മോസ്കോ: കൊറോണ വൈറസിൽനിന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിനെ രക്ഷപ്പെടുത്താൻ അണുനശീകരണ തുരങ്കം (ഡിസ്ഇൻഫെക്‌ഷൻ ടണൽ) നിർമിച്ച് റഷ്യ. മോസ്കോയ്ക്ക് പുറത്തുള്ള വീട്ടിൽ ആരെങ്കിലും പുടിനെ സന്ദർശിക്കാനെത്തിയാൽ ഈ തുരങ്കത്തിലൂടെ കടന്നുപോകണമെന്ന് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ആർ.ഐ.എ റിപ്പോർട്ട് ചെയ്തു.
പെൻസ ആസ്ഥാനമായ റഷ്യൻ കമ്പനിയാണ് ഈ പ്രത്യേക തുരങ്കം നിർമിച്ചത്. പുടിന്റെ ഔദ്യോഗിക വസതിയായ നോവോ–ഒഗർയോവോയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഈ തുരങ്കത്തിലൂടെ കടക്കുമ്പോൾ സീലിംഗിൽനിന്നും വശങ്ങളിൽനിന്നും അണുനാശിനി ദേഹത്തേക്ക് അടിക്കും. ദ്രവരൂപത്തിലുള്ള അണുനാശിനിയാണിതെന്ന് വാർത്തയിൽ പറയുന്നു. ഏപ്രിലിൽ പുടിനെ സന്ദർശിക്കാനെത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധന നടത്തിയിരുന്നു.
റഷ്യയിൽ ഇതുവരെ 5 ലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ബ്രസീലിനും അമേരിക്കയ്ക്കും ശേഷം ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് റഷ്യ. ഇതുവരെ 7,284 പേർ മരിച്ചു.