ഇനിയ കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരം അഗസ്ത്യം കളരി പഠന കേന്ദ്രത്തിൽ കളരി അഭ്യസിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ ഇടയ്ക്കൊക്കെ പരിശീലനം മുടങ്ങുമെങ്കിലും കഴിവതും പരിശീലനം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ലോക്ക് ഡൗൺ ആയതോടെ പരിശീലനത്തിൽ ചെറിയൊരു ഇടവേള വന്നു. എന്നാൽ പരിശീലകനായ ഗുരുക്കൾ ഡോ.എസ് മഹേഷ് ഇതിനൊരു പരിഹാരം എന്ന നിലയിൽ ഓൺലൈൻ പരിശീലനം ആരംഭിച്ചു.
പരമഗുരുവായ അഗസ്ത്യ മുനിയുടെ മാർഗ്ഗത്തിലൂടെ തെക്കൻ കളരി സമ്പ്രദായമാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. സൂം ആപ്പിലൂടെയാണ് ലോക്ക് ഡൗൺ കാലത്ത് കളരി അഭ്യസിപ്പിച്ചിരുന്നത്. ഇന്ത്യയുടെ നാനാ ഭാഗത്ത് നിന്നും ഏകദേശം നൂറോളം പേർ ഇത്തരത്തിൽ ഓൺലൈനായി കളരി അഭ്യസിക്കുന്നുണ്ടെന്ന് ഡോ മഹേഷ് പറഞ്ഞു. ഒരു ട്രെയ്നറും ഡെമോൺസ്ട്രേറ്ററും കൃത്യമായ ഓൺലെെൽ ക്ളാസ്സുകളിലൂടെ കളരിയുടെ ഓരോ ചുവടുകളും അഭ്യസിപ്പിക്കുന്നു.
നല്ലുടൽ എന്ന ഓൺലെെൻ പ്രോഗ്രാമിലൂടെ പ്രായഭേദമെന്യെ ഏവർക്കും കളരി അഭ്യസിക്കാനുള്ള പാഠങ്ങൾ നൽകുന്നു. ലെെഫ്സ്റ്റൈൽ രോഗങ്ങളെ പ്രതിരോധിക്കാനും, മാനസിക പിരിമുറുക്കം കുറയ്ക്കാനും കളരി ഗുണകരമാണ്. പ്രാചീന കാലത്ത് നമ്മുടെ ജീവചര്യയുടെ ഭാഗമായിരുന്നു കളരി.
ലോക്ക്ഡൗണിന് ശേഷം വീണ്ടും അഗസ്ത്യം കളരി പഠന കേന്ദ്രത്തിലെത്തി പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഇനിയ. കളരി പരിശീലിക്കാൻ തുടങ്ങിയ ശേഷം നിരവധി ഗുണങ്ങൾ ജീവിതത്തിൽ വന്നതായി അവർ പറയുന്നു. ജീവിതത്തിലും, കോൺസൻട്രേഷനിലും, ഡയറ്റിലും ഗുണകരമായ നിരവധി മാറ്രങ്ങൾ വന്നു. യോഗയും എക്സർസൈസും അഭ്യസിപ്പിച്ച ശേഷമാണ് ചുവടുകളും അടവുകളും തുടർന്ന് ആയുധ പ്രയോഗവും പരിശീലിപ്പിക്കുന്നത്.
ഒരു ആയോധന കലാരൂപം എന്നതിലുപരി ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള മാർഗമായാണ് കളരിയെ കാണുന്നതെന്നും ഇനിയ പറഞ്ഞു. കൂടാതെ ശാരീരികമായും നിരവധി ഗുണങ്ങളുണ്ടെന്നും രോഗപ്രതിരോധശേഷി വർദ്ധിച്ചുവെന്നും അവർ വ്യക്തമാക്കി. കളരി അഭ്യസിക്കുന്നതിലൂടെ നല്ലൊരു പൊസിറ്റിവിറ്റി ഫീലുണ്ടെന്നും അതിനാൽ കളരി അഭ്യാസം പരമാവധി മുടക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.