ship

ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സേനകൾ തമ്മിലുണ്ടായ തർക്കവും തുടർന്നുണ്ടായ കുഴപ്പങ്ങളും ലോക മാദ്ധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതാണ്. 20ഓളം സൈനികരെയാണ് രാജ്യത്തിന് ഈ സംഘർഷത്തിൽ നഷ്ടമായത്. ചൈനയ്ക്ക് നാൽപതിലേറെ സൈനികർ നഷ്ടമായതായും വിവരമുണ്ടായി. മേയ് 5ന് തുടങ്ങിയ സംഘർഷം 45 വർഷത്തിനിടെ ആദ്യമായി ഇന്നലെ ഇന്ത്യൻ സൈനികരുടെ ജീവനാശത്തിന് കാരണമായി.

എന്നാൽ ചൈനയുടെ സൈന്യത്തെ ഉപയോഗിച്ചുള‌ള പ്രകോപനം ഇന്ത്യയോട് മാത്രമല്ല എന്നതാണ് സത്യം. തായ്‌വാൻ, ജപ്പാൻ, ഹോങ്‌കോങ്, വിയറ്റ്നാം എന്നിങ്ങനെ തങ്ങളുടെ അയൽ രാജ്യങ്ങളോടും പ്രദേശങ്ങളോടും വിവിധ ഘട്ടങ്ങളിലായി ചൈന ശത്രുതയുളവാക്കുന്ന തരം പ്രവർത്തനങ്ങൾ കാഴ്‌ച വച്ചിട്ടുണ്ട്.

രാജ്യത്തിന്റെ തലസ്ഥാനമായ ബീജിങ്ങിൽ ആരംഭിച്ച രണ്ടാംഘട്ട കൊവിഡ് രോഗബാധയുടെ ഞെട്ടിക്കുന്ന വാർത്തകളിൽ നിന്ന് ലോകജന ശ്രദ്ധ അകറ്റാനാണ് ചൈനയുടെ ഇത്തരം ശ്രമങ്ങൾ എന്ന് കരുതുന്നവ‌ർ ഉണ്ട്. കഴിഞ്ഞ അൻപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ചൈനയിൽ കൊവിഡ് മൂലം സാമ്പത്തിക വളർച്ച പിന്നിലേക്ക് പോയി. രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് വർദ്ധിച്ചു. അതുപോലെ ചിര വൈരികളായ അമേരിക്കയിൽ നിന്നും അകന്നുനിൽക്കാനുള‌ള തന്ത്രവുമാകാം മറ്റ് രാജ്യങ്ങളോടുള്ള ഇത്തരം പ്രകോപനങ്ങൾ എന്ന് കരുതാനും ന്യായമുണ്ട്. ഇന്ത്യയോട് ആയുധമെടുക്കാതെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ ചൈനയുടെ നിരവധി സേനാംഗങ്ങൾക്ക് പരുക്കേൽക്കുകയും ജീവനാശം സംഭവിക്കുകയും ചെയ്‌തു. മറ്റൊരിടത്ത് അവരുടെ യുദ്ധവിമാനം തായ്‌വാനിന്റെ അതിർത്തിയ്ക്കുള്ളിലെത്തുകയും ശേഷം തായ്‌വാനിലെ വായുസേനാ വിമാനങ്ങൾ ചൈനീസ് വിമാനത്തെ തുരത്തിയതും ഇന്നലെയാണ്. ചൈനയുടെ പ്രകോപനത്തെ നേരിടാൻ തയ്യാറാണ് അയൽ രാജ്യമായ ജപ്പാനും. ഇവിടങ്ങളിൽ ചൈന യുദ്ധവിമാനങ്ങളുപയോഗിച്ച് ഇടക്കിടെ പ്രകടനം നടത്താറുണ്ട്.

വിയറ്റ്നാമിന്റെ മത്സ്യബന്ധന നൗകകളെ ദക്ഷിണ ചൈന കടലിൽ വച്ച് ഈയിടെ ചൈന ആക്രമിക്കുകയുണ്ടായെന്ന് വിയറ്റ്നാമീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. നിരവധി തവണ ചൈനയിൽ നിന്ന് ഇത്തരം പ്രകോപനം ഉണ്ടായെന്നും വിയറ്റ്നാം പറയുന്നു. നാവിക അഭ്യാസവും ചൈന ഇവിടെ കാഴ്ചവയ്‌ക്കുകയുണ്ടായി.

ദക്ഷിണ ചൈനാകടലിലെ ചൈനയുടെ വളരെയധികമായ കയ്യേറ്റം ഫിലിപ്പൈൻസിനെയും അമേരിക്കയെയും തമ്മിൽ ചങ്ങാത്തത്തിലാക്കുകയും ചൈനയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. ഇവിടെ നൂറ് മീറ്റർ മാത്രം ദൂരത്തിൽ അമേരിക്കയുടെയും ചൈനയുടെയും യുദ്ധക്കപ്പലുകൾ മുഖാമുഖം വരികയുണ്ടായി.

ഹോങ്‌കോങിൽ പുതിയ സുരക്ഷാ നിയമം പാസ്സാക്കാനുള്ള ചൈനയുടെ ശ്രമം അവിടെ വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിവച്ചത്. ഇത്തരത്തിൽ വിവിധയിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്‌ടിച്ച ചൈനയ്‌ക്ക് പ്രശ്‌നങ്ങളുണ്ടായാൽ നാലുപാടുനിന്നും പണികിട്ടാനുള‌ള സാധ്യത തള‌ളിക്കളയാനാകില്ല.