elon-musk
ELON MUSK

വാഷിംഗ്ടൺ: സ്‌പേസ് എക്‌സ്,​ ടെസ്‌ല തുടങ്ങിയ വൻകിട സ്ഥാപനങ്ങളുടെ സ്ഥാപകനും അമേരിക്കൻ ശതകോടീശ്വരനുമായ ഇലോൺ മ‌സ്കും പങ്കാളിയായ കനേഡിയൻ ഗായിക ഗ്രിംസും തങ്ങളുടെ കുട്ടിയുടെ പേര് ഔദ്യോഗികമായി ജനനസർട്ടിഫിക്കറ്റിൽ ചേർത്തു. ഇതിലെന്തായിത്ര അതിശയം എന്നാണോ?​ കുട്ടിയുടെ പേര് തന്നെയാണ് ആ അതിശയം. ഇക്കഴിഞ്ഞ മേയ് 4ന് ജനിച്ച ആൺകുഞ്ഞിന് X Æ A-XII (ക്‌സാഷ് എ ട്വൽവ്) എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത്. X Æ A-12 എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന പേരെങ്കിലും ചെറിയമാറ്റം വരുത്തി X Æ A-XII എന്നാക്കുകയായിരുന്നു.

ലിറ്റിൽ എക്സ് എന്നാണ് ചെല്ലപ്പേരെന്ന് 32കാരിയായ ഗ്രിംസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലിംഗവിവേചനത്തെ ശക്തമായി എതിർക്കുന്ന മസ്ക്, കുട്ടിയെയും അങ്ങനെ വളർത്തുമെന്നും പ്രായപൂർത്തിയാവുമ്പോൾ ഏതുരീതിയിൽ ജീവിക്കണമെന്ന് കുട്ടി തീരുമാനിക്കട്ടെ എന്നും നേരത്തെ പറഞ്ഞിരുന്നു. ലിംഗസമത്വം ജീവിതത്തിലും പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞിന്റെ പേര്.

മസ്‌ക്-ഗ്രിംസ് ദമ്പതികളുടെ ആദ്യകുട്ടിയാണ് ക്‌സാഷ്. മസ്കിന് മറ്റ് അഞ്ച് മക്കളുണ്ട്. ഇരട്ടകളായ ഗ്രിഫിൻ, സേവ്യർ, ഡാമിയൻ, സാക്‌സൺ, കൈ എന്നിവർ മൂന്നു വിവാഹങ്ങളിലാണ് പിറന്നത്.