bjp
bjp

ഹരിയാന: ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ച കേസിൽ ഹരിയാന ബി.ജെ.പി നേതാവും ടിക്ടോക്ക് താരവുമായ സോനാലി ഫോഗട്ടിനെ അറസ്റ്റ് ചെയ്തു. ഹരിയാന ഹിസാർ ജില്ലാ അഗ്രികൾച്ചർ മാർക്കറ്റിംഗ് കമ്മിറ്റി സെക്രട്ടറിയായ ഉദ്യോഗസ്ഥനെയാണ് സോനാലി മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയതിനാലാണ് സുൽത്താൻ സിംഗിനെ മർദ്ദിച്ചത് എന്നായിരുന്നു സോനാലിയുടെ വിശദീകരണം.

എന്നാൽ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുന്നതും തുടർന്ന് സോനാലി ആദ്യം കൈകൊണ്ടും പിന്നീട് ചെരിപ്പൂരിയും സുൽത്താൻ സിംഗിന്റെ മുഖത്തടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

തുടർന്ന് സുൽത്താൻ സിംഗ് പൊലീസിൽ പരാതി നൽകി. താൻ അശ്ലീലം പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ എതിർത്തുവെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് സോനാലി ഫോഗട്ട് തന്നെ മർദിച്ചതെന്നും സിംഗിന്റെ പരാതിയിൽ പറയുന്നു. തുടർന്നാണ് സോനാലി ഫോഗട്ടിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന സോനാലിയുടെ പരാതിയിൽ സുൽത്താൻ സിംഗിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹിസാറിലെ ആദംപുരിൽ നിന്ന് 2009ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ബി.ജെ.പി നേതാവാണ് സോനാലി ഫോഗട്ട്. ടിക്ടോക് താരം കൂടിയായ സോനാലി നേരത്തേ സഹോദരിക്കും ഭർത്താവിനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.