ഇന്ത്യ-ചെെന അതിർത്തിയിലെ സംഘർഷം യുദ്ധത്തിലേക്ക് കലാശിക്കുമോ എന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. സംഭവത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത് പ്രതിപക്ഷപാർട്ടികളടക്കം വിമർശനമുന്നയിച്ചിരുന്നു. വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നെൾസൺ ജോസഫ്.
"യുദ്ധസന്നദ്ധനാണെങ്കിലും യുദ്ധത്തിൽ പങ്കെടുക്കേണ്ടിവരുമെങ്കിലും ഒരു സൈനികൻ പോലും യുദ്ധം ആഗ്രഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല. സൈന്യത്തിന്റെ ലക്ഷ്യം തന്നെ രാജ്യത്ത് സമാധാനം സ്ഥാപിക്കലാണ്." -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
" 40 ചൈനീസ് വിക്കറ്റുകൾ വീണു. ജയ് ഹിന്ദ്. 5.6 ഇഞ്ചല്ല, 56 ഇഞ്ചാണ്. പുതിയ ഇന്ത്യ നെഹൃവിൻ്റെ ഇന്ത്യ അല്ല (എന്ന് കരുതുന്നുവെങ്കിൽ) റീ ട്വീറ്റ് (ഷെയർ) ചെയ്യുക. "
ഇന്നലെക്കണ്ട ഒരു ട്വീറ്റാണ്. എഴുതിയിരിക്കുന്നത് ചില്ലറക്കാരനുമല്ല. ലക്ഷങ്ങൾ ഫോളോവേഴ്സുണ്ട്. ഏതോ ആങ്കറാണെന്നും എഴുതിയിട്ടുണ്ട്. വിക്കറ്റെണ്ണാനും സ്കോർ ബോർഡ് നോക്കിക്കളിക്കാനും കയറിച്ചെല്ലെടാ, എറിഞ്ഞിടെടാ എന്ന് പറയാനും നടക്കുന്നത് ക്രിക്കറ്റ് മാച്ചൊന്നുമല്ല.
സേഫ് സോണുകളിലും ചാനൽ മുറികളിലും സോഷ്യൽ മീഡിയയിലുമൊക്കെ ഇരുന്നിട്ട് അദ്ഭുത ദ്വീപെന്ന മലയാള സിനിമയിലെ രാജഗുരുവിൻ്റെ ഡയലോഗ് പോലെ " യുദ്ധം വേണം " എന്ന് വിളിച്ചുകൂവാൻ എളുപ്പമാണ്. യുദ്ധസന്നദ്ധനാണെങ്കിലും യുദ്ധത്തിൽ പങ്കെടുക്കേണ്ടിവരുമെങ്കിലും ഒരു സൈനികൻ പോലും യുദ്ധം ആഗ്രഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല. സൈന്യത്തിൻ്റെ ലക്ഷ്യം തന്നെ രാജ്യത്ത് സമാധാനം സ്ഥാപിക്കലാണ്.
യുദ്ധമുണ്ടായാൽ ജീവൻ നഷ്ടപ്പെടുന്നത് സൈനികർക്കും അതിർത്തിയിലുളള നിരപരാധികളായ ജനങ്ങൾക്കും നഷ്ടം അവരുടെ കുടുംബത്തിനുമാണെന്നത് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പൊഴും മേപ്പട്ട് തന്നെയാണ്. സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആർക്കെങ്കിലും കൃത്യമായ ധാരണ ഉണ്ടോ എന്ന് അറിയില്ല. യുദ്ധം സാമ്പത്തിക ആഘാതം കൂടി ഉണ്ടാക്കുന്ന ഒന്നാണ്. പട്ടിണി യുദ്ധത്തിൻ്റെ ഒരു ബൈപ്രോഡക്റ്റാണ്. അല്ലാതെ ലാപ് ടോപ്പിലും മൊബൈൽ ഫോണിലും കളിക്കുന്ന പബ്ജി പോലെയുള്ള ഒരു ഐറ്റമല്ല.
പിന്നെ ആ വാചകത്തിൻ്റെ രണ്ടാമത്തെ ഭാഗത്തെക്കുറിച്ചുകൂടി സംസാരിക്കണമല്ലോ. നെഹൃവിൻ്റെ ഇന്ത്യ. രാജ് ദീപ് സർദേശായി ഇന്നലെ എഴുതിയ ഒരു വാചകമുണ്ട്. " രാജ്യത്തിനും സൈന്യത്തിനും ഒപ്പം നിൽക്കുന്നതും സർക്കാരിനും വ്യക്തികൾക്കുമൊപ്പം നിൽക്കുന്നതും ഒന്നല്ല എന്ന് നമ്മൾ തിരിച്ചറിയുന്ന ദിവസം നമ്മൾ കൂടുതൽ രാജ്യസ്നേഹമുള്ള പൗരന്മാരുടെ സ്ഥാനത്തെത്തും "
കൊവിഡിൻ്റെ സമയത്ത് അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും കേരളത്തിൽ ഒഴിവായത് കൃത്യമായ കമ്യൂണിക്കേഷനിലൂടെയായിരുന്നു. പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്. അത് ഇതുവരെ നടന്നിട്ടില്ല.
ചുരുക്കുകയാണ്.
യുദ്ധമല്ല വേണ്ടത്.
പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കണം.