marcus-rashford

ലണ്ടൻ : മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഇംഗ്ളീഷ് ഫുട്ബാൾ താരം മാർക്കസ് റാഷ്ഫോർഡ് കളത്തിനുള്ളിൽ മാത്രമല്ല, കളത്തിനും പുറത്തും സൂപ്പറാണെന്ന് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. ഇൗ ഇരുപത്തിരണ്ടുകാരന്റെ ഇടപെടലിലൂടെ ഇംഗ്ലണ്ടിലെ 1.3 മില്ല്യൺ കുട്ടികൾക്കാണ് ഭക്ഷണം ലഭിച്ചത്.

വേനൽ അവധിക്കാലത്ത് സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷണം നൽകേണ്ടെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനിച്ചിരുന്നു. എന്നാൽ കുട്ടികൾക്കുള്ള ഭക്ഷണം നിർത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ റാഷ്ഫോർഡ് ഇതിനായി രാജ്യം മുഴുവൻ പ്രതികരിക്കണമെന്നും ട്വീറ്റ് ചെയ്തു. ഓരോ കുട്ടികളുടേയും കുടുംബവും അവരുടെ പാർലമെന്റ് അംഗത്തെ മെൻഷൻ ചെയ്ത് ഈ കാര്യം ആവർത്തിക്കണമെന്നും എന്നും താരം വ്യക്തമാക്കി. ഈ സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ ഇംഗ്ലണ്ട് മുഴുവൻ ഏറ്റെടുത്തതോടെ സർക്കാരിനും തീരുമാനം മാറ്റേണ്ടിവന്നു. എല്ലാ കുട്ടികൾക്കും വേനലവധിക്കാലത്തും ഭക്ഷണം ഉറപ്പാക്കുമെന്ന് ഉറപ്പുനൽകി.

നേരത്തെ ലോക്ക്ഡൗണിന്റെ സമയത്ത് കുട്ടികൾക്കുവേണ്ടി ധനശേഖരണം നടത്തിയും മാർക്കസ് റാഷ്ഫോർഡ് മാതൃകയായിരുന്നു.

മാർക്കസ് ഒരു മികച്ച ഫുട്ബാൾ കളിക്കാരൻ മാത്രമല്ല, തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണ്. മാർക്കസിന്റെ പരിശീലകൻ എന്നത് ബഹുമതിയായി കരുതുന്നു. ഭാവിയിൽ ഇംഗ്ളണ്ട് ദേശീയ ടീമിനെ നയിക്കാൻ പ്രാപ്തനാണ് മാർക്കസ്

ഒലേ ഗുണാർ സോൾഷ്യർ

മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച്