ബീജിംഗ്: കൊവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈനയുടെ തലസ്ഥാനമായ ബീജിംഗ്. ഇന്നലെ രാവിലെയോടെ 1225 വിമാനങ്ങൾ റദ്ദാക്കി. ബീജിംഗിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാന സർവീസുകളുടെ 70 ശതമാനത്തോളം വരും ഇത്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗമാണിതെന്നാണ് വിലയിരുത്തൽ.
രോഗബാധ കുറഞ്ഞതിനെ തുടർന്ന് തുറന്ന് പ്രവർത്തിച്ച സ്കൂളുകളെല്ലാം അടച്ചു. ക്ലാസുകൾ ഓൺലൈൻ മുഖേനയാക്കി. പഴം-പച്ചക്കറി മൊത്തക്കച്ചവട മാർക്കറ്റുമായി ബന്ധപ്പെട്ടാണ് നഗരത്തിൽ കൊവിഡ് വീണ്ടും വ്യാപിച്ചതെന്നാണ് കരുതുന്നത്. മെയ് 30 മുതൽ രണ്ട് ലക്ഷത്തിലേറെ ആളുകൾ ഈ മാർക്കറ്റിൽ എത്തിയതായാണ് അധികൃതർ പറയുന്നത്. ഇവിടുത്തെ 8000ത്തോളം വരുന്ന ജോലിക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ക്വാറന്റൈനിലാക്കുകയും ചെയ്തു.
ഇന്നലെ 31 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. കൊവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടതായി കരുതുന്ന ആയിരക്കണക്കിനാളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഏകദേശം 30 സ്ഥലങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് 137 പേർക്കാണ് നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 82 ലക്ഷമായി. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. അമേരിക്കയിൽ രോഗികൾ 22 ലക്ഷമായി. മരണം -1.19 കഴിഞ്ഞ രണ്ട് ദിവസമായി 400ന് താഴെയായിരുന്നു അമേരിക്കയിലെ പ്രതിദിന മരണനിരക്ക്. ഇന്നലെ ഇത് 700ന് മുകളിലെത്തി. ബ്രസീലിൽ രോഗികൾ ഒൻപത് ലക്ഷത്തിലധികമായി. മരണം - 45,456. റഷ്യയിൽ ഇന്നലെ 7,843 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 194. ആകെ മരണം - 7,478. അതേസമയം, ലോകത്ത്, 43 ലക്ഷം പേർ കൊവിഡ് മുക്തരായി.