. ട്രംപിന്റെ വിദേശ നയങ്ങൾ, നിർണായക തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് കരുതുന്നത്.
ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡറായിരുന്ന ബോൾട്ടൺ 2018 ഏപ്രിൽ മുതൽ 2019 സെപ്റ്റംബർ വരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികളിൽനിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. കഴിഞ്ഞദിവസം ട്രംപിന്റെ സഹോദരപുത്രി ട്രംപിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യപിച്ചിരുന്നു.