india-china-
india china economy

ന്യൂഡൽഹി: ഇരുമ്പ് ദണ്ഡും പാറക്കഷണങ്ങളും ആണി തറച്ച മുളവടികളും ഉപയോഗിച്ച് പ്രാകൃതവും ക്രൂരവുമായ ആക്രമണമാണ് തിങ്കളാഴ്ച രാത്രി ലഡാക്കിലെ കൊടും ശൈത്യത്തിൽ ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ സൈനികർക്ക് നേരെ നടത്തിയത്. അറുപത് വർഷങ്ങൾക്കുള്ളിൽ ഇരു പക്ഷവും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു ഇത്.

ഇരുപക്ഷത്തുമായി അറുനൂറോളം സൈനികർ പല ഘട്ടങ്ങളിലായി ആറ് മണിക്കൂറോളം ഏറ്റുമുട്ടി എന്നാണ് റിപ്പോർട്ട്. മൊത്തം നൂറോളം സൈനികരെങ്കിലും മരിച്ചിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റു എന്നും വ്യക്തമല്ല.

നിരപ്പില്ലാത്ത ചെങ്കുത്തായ പർവത പ്രദേശങ്ങളിൽ കുറ്റാക്കുറ്റിരുട്ടിൽ പൂജ്യം ഡിഗ്രിയിൽ താഴെ തണുപ്പിലായിരുന്നു 'യുദ്ധം'. തോക്കുപയോഗിച്ചില്ല എന്നതാണ് ആശ്വാസം.

ഗാൽവൻ താഴ്‌വരയിലെ സംഘർഷം ലഘൂകരിക്കാനുള്ള മുൻ ധാരണയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പകലും അവിടെ ഇരുപക്ഷവും ചർച്ച നടത്തിയതാണ്. വൈകിട്ട് പിരിഞ്ഞവർ മണിക്കൂറുകൾക്കുള്ളിൽ ഏറ്റുമുട്ടുകയായിരുന്നു.

ദുർഘടമായ ഇരുട്ടിൽ നടന്ന ഏറ്റുമുട്ടലിനിടെ അടികൊണ്ട് നിലതെറ്റി കൊക്കകളിലും കുത്തിയൊഴുകുന്ന ഗാൽവൻ നദിയിലും വീണാണ് പലരും മരണമടഞ്ഞത്. പലരേയും തള്ളി കൊക്കയിൽ ഇടുകയും ചെയ്‌തു. നദിയിൽ വീണവർ ഐസിന്റെ തണുപ്പുള്ള വെള്ളത്തിൽ മരവിച്ച് മരണമടഞ്ഞു. ഇന്ത്യയുടെ 20 സൈനികരും ചൈനയുടെ 40ലേറെ സൈനികരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

ജൂൺ 6ലെ ധാരണപ്രകാരം ചൈനീസ് സേന പിന്മാറിയെന്ന് കരുതിയ ഇന്ത്യൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.

ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് 14 (പി.പി.14) ൽ നിന്നാണ് ചൈനീസ് സൈന്യം പിന്മാറാതിരുന്നത്.കുത്തനെയുള്ള ഈ പർവതപ്രദേശത്ത് രാത്രി പട്രോളിംഗിനെത്തിയ ഇന്ത്യൻ സംഘം അപ്രതീക്ഷിതമായി ചൈനീസ് സൈനിക സംഘത്തെ കാണുകയായിരുന്നു. ധാരണ തെറ്റിച്ച് ഇവിടെ നിന്ന് മാറാതിരുന്നത് ഇന്ത്യൻ സംഘം ചോദ്യം ചെയ്‌തു.

തുടർന്നുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിച്ചു. ഇന്ത്യൻ സംഘത്തെ നയിച്ച കമാൻഡിംഗ് ഓഫീസർ കേണൽ സന്തോഷ് ബാബുവിനെ ചൈനീസ് സൈനികർ വളഞ്ഞ് ക്രൂരമായി മർദ്ദിച്ചു.കല്ലും ഇരുമ്പു ദണ്ഡും ആണി തറച്ച മുളവടിയും ഉപയോഗിച്ച് കമാൻഡറെ ആക്രമിക്കുന്നത് കണ്ട ഇന്ത്യൻ സൈനികർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചു. എണ്ണത്തിൽ കുറവായിരുന്നിട്ടും ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സംഘത്തെ നൂറിലേറെ ചൈനീസ് പട്ടാളക്കാർ വളഞ്ഞുവച്ച് മർദ്ദിച്ചു.ശേഷം സന്തോഷ് ബാബുവിനെയും സഹപ്രവർത്തകരെയും കൊക്കയിലേക്കും ഗാൽവൻ നദിയിലേക്കും പിടിച്ചു തള്ളിയെന്നും ആ വീഴ്ചയിലാണ് അവർ മരണമടഞ്ഞതെന്നുമാണ് റിപ്പോർട്ട്. സമീപ പ്രദേശത്ത് നിന്ന ഇന്ത്യൻ സൈനികർ വിവരമറിഞ്ഞ് പാഞ്ഞെത്തി. അപ്പോൾ ഇന്ത്യൻ സംഘത്തിൽ മുപ്പതോളം പേരേ ഉണ്ടായിരുന്നുള്ളൂ.യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കപ്പുറത്തു നിന്ന് കൂടുതൽ ചൈനീസ് പട്ടാളക്കാർ ഇരച്ചെത്തിയതോടെ ഏറ്റുമുട്ടൽ രൂക്ഷമായി. അതിനിടെ രണ്ട് മൈൽ അകലെയുള്ള ഇന്ത്യൻ ക്യാമ്പിലും വിവരം അറിയിച്ചു. അവിടെനിന്ന് കൂടുതൽ ഇന്ത്യൻ ഭടന്മാർ എത്തി. കൂട്ടത്തല്ല് നീണ്ടു. മലനിരകൾക്കിടയിൽ ഗാൽവൻ നദിയുടെ മുകൾ ഭാഗത്ത് ഇടുങ്ങിയ സ്ഥലത്തായിരുന്നു സംഭവം. കൈയാങ്കളിക്കിടെ പലരും മറിഞ്ഞ് മലയിടുക്കിലേക്കും നദിയിലേക്കും വീണു. കൊക്കയിൽ തള്ളിയിട്ട ഇന്ത്യൻ ഭടന്മാരുടെ മുകളിലേക്ക് ചൈനീസ് ഭടന്മാർ വലിയ പാറകൾ ഉരുട്ടി ഇട്ടും ക്രൂരത കാട്ടിയതായി റിപ്പോർട്ടുണ്ട്. പൂജ്യം ഡിഗ്രിയിൽ താഴെ തണുപ്പുള്ള വെള്ളത്തിലേക്ക് മുറിവുകളുമായി വീണതാണ് സൈനികരുടെ മരണത്തിനിടയാക്കിയത്. പരിക്കേറ്റ ഏതാനും ഇന്ത്യൻ ഭടന്മാരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ചൈനീസ് സേനാംഗങ്ങളും വെള്ളത്തിലും മലയിടുക്കിലും വീണാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ഇന്ത്യൻ സൈനികരെ ചൈനീസ് സംഘം തടഞ്ഞു വച്ചെങ്കിലും സംഘർഷം അവസാനിച്ച ശേഷം ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് വിട്ടയച്ചു.